Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സിനിമാതറവാടുപോലെ ഞങ്ങളുടെ വീട്!

reader-home-shornur

സൗകര്യങ്ങളെല്ലാമുള്ള വീടുവയ്ക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ചിറകു പിടിച്ച് ഞാൻ പറന്നത് കുറച്ചു കാലമൊന്നുമല്ല.

ഇപ്പോഴും ഗ്രാമീണ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന സ്ഥലമാണ് ഷൊർണൂരിനടുത്തുള്ള ദേശമംഗലം. ഒരു കാലത്ത് സിനിമാക്കാരുടെ സ്ഥിരം ലൊക്കേഷനായിരുന്നു എന്നു പറഞ്ഞാൽ കൂടുതൽ വ്യക്തമാകും. ഗ്രാമത്തിലെ വീടുകളുടെ സവിശേഷതകളൊന്നും നഷ്ടപ്പെടാതെ, പുതിയ സൗകര്യങ്ങളെല്ലാമുള്ള വീട് ഉണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. പ്രകൃതിയെ മോശമായി ബാധിക്കാതെയുള്ള വീടുണ്ടാക്കണമെന്നത് ചേട്ടൻ സന്തോഷിനും നിർബന്ധമായിരുന്നു.

താമസിച്ചിരുന്ന വീടിനു പിറകിൽ പുതിയ വീടു വയ്ക്കാന്‍ തീരുമാനിച്ചു. ഏറ്റവും കുറച്ചു മരങ്ങൾ മാത്രം മുറിച്ചുമാറ്റി സ്ഥലം നിരപ്പാക്കി. ഭൂമി അൽപം പൊക്കിയെടുക്കേണ്ടിവന്നു. അടുത്തുള്ള പറമ്പിൽനിന്നുതന്നെയാണ് മണ്ണെടുത്തത്. ഗതാഗതച്ചെലവും മണ്ണിന്റെ വിലയുമെല്ലാം താരതമ്യേന തുച്ഛമായിരുന്നു.

പാലക്കാട് മുണ്ടൂരുള്ള മനോജ് എന്ന എൻജിനീയറാണ് പ്ലാൻ വരച്ചത്. തടിപ്പണിക്കാണെങ്കിലും പെയിന്റിങ്ങിനാണെങ്കിലും മികച്ച തൊഴിലാളികൾ വീട്ടുപരിസരത്തു തന്നെയുണ്ടായിരുന്നു. അതുകൊണ്ട് ലേബർ കോൺട്രാക്ട് തിരഞ്ഞെടുത്തു.

മണ്ണിന്റെ നിറവും മണവും

shornur-home-wall

ഇന്റർലോക്ക് ഇഷ്ടിക കൊണ്ടുമതി ഭിത്തികൾ എന്നു തീരുമാനിക്കാൻ കാരണം പലതാണ്. സിമന്റ് കുറച്ച് ഉപയോഗിച്ചാൽ മതി, ചെലവു കുറവാണ്, കാണാൻ സുന്ദരവുമാണ്, എല്ലാറ്റിനുമുപരി പ്രകൃതിയോടു ചേർന്നുനിൽക്കുന്നതുമാണ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽനിന്നാണ് ഇഷ്ടിക വാങ്ങിയത്. കയറ്റിറക്കുകൂലി ഉൾപ്പെടെ കട്ട ഒന്നിന് 40 രൂപ നിരക്കിൽ പ്ലോട്ടിലെത്തി. ഇഷ്ടിക നൽകിയവർ തന്നെ, ഇന്റർലോക്ക് ഇഷ്ടിക കൊണ്ടുള്ള ഭിത്തി നിർമാണം അറിയുന്ന പണിക്കാരെയും ഏർപ്പാടാക്കി.

ഇന്റർലോക്കുകൊണ്ടുള്ള ഒന്നിലേറെ വീടുകൾ പോയിക്കണ്ട് ഗുണങ്ങളും പ്രശ്നങ്ങളും പഠിച്ചാണ് പണി തുടങ്ങിയത്. ഇഷ്ടികകൾ തമ്മിൽ പരസ്പരം ലോക്ക് ചെയ്തുവച്ചാണ് ഭിത്തി കെട്ടുന്നത്. കട്ടികൾക്കിടയില്‍ സിമന്റിന്റെ ആവശ്യമില്ല. ഇത്തരം കട്ടകളുടെ മുകളിൽ തേപ്പും വേണ്ട. വീടിനകത്ത് പ്രകാശം കുറയാതിരിക്കാൻ ചില ഭിത്തികൾ മാത്രം തേച്ച് പെയിന്റടിച്ചു.

തടി നേരത്തേ തയാർ

shornur-home-hall

തടി പുറത്തുനിന്നു വാങ്ങേണ്ടിവന്നില്ല. പ്ലോട്ടിലുണ്ടായിരുന്ന നല്ല കാതലുള്ള മരങ്ങൾ നേരത്തേ മുറിച്ച്, അറപ്പിച്ചു വച്ചിരുന്നു. കോർട്‌യാർഡിനു ചുറ്റുമുള്ള തൂണുകൾ, ഗോവണിയുടെ കൈവരി, ഗോവണിപ്പടികൾ ഇതിനെല്ലാം കരിമ്പനയാണ് ഉപയോഗിച്ചത്. വരാന്തയിലെ തൂണുകൾക്ക് തെങ്ങും. തെങ്ങിന്റെയും കരിമ്പനയുടെയും തടിക്ക് വില കുറവാണ്. നല്ല ബലവും ആയുസ്സുമുണ്ട്. പക്ഷേ, പണിക്കൂലിയും തടി അറക്കാനുള്ള ചെലവും കൂടും. പ്രധാനവാതിൽ അക്കേഷ്യ കൊണ്ടാണ്. മികച്ച ആശാരിമാരുടെ സേവനം കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യമായി ഞങ്ങള്‍ കരുതുന്നത്. നിർമാണ ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കിവന്ന കരിമ്പന കൊണ്ടാണ് ഡൈനിങ് ടേബിളും കസേരകളും നിർമിച്ചത്. പറമ്പിലുണ്ടായിരുന്ന ആര്യവേപ്പിന്റെ തടികൊണ്ട് സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളുമുണ്ടാക്കി.

ഗ്രാനൈറ്റും തറയോടുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. കിടപ്പുമുറികളിലെല്ലാം തറയോടാണ്. പക്ഷേ, ഫ്ലോറിങ്ങിൽ ഞങ്ങൾക്കൽപം അബദ്ധം പറ്റി. ആദ്യം വിരിച്ച തറയോട് മുഴുവൻ പൊട്ടിപ്പോയി. രണ്ടാംതവണ വിരിച്ച തറയോടാണ് ഇപ്പോൾ കിടക്കുന്നത്. മേൽക്കൂരയിൽ ഓടിട്ടതിനും താരതമ്യേന ചെലവു കുറവായിരുന്നു. പഴയ ഓട് വാങ്ങി കഴുകി ഉപയോഗിച്ചു.

പുതിയ രീതിയിൽ അകത്തളം

shornur-home-living

‘L’ ആകൃതിയിലുള്ള വരാന്തയാണ് വീട്ടിലേക്കു സ്വാഗതം ചെയ്യുന്നത്. ഇവിടത്തെ തിണ്ണയിൽ കാറ്റേറ്റിരിക്കാം. ഒരു ഹാളിന്റെ രണ്ടറ്റത്തായി ക്രമീകരിച്ചിട്ടുള്ള സ്വീകരണമുറിക്കും ഊണുമുറിക്കുമിടയിൽ കോർട്‌യാർഡുണ്ട്. വീടിനുള്ളിലേക്കു വെളിച്ചമെത്തിക്കാൻ ഈ കോർട്‌യാർഡ് വളരെയധികം സഹായിക്കുന്നു. ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികളാണ് താഴെയുള്ളത്. അടുക്കളയോടു ചേർന്ന് വർക്ഏരിയയുമുണ്ട്. പഴയ വീടുകളിലേതു പോലെ, ജനലിനു പകരം ഭിത്തിയിൽ നീളത്തിൽ അഴിയിട്ട വർക്ഏരിയ ഗൃഹാതുരതയുണർത്തുന്നതിനായി ചെയ്തതാണ്.

shornur-home-upper

ഗോവണി കയറിച്ചെല്ലുന്നത് ഫാമിലി ഏരിയയിലേക്കാണ്. മുകളിലും ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികള്‍. സ്വീകരണമുറി ഡബിൾ ഹൈറ്റിൽ പണിതതിനാൽ മുകളിലെ മുറികൾ ഒറ്റപ്പെട്ടു പോകുന്നില്ല. പുറത്തെ ട്രസ് ഇട്ട ഭാഗം വിവിധ ആവശ്യങ്ങൾക്കുപയോഗിക്കാം.

shornur-home-kitchen

വീടിന്റെ മുറ്റത്ത് ടൈൽ ഇടുന്നതിനോടും ഞങ്ങള്‍ എതിരാണ്. മണ്ണ് ഇടിച്ചുറപ്പിച്ച് മുറ്റമുണ്ടാക്കുന്ന രീതി തന്നെയാണ് പിന്തുടർന്നത്. സ്വന്തമായി നെൽകൃഷി ചെയ്യുന്നതിനാൽ മുറ്റത്ത് നെല്ലിനും കച്ചിക്കും സ്ഥലം വേണം. ഇതെല്ലാം മുന്നിൽ കണ്ട് ഗ്രാമത്തിന്റെയും ചുറ്റുപാടുകളുടെയും നൈർമല്യത്തിന് കളങ്കമുണ്ടാക്കാതെയാണ് ഞങ്ങൾ പുതിയ കൂടൊരുക്കിയത്.