സത്യമാണ്, വെറും നാലു ലക്ഷത്തിനു വീട് പണിയാം! പ്ലാൻ

4-lakh-pre-fab-house
SHARE

പ്രകൃതി ദുരന്തങ്ങളിൽ താരതമ്യേന സുരക്ഷിതമായ പ്രദേശമെന്ന നിലയിൽ, കേരളം ദുരന്ത പ്രതിരോധ തയാറെടുപ്പിൽ അശ്രദ്ധയിലായിരുന്നു. 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തോടെ കാര്യങ്ങൾ മാറി. വേണ്ടത്ര അവബോധം നൽകുകയും ഫലപ്രദമായ പ്രതിരോധ നടപടികളെടുക്കുകയും ചെയ്തിരുന്നെങ്കിൽ ഒഴിവാക്കുകയോ ചുരുങ്ങിയപക്ഷം ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുകയോ ചെയ്യാവുന്നതായിരുന്നു.  

ദുരിതാശ്വാസത്തിൽനിന്നു പുനർനിർമാണത്തിലേക്കു പ്രവേശിക്കുന്ന സന്ദർഭത്തിൽ അതിനെ സമഗ്രമായൊരു പുനർവികസനത്തിന്റെ ഭാഗമായി കാണണം. പ്രളയാനന്തര വീടുകൾക്കു 400 ചതുരശ്രഅടിക്ക് നാലു ലക്ഷം രൂപയാണു സർക്കാർ നൽകുന്നത്. അത് ഉൾക്കൊണ്ടുകൊണ്ട് കേരള സംസ്ഥാന നിർമിതി കേന്ദ്രവും ഫ്ലോട്ടെൽ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരവും ചേർന്നു തിരുവനന്തപുരം പിടിപി നഗറിൽ ഒരു ഭവനം മാതൃകയായി നിർമിച്ചു കഴിഞ്ഞു. 400 ചതുരശ്ര അടി വിസ്തീർണമുള്ള പ്രസ്തുത ഭവനം നാലു ലക്ഷം രൂപയ്ക്ക് രണ്ടാഴ്ച സമയ ദൈർഘ്യത്തിൽ പൂർത്തീകരിച്ചു. ഇപിഎസ് പാനൽ പ്രീഫാബ്രിക്കേറ്റഡ് ടെക്നോളജിയാണ് അവലംബിച്ചിരിക്കുന്നത്. 

4-lakh-pre-fab-house-basement

അസ്ഥിവാരത്തിന്റെ താഴെ പത്തു സെമീ ഘനത്തിൽ 1:5:10 അനുപാതത്തിൽ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് നൽകിയിരിക്കുന്നു. അസ്ഥിവാരം ഇരുപതു സെമീ കനത്തിലുള്ള സിമന്റ് ബ്ലോക്കിലും ബേസ്മെന്റും അതേ രീതിയിൽ പണിതിരിക്കുന്നു. ബേസ്മെന്റിനു മുകളിലായി 20 സെമീ x 15 സെമീ ആർസിസി പ്ലിന്ത് ബീം തുടർച്ചയായി കൊടുത്തിരിക്കുന്നു.

4-lakh-pre-fab-house-construction

പുറം ഭിത്തികൾ 120 എംഎം കനമുള്ള പ്രീ ഫാബ്രിക്കേറ്റഡ് ഇന്റർ ലോക്ക്ഡ് സിമന്റ് സാൻവിജ് പാനലുകൾകൊണ്ടും അകത്തെ ഭിത്തികൾ 90 എംഎം കനമുള്ള പാനലുകൾകൊണ്ടും നിർമിച്ചിരിക്കുന്നു. ഇതിനു പുറത്ത് ഫൈബർ നെറ്റ് വിരിച്ച് രണ്ടു കോട്ട് പുട്ടിയിട്ടു ഫിനിഷ് െചയ്തിരിക്കുന്നു.

4-lakh-pre-fab-house-interior

മേൽക്കൂരയും 120 എംഎം കനമുള്ള സിമന്റ് സാൻവിജ് പാനലുകൾകൊണ്ടാണു നിർമിച്ചിരിക്കുന്നത്. മുൻവശത്തും പുറകുവശത്തുമുള്ള വാതിലിന്റെ ഫ്രെയിമുകൾ സിമന്റ് കോൺക്രീറ്റിലും വാതിൽപ്പാളികൾ തടിയിലുമാണു ചെയ്തിരിക്കുന്നത്. അകത്തെ വാതിലുകൾ WPVC  വച്ചും ചെയ്തിരിക്കുന്നു. ജനലുകളുടെ ഫ്രെയിമുകൾ സിമന്റ് കോൺക്രീറ്റിലും പാളികൾ തടിയിലും കൊടുത്തിരിക്കുന്നു. തറ സിറാമിക് ടൈൽ ഉപയോഗിച്ചും ചുമരുകളിൽ എമൽഷൻ പെയിന്റും നൽകിയിരിക്കുന്നു.

4-lakh-pre-fab-house-walls

സിമന്റ് സാൻവിജ് പാനലുകളുടെ നീളം 1.4 മീറ്ററും വീതി തൊണ്ണൂറു സെ.മീറ്ററുമാണ്. അതിനാൽത്തന്നെ സാധാരണ പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ച്ചറുകൾ ഉണ്ടാക്കുമ്പോൾ വേണ്ട ക്രെയിനുകളുടെ ആവശ്യം വരുന്നില്ല. മേസ്തിരിമാർക്കുതന്നെ പാനലുകൾ എടുത്തുവച്ച് ഇന്റർലോക് ചെയ്ത് അതിവേഗം പണി പൂർത്തീകരിക്കുവാൻ സാധിക്കുന്നു. ഇലക്ട്രിഫിക്കേഷൻ, പ്ലംബിങ്, സാനിറ്ററി ജോലികളും പൂർത്തീകരിച്ചിരിക്കുന്നു. 

4-lakh-pre-fab-house-kitchen

മേന്മകൾ

1. ചുമരുകളും മേൽക്കൂരയും കനം കുറഞ്ഞ സിമന്റ് സാൻവിജ് പാനലുകളായതിനാൽ അസ്ഥിവാരത്തിൽ വരുന്ന ഭാരം തീരെ കുറവാണ്. ആയതിനാൽ ഫൗണ്ടേഷൻ ചെലവ് വളരെ കുറയ്ക്കാം. 

2. ഇന്റർലോക് ചെയ്തുപോകുന്ന ഭാരം കുറഞ്ഞ പാനലുകളായതിനാൽ  വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വരുന്നില്ല. 

3. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ കഴിവുള്ള നിർമാണരീതി. 

4. മുറിക്കുള്ളിൽ ചൂടു വളരെ കുറവ്. 

5. സൗണ്ട് ഇൻസുലേറ്റഡ് നിർമാണ വസ്തുക്കൾ.

6. തേപ്പ് പൂർണമായും ഒഴിവാക്കാം.

7. നിർമാണച്ചെലവ് വളരെ കുറവ്. 

8. പരിസ്ഥിതി സൗഹൃദമായ നിർമാണരീതി.

വിവരങ്ങൾക്ക് കടപ്പാട്

റോബർട് വി. തോമസ്

റീജനൽ എൻജിനീയർ, കേരള സംസ്ഥാന നിർമിതി കേന്ദ്ര, എറണാകുളം  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA