Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിമനോഹരം! 300 വർഷം പഴക്കമുള്ള മന പുനർജനിച്ചപ്പോൾ...

മുന്നൂറു വർഷം പഴക്കമുള്ള മനയായിരുന്നു ഈ വീടിന്റെ സ്ഥാനത്തുണ്ടായിരുന്നത്. പൂർണമായും വാസ്തുശാസ്ത്രമനുസരിച്ചു നിര്‍മിച്ച മന പൊളിക്കുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു വീട്ടുകാരൻ നിഷാൻ റോയിക്കും കുടുംബത്തിനും. പക്ഷേ, കാലം കെട്ടിടത്തെ ഉപയോഗിക്കാനാകാത്ത വിധത്തിലാക്കിയിരുന്നു. പഴയ വീടിന്റെ ഗുണങ്ങളെല്ലാം ഉൾച്ചേർന്ന പുതിയൊരു വീടുവയ്ക്കാമെന്ന് ഡിസൈനർ ജയൻ ബിലാത്തിക്കുളം ഉറപ്പുകൊടുത്തു. പഴയ വീട് പൊളിക്കുന്നതിനു മുമ്പ് അതിന്റെ മുറികളുടെ സ്ഥാനവും അളവുകളും ജയൻ കുറിച്ചെടുത്തു. തറയുൾപ്പെടെ മുഴുവൻ പൊളിച്ച് ഉപയോഗിക്കാനാവുന്ന എല്ലാം പുനരുപയോഗിക്കാൻ മാറ്റിവച്ചു.

ഈ വീടിന്റെ പ്ലാൻ ഒരൽപം വ്യത്യസ്തമാണ്. പഴയ വീടിന്റെ വാസ്തുശാസ്ത്രപരമായ അളവുകളും മുറികളുടെ സ്ഥാനവും ചിലയിടങ്ങളിൽ പകർത്തിയിട്ടുണ്ട് എന്നതാണു കാരണം. ഊണുമുറിയുടെയും അടുക്കളയുടെയുമെല്ലാം സ്ഥാനവും അളവുകളും പഴയ വീട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ചെയ്തതാണ്. അതുകൊണ്ടുതന്നെ 64 സെന്റ് ഉണ്ടെങ്കിലും, പ്ലോട്ടിന്റെ ഒരു കോണിലാണ് വീട്.

ഓർമകളുടെ മുഖമണ്ഡപം

renovated-mana-sitout

മൂന്നുവശവും വരാന്തകളാൽ ചുറ്റപ്പെട്ട മണ്ഡപമാണ് വീടിന്റെ മുഖം. തടിയുടെ ടെക്സ്ചർ നൽകിയ തൂണുകൾ വരാന്തയ്ക്ക് പഴമയുടെ സ്പർശം നൽകുന്നു. പഴയ മനയുടെ മുഖമണ്ഡപത്തിന് യാതൊരു കേടുമുണ്ടായിരുന്നില്ല. ഈ മുഖമണ്ഡപം സൂക്ഷ്മമായി അഴിച്ചെടുത്ത് പഴയപടി കൂട്ടിച്ചേർത്താണ് പൂമുഖത്തിന്റെ നിർമാണം. പഴയ ഉരുണ്ട തൂണുകൾ പുനരുപയോഗിക്കാൻ പറ്റാത്ത വിധം ദ്രവിച്ചു തുടങ്ങിയിരുന്നു. ആ സ്ഥാനത്ത് പുതിയ ചതുരൻ തൂണുകൾ നിർമിച്ചു.

പ്രധാനവാതിൽ കടന്ന് ഫോയറിലേക്കു കയറാം. ഫോയറിന്റെ ഇടതുവശത്താണ് സ്വീകരണമുറി. ഇരിപ്പിടങ്ങളെല്ലാം തടികൊണ്ടു നിര്‍മിച്ചവതന്നെ. ഈ മുറിയോടു ചേര്‍ന്ന് പൊതുവായി ഉപയോഗിക്കാവുന്ന ബാത്റൂം ഉണ്ട്.

renovated-mana-living

ഉപയോഗമനുസരിച്ച് മുറികളെ രണ്ട് ബ്ലോക്കുകളായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഫോയറിനോടു ചേർന്നുതന്നെയാണ് ഗോവണി. ഗോവണിയുടെ പിറകില്‍ ഒരു വാട്ടർ കോർട്‌യാർഡ് ഉണ്ട്. അകത്തളത്തിന് കുളിർമയേകുന്ന ഈ കോർട്‌യാർഡിലെ ഫെറോസിമന്റ് വർക്കുകൾ അകത്തളത്തിന്റെ ഭംഗി കൂട്ടാൻ സഹായിച്ചിട്ടുണ്ട്. കോർട്‌യാർഡിന്റെ സ്ഥാനം ലിവിങ് റൂമിനോടും കിടപ്പുമുറിയോടും ചേർന്നിരിക്കുന്ന ബാത്റൂമുകളുടെ മധ്യത്തിലായി വരും.

renovated-mana-dining

ഫോയറിൽനിന്നു തുടങ്ങുന്ന ഇടനാഴി അടുക്കളയിലേക്കും അനുബന്ധ മുറികളിലേക്കും നയിക്കുന്നു. ഇടനാഴിയില്‍ നിന്നു തന്നെയാണ് കിടപ്പുമുറിയിലേക്കും പ്രവേശനം.

ഇടനാഴി അവസാനിക്കുന്നത് ഊണുമുറിയും ഫാമിലി ലിവിങ്ങും ചേർന്ന മുറിയിലാണ്. പാൻട്രി, അടുക്കള, വർക്ഏരിയ എന്നിവയടങ്ങുന്ന മുറികൾ അതിനപ്പുറം.

തട്ടിന്റെ തണുപ്പിൽ

രണ്ട് കിടപ്പുമുറികളും ഹോംതിയറ്ററുമടങ്ങുന്നതാണ് മുകളിലെ നില. ഹോം തിയറ്റർ ഒരു മൾട്ടിപർപ്പസ് റൂം ആണെന്നു പറയാം. നിറമുള്ള ജനാലച്ചില്ലുകളും കിളിവാതിലുമെല്ലാമുള്ള ഈ ഏരിയ, ഫാമിലി സിറ്റിങ് ഏരിയയായി സാധാരണ സമയങ്ങളിൽ ഉപയോഗിക്കാം. സിനിമ കാണേണ്ട സമയത്തു മാത്രം ജനാലകൾ ഇരുണ്ട കർട്ടനിട്ടു മറയ്ക്കാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. വീടിന്റെ എക്സ്റ്റീരിയറിനെ സുന്ദരമാക്കുന്നതിൽ ഇവിടത്തെ തടികൊണ്ടുള്ള ജനാലകളും കിളിവാതിലുമെല്ലാം വളരെയധികം പങ്കുവഹിക്കുന്നുണ്ട്.

renovated-mana-home-theatre

ഇരൂൾ ആണ് പ്രധാനമായി ഉപയോഗിച്ച തടി. മുകളിലെ നിലയിൽ സ്ഥാപിച്ച വെന്റിലേഷനുകൾ പഴയ വീട്ടിൽ നിന്നു ലഭിച്ചതാണ്.

തടികൊണ്ടുണ്ടാക്കിയതാണെന്നു തോന്നുന്ന പല ഭാഗങ്ങളും ഫെറോസിമന്റാണ് എന്നത് പലർക്കും അദ്ഭുതമായിതോന്നാം. ഫെറോസിമന്റിൽ തടിയുടെ ഫിനിഷ് നൽകിയാണ് സ്വീകരണമുറിയിലെ നെരിപ്പോടും കോർണിസുകളുമെല്ലാം തയാറാക്കിയിരിക്കുന്നത്. ഗോവണിക്കും ജനാലകൾക്കും വാതിലുകൾക്കുമെല്ലാം യഥാർഥ തടിതന്നെ ഉപയോഗിച്ചു.

renovated-mana-bed

വിദഗ്ധനായ മൂത്താശാരിയുടെ നേതൃത്വത്തിൽ, തടി കൊണ്ടുള്ള പട്ടികയും കഴുക്കോലുമെല്ലാം കൂട്ടി ഓടിട്ടു നിർമിച്ച വീടാണിത്. മുകളിലെ മുറികളിൽ സീലിങ് തട്ടിട്ടു നിർമിക്കുകയും ചെയ്തു.

ഫ്ലോറിങ്ങാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ഒന്നര അടി നീളവും വീതിയുമുള്ള സെറാമിക് ടൈലുകളുടെ സമ്മിശ്രണമാണ് ഓരോ മുറിയിലും കാണുന്നത്. ഒരേ പാറ്റേൺ തന്നെ പിൻതുടരാതെ മുറിയുടെ സ്വഭാവത്തിനൊത്ത ടൈൽ തിരഞ്ഞെടുക്കുകയായിരുന്നു. ചെറിയ ചിലയിടങ്ങളിൽ മറ്റു നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും വെള്ളയും തടിയുടെ ഇരുണ്ട നിറവും തന്നെയാണ് വീടിന്റെ പൊതുവായ നിറങ്ങൾ. പുഴയുടെ തീരത്താണ് ഈ വീട്. പാട്ടുംപാടി ഓടിപ്പോകുന്ന വെള്ളം കാണാൻ പരമ്പരാഗതശൈലിയിലുള്ള വീടിന്റെ വരാന്തയേക്കാൾ യോജിച്ചൊരു ഇടമുണ്ടോ!

വാസ്തുശാസ്ത്രമനുസരിച്ച്

പൂർണമായും വാസ്തുശാസ്ത്രം അനുസരിച്ചു നിർമിച്ച മനയുടെ പുനർ നിർമിതിയാണിത്. അതുകൊണ്ടുതന്നെ വാസ്തുവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

അടുക്കളയും ഊണുമുറിയുമെല്ലാം പഴയ വീടിന്റെ അളവിലും സ്ഥാനത്തുമാണ്. മറ്റു മുറികൾ വളരെ ചെറുതായിരുന്നതിനാൽ അവയുടെ കണക്കുകൾ മാത്രമേ മാറ്റിയിട്ടുള്ളൂ. അതും വാസ്തുവനുസൃതമായാണ്.

renovated-mana-kitchen

പഴയ വീടിന്റെ ഭാഗമായിരുന്ന തടി പുനരുപയോഗിച്ചിട്ടുണ്ട്. പഴയ വീടിന്റെ ഉയരത്തേക്കാൾ കുറച്ചുവേണം ഈ വീടിന്റെ ഉയരം എന്നും പഴമക്കാർ പറഞ്ഞിരുന്നു. അതും അനുസരിച്ചാണ് ഡിസൈൻ ചെയ്തത്.

Project Facts

Area: 3759 Sqft

Designer: ജയൻ ബിലാത്തിക്കുളം

ജെയ്ബീസ് ഇന്റീരിയേഴ്സ്

കോഴിക്കോട്

jayanbilathikulam@gmail.com

Location: കാരന്തൂർ, കോഴിക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.