Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു സെന്റിൽ ഞങ്ങളുടെ സ്വപ്നക്കൂട്!

6-cent-home-kakkodi

എന്റെ പേര് ഹരീഷ്. കോഴിക്കോട് കക്കോടിയാണ് സ്വദേശം. ബിസിനസുകാരനാണ്. വീടുപണിയാൻ ആലോചിച്ചപ്പോൾ വെല്ലുവിളിയായി നിന്നത് പ്ലോട്ടാണ്. നല്ല സൗകര്യങ്ങളുള്ള, ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നൽകുന്ന ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ ആകെയുള്ളത് ആറു സെന്റ് പ്ലോട്ടാണ്. അവിടെ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാൽ സുഹൃത്തും ഡിസൈനറുമായ സന്ദീപ് കൊല്ലാർക്കണ്ടി ഞങ്ങളുടെ ആഗ്രഹങ്ങൾക്കപ്പുറമായി വീട് നിർമിച്ചുനൽകി. 

6-cent-home-kakkodi-exterior

സമകാലിക ശൈലിയിൽ 2000 ചതുരശ്രയടിയിൽ നിർമിച്ച വീട്ടിൽ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ ഒരുക്കിയിരിക്കുന്നു. വെള്ളനിറമാണ് അകത്തും പുറത്തും കൂടുതലായി നിറഞ്ഞുനിൽക്കുന്നത്. എലിവേഷനിൽ വേർതിരിവ്  നൽകാനായി ഇളംചാര നിറമുള്ള ക്ലാഡിങ് വിരിച്ചു. ഫ്ലോറിങ്ങിൽ വൈവിധ്യം കൊണ്ടുവരാൺ ശ്രദ്ധിച്ചിട്ടുണ്ട്. കട്നി മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. പോർച്ചിൽ ഷാബാദ് സ്‌റ്റോൺ വിരിച്ചു. മുറ്റം നാച്വറൽ സ്‌റ്റോൺ വിരിച്ചു ഭംഗിയാക്കി.

6-cent-home-kakkodi-lawn

വാതിൽ തുറന്നകത്തു കയറുമ്പോൾ ആദ്യം സ്വീകരണമുറിയാണ്. ഇതിനു വശത്തായി പൂജാമുറി ഒരുക്കി. ബ്രൗൺ വോൾപേപ്പർ നൽകി ഈ ഭാഗം ഹൈലൈറ്റ് ചെയ്തു.ഒരിഞ്ചു പോലും വെറുതെ കളയാതെ ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങിൽ പലതരം ലൈറ്റുകൾ ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. പ്രൊഫൈൽ, കോവ്, വാം ടോൺ തീമുകൾ വീടിനുളിൽ പ്രസന്നത നിറയ്ക്കുന്നു.

6-cent-home-kakkodi-living

ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ജാളി പാർടീഷൻ നൽകി. ഇതിൽ ഒരുവശത്തായി ടിവി യൂണിറ്റും മറുവശത്തായി ക്രോക്കറി ഷെൽഫും ക്രമീകരിച്ചു. ഫർണിച്ചറുകൾ കൂടുതലും ഞങ്ങൾ നേരിട്ട് പോയി വാങ്ങിയതാണ്.വാതിലുകളും ജനലുകളും പ്ലാവ് കൊണ്ടാണ് നിർമിച്ചത്. ഇതിൽ പെയിന്റ് ഫിനിഷ് നൽകി പോളിഷ് ചെയ്തു. 

6-cent-home-patio

ഊണുമുറിയിൽ നിന്നും പുറത്തേക്ക് ചെറിയൊരു പാഷ്യോ നൽകി. ഇവിടെ മതിലിനോട് ചേർന്നു എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ് നൽകി, വെർട്ടിക്കൽ ഗാർഡനും സജ്ജീകരിച്ചു. സ്‌റ്റെയിൻലെസ്സ് സ്റ്റീലും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ ഉപയോഗിച്ചത്. ഡൈനിങ്- സ്റ്റെയർ ഏരിയ ഡബിൾ ഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു.

6-cent-home-kakkodi-overview

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. നാലു മുറികളും വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹെഡ്ബോർഡിൽ വോൾപേപ്പർ ഒട്ടിച്ചു.

6-cent-home-bed

മറൈൻ പ്ലൈ, മൈക്ക ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. അടുക്കളക്കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നൽകാനും ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ സജ്ജീകരിച്ചിട്ടുണ്ട്. 

6-cent-home-kitchen

മുൻവശത്തെ ബാൽക്കണി കൂടാതെ മുന്നിലും പിന്നിലും ഓപ്പൺ ടെറസുകൾ നൽകിയിട്ടുണ്ട്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് മതിലും ഗെയ്റ്റും ഒരുക്കിയത്. ചുരുക്കത്തിൽ ഫലപ്രദമായി ഡിസൈൻ ചെയ്താൽ സ്ഥലപരിമിതി സ്വപ്നങ്ങൾക്ക് തടസമല്ല എന്നതാണ് വീടുപണിയിലൂടെ  ഞങ്ങൾ മനസിലാക്കിയ പാഠം. അത് ഇനി വീടുപണിയാനിരിക്കുന്നവർക്കായി  ഞങ്ങൾ പങ്കുവയ്ക്കുന്നു.

ചിത്രങ്ങൾ - അജീബ് കൊമാച്ചി 

Project Facts

Location- Kakkodi, Calicut

Area- 2000 SFT

Plot- 6 cent

Owner- Hareesh

Designer- Sandeep Kollarkandi

Overaa Architects, Calicut

email- overaaarchitects@gmail.com

Completion year- 2018 Nov