Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമമാണ് ഈ വീട്

dominant-roofing-home സ്ഥലവും വിഭവങ്ങളും പാഴാക്കരുത് എന്ന് വിളിച്ചുപറയുകയാണ് കൊല്ലത്തിനടുത്ത് മയ്യനാട്ടുള്ള ‘പ്രണവം’.

ചെലവ് കഴിവതും കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ നിർമാണസാമഗ്രികൾ പിശുക്കി ഉപയോഗിക്കുന്നതിൽ പുതുമയൊന്നുമില്ല. അത് നമ്മൾ ധാരാളമായി കാണാറുള്ളതാണ്. എന്നാൽ, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന തിരിച്ചറിവിന്റെ ഫലമായി നിർമാണവസ്തുക്കളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കുന്നതിൽ പുതുമയുണ്ട്. മാത്രമല്ല, കാലഘട്ടം ആവശ്യപ്പെടുന്ന വിവേകപൂർവമായ പ്രതികരണവും ഇതിൽ തെളിഞ്ഞു കാണാം. 

ഇത്തരത്തിലുള്ള ഇടപെടലാണ് കൊല്ലത്തിനടുത്ത് മയ്യനാട്ടുള്ള 2700 ചതുരശ്രയടി വലുപ്പമുള്ള വീടിന്റെ കാര്യത്തിലുണ്ടായത്. പണം മുടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ല വലുപ്പം 2700 ചതുരശ്രയടിയിൽ ഒതുക്കിയത്. വീട്ടുകാരുടെ ആവശ്യങ്ങൾക്ക് ഇത്രയും സ്ഥലം മതി എന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നില്‍. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. അതും ബോധപൂര്‍വമെടുത്ത തീരുമാനം തന്നെ. സിമന്റ് കൂടാതെ മണൽ, മെറ്റൽ, വെള്ളം എന്നീ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.

സൗകര്യങ്ങളിലോ ഭംഗിയിലോ ഒന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇവിടെ ‘മിനിമലിസം’ പ്രാവർത്തികമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എത്രയും കൂടുതൽ കോൺക്രീറ്റ് ഉപയോഗിക്കുന്നുവോ വീടിന്റെ ഉറപ്പും ഈടും അത്രയും കൂടും എന്ന മിഥ്യാധാരണയാണ് ഭൂരിഭാഗം ആളുകൾക്കുമുള്ളത്.

ചെലവ് കുറഞ്ഞ വീടിനെപ്പറ്റി ചിന്തിക്കുമ്പോഴും കോൺക്രീറ്റിനെ ഉപേക്ഷിക്കാൻ മടി കാണിക്കുന്നതും അതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ആളുകളുടെ മനസ്സിൽ ഉറച്ചുപോയ മുൻധാരണകൾ തിരുത്താനുള്ള ശ്രമമാണ് ഈ വീട് എന്നു പറയുന്നതിലാണ് ഏറെ സന്തോഷം.

കോൺക്രീറ്റിന്റെ ഉപയോഗം കുറയ്ക്കേണ്ടതിനെപ്പറ്റി ബോധ്യമുള്ള ഒരു വിഭാഗം രൂപപ്പെട്ടു വരുന്നുഎന്നതാണ് ഇത്തരം ശ്രമങ്ങൾക്കു പ്രചോദനം. പ്രകൃതിയെ പരിഗണിക്കുന്ന, വരും തലമുറയെകൂടി കരുതുന്ന ഇത്തരം ചിന്താഗതികൾക്ക് നിർമാണമേഖലയെ പുനര്‍നിർണയിക്കാനാകും.

സ്ഥലവും വിഭവങ്ങളും പാഴാക്കരുത് എന്ന് വിളിച്ചുപറയുകയാണ് കൊല്ലത്തിനടുത്ത് മയ്യനാട്ടുള്ള ‘പ്രണവം’. നിർമാണസാമഗ്രികളുടെ, പ്രത്യേകിച്ച് കോൺക്രീറ്റിന്റെ ഉപയോഗത്തിൽ പരമാവധി മിതത്വം പാലിച്ചാണ് 2700 ചതുരശ്രയടി വലുപ്പമുള്ള ഒറ്റനില വീടൊരുക്കിയത്. നാല് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള വീടിന് ചെലവായത് 55 ലക്ഷം രൂപയിൽ താഴെ മാത്രം എന്നതും ശ്രദ്ധേയം.

മേൽക്കൂരയാണ് താരം

dominant-roofing-home-kollam

‘ഡോമിനന്റ് റൂഫ് ഹോം’ എന്നതാണ് ആർക്കിടെക്ട് എ.എസ്. ദിലി വീടിനിട്ട പേര്. കാഴ്ചയിലും പ്രകൃതത്തിലും വീടിനു തനിമ നൽകുന്ന മേൽക്കൂരയോടുള്ള ഇഷ്ടമാണ് ഇതിനു കാരണം.

പരമ്പരാഗത ശൈലിയിലുള്ള വീടുകളുടേതിന് സമാനമാണ് ഇവിടത്തെ ‘ഡോമിനന്റ് റൂഫ്’. ഒന്നാം നിലയ്ക്കു മുകളിൽ സ്റ്റീൽ ട്രസ്സ് നൽകി അതിൽ സിമന്റ് ബോർഡ് പിടിപ്പിച്ചശേഷം അതിനുമുകളില്‍ ഷിംഗിൾസ് വിരിച്ചാണ് മേൽക്കൂര തയാറാക്കിയത്. ട്രോപ്പിക്കൽ കാലാവസ്ഥയിലെ മഴയെയും ചൂടിനെയും ഒരുപോലെ പ്രതിരോധിക്കാനാകും എന്നതാണ് ഈ രീതിയിലുള്ള മേൽക്കൂരയുടെ മെച്ചം. മുപ്പത് വർഷം വാറന്റിയുള്ള ഷിംഗിൾസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഈടിന്റെ കാര്യത്തിൽ വീട്ടുകാർക്ക് ഒട്ടും ഉത്കണ്ഠയില്ല.

2000 ചതുരശ്രയടി എക്സ്ട്രാ

dominant-roofing-home-attik

കോൺക്രീറ്റ് ടെറസിനും മുകളിലെ ‘ലൈറ്റ്‌വെയ്റ്റ് റൂഫിനും’ ഇടയിലായി 2000 ചതുരശ്രയടി സ്ഥലം അധികമായി ലഭിച്ചു എന്നതാണ് ഡോമിനന്റ് റൂഫ് ഡിസൈൻ കൊണ്ടുള്ള പ്രധാന നേട്ടം. പഴയ വീടുകളിലെ തട്ടിൻപുറം പോലെ ബഹുവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ‘മൾട്ടി ഫങ്ഷ്നൽ സ്പേസ്’ ആയാണ് വീട്ടുകാർ ഇവിടം ഉപയോഗിക്കുന്നത്. വാട്ടർ ടാങ്ക്, തുണി ഉണങ്ങാനും തേക്കാനുമുള്ള സൗകര്യം, കുട്ടികൾക്ക് ടേബിൾ ടെന്നീസ് കളിക്കാനുള്ള സ്ഥലം തുടങ്ങിയവയൊക്കെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. എന്തെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ ഇവിടം പാർട്ടിഏരിയ ആയും പ്രയോജനപ്പെടുത്താം. കൂടുതൽ അതിഥികൾ എത്തിയാൽ കിടക്കാനുള്ള സൗകര്യവുമൊരുക്കാം.

അതിനൊക്കെ പാകത്തിന് കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയിൽ വെന്റിലേഷൻ സൗകര്യങ്ങളോടെയാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. സിമന്റ് ബോർഡ്, ഷിംഗിൾസ് എന്നിവ കോൺക്രീറ്റിനെപ്പോലെ ചൂടാകാത്തതിനാൽ ഇവിടെ ചൂടും കുറവായിരിക്കും.

ഫോയറിനും സ്വീകരണമുറിക്കും ഇടയിലുള്ള ഭാഗത്ത് നൽകിയിട്ടുള്ള സ്റ്റെയർകെയ്സിലൂടെ ഇവിടേക്കെത്താം. മെറ്റൽ ഫ്രെയിമിൽ തേക്കിന്റെ പലക ഉറപ്പിച്ച് തയാറാക്കിയ പടികളോടു കൂടിയ സ്റ്റെയർകെയ്സ് സ്ഥലം ഒട്ടും അപഹരിക്കുന്നില്ല.

വെളിച്ചത്തിന് കുറവില്ല

dominant-roofing-stair

പരമ്പരാഗതശൈലിയിലുള്ള വീടുകളുടെ നന്മകൾ സാംശീകരിച്ചും ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുമാണ് വീടിന്റെ ഡിസൈൻ തയാറാക്കിയത്. വെളിച്ചത്തിന്റെ കാര്യത്തിൽ പുലർത്തിയിരിക്കുന്ന സമീപനം തന്നെ പ്രധാന തെളിവ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ആയതിനാൽ സൂര്യപ്രകാശം അധികം കടക്കാത്ത രീതിയിലുള്ള ചെറിയ ജനാലകളാണ് പഴയ വീടുകളിലുണ്ടായിരുന്നത്. ജീവിതശൈലി മാറിയതോടെ വീടിനുള്ളിൽ കൂടുതൽ വെളിച്ചം വേണമെന്നായി. അതിനാൽ ചൂട് അരിച്ചു മാറ്റി വെളിച്ചം മാത്രം വീടിനുള്ളിലേക്ക് കടത്തി വിടുന്ന ടെക്നിക്കാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ട്രസ്സ് റൂഫിൽ നൽകിയിരിക്കുന്ന വെന്റിലേഷനിലൂടെ സൂര്യപ്രകാശം ടെറസിൽ തട്ടിയശേഷം പ്രത്യേകമായി ഒരുക്കിയ ഫോൾസ് സീലിങ്ങില്‍ തട്ടി പ്രതിഫലിച്ച് ഡബിൾ ഹൈറ്റിലുള്ള സ്റ്റെയർ ഏരിയയുടെ ചുമരിന്റെ മുകൾഭാഗത്ത് നൽകിയിരിക്കുന്ന വലിയ ജനാലകളിലൂടെ വീടിനുള്ളിലെത്തുകയാണ് ചെയ്യുന്നത്.

മിനിമം കോൺക്രീറ്റ്

dominant-roofing-porch

കോൺക്രീറ്റിന്റെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക എന്നതായിരുന്നു ഡിസൈൻ നയം. വലുപ്പത്തിലോ സൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ ഡിസൈനിന്റെ പ്രത്യേകതകൊണ്ടാണ് കോൺക്രീറ്റ് ലാഭിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. മേൽക്കൂരയുടെ സ്ലാബ്, കോളം, ബീം, പാരപ്പെറ്റ് എന്നിവയെല്ലാം അത്യാവശ്യത്തിനു മാത്രമേ നൽകിയിട്ടുള്ളു. കാർപോർച്ച്, സിറ്റ്ഔട്ട്, പിന്നിലെ വരാന്ത, ഡൈനിങ്ങിനോട് ചേർന്നുള്ള ഡെക്ക് സ്പേസ് എന്നിവിടങ്ങളിലൊന്നും മേൽക്കൂര വാർത്തിട്ടില്ല. മാത്രമല്ല, ഇവിടങ്ങളിൽ ഭിത്തിയും കഴിവതും ഒഴിവാക്കി. അതുവഴി പ്ലാസ്റ്ററിങ്ങിനു വേണ്ടിവരുന്ന മണലും സിമന്റും നല്ലൊരു പങ്ക് ലാഭിക്കാനായി.

dominant-roofing-dining

മേൽക്കൂര വാർക്കാത്ത ഇടങ്ങളിലെല്ലാം ജിപ്സം ബോർഡിന്റെ ഫോൾസ് സീലിങ് നൽകി മുകളിൽ ‘ഗ്ലാസ് വൂൾ’ ഷീറ്റ് വിരിച്ചിട്ടുണ്ട്. ചൂട് ഉള്ളിലേക്കു കടക്കുന്നത് തടയാനായാണ് ഗ്ലാസ് വൂൾ വിരിച്ചത്.

മേൽക്കൂര കോൺക്രീറ്റ് ചെയ്യാത്തതുകൊണ്ട് സുരക്ഷയ്ക്ക് കുറവുള്ളതായി തോന്നുന്നില്ലെന്നാണ് വീട്ടുകാരായ അരവിന്ദ് രാമചന്ദ്രന്റെയും ആര്യയുടെയും അഭിപ്രായം. കോൺക്രീറ്റിനു മാത്രമേ കള്ളന്മാരെ തടയാനാകൂ എന്ന വിശ്വാസവും വീട്ടുകാർക്കില്ല.

Project Facts

Location-Mayyanad, Kollam

Area- 2700 SFT

Owner- Arvind Ramachandran

Architect- Dr. Dili A. S.

Professor & Head

Department of Architecture

TKM College of Engineering, Kollam

Mob: 9447303875

Email: diliastkm@gmail.com