Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അച്ഛന്റെ ആ പുഞ്ചിരിയിൽ ഞങ്ങളുടെ മനസ്സ് നിറയുന്നു'!

traditional-house-karapuzha

എന്റെ പേര് അമൽ. ബെംഗളൂരുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നു. കോട്ടയം കാരാപ്പുഴയിലുള്ള കുടുംബവസ്തുവാണ് ഞാനും ഭാര്യ രേവതിയും പുതിയ വീടു പണിയാനായി തിരഞ്ഞെടുത്തത്. കാലപ്പഴക്കം മൂലം ദുർബലമായ പഴയ വീട് പൊളിച്ചു നീക്കിയാണ് നിർമാണം ആരംഭിച്ചത്. വൈകാരികമായി അടുപ്പമുള്ള തറവാടിന്റെ ഗൃഹാതുരത്വമുണർത്തുന്ന പതിപ്പായിരിക്കണം പുതിയ വീട് എന്ന് കുടുംബം ഒന്നടങ്കം തീരുമാനമെടുത്തിരുന്നു. 

traditional-house-karapuzha-yard

പരമ്പരാഗത ശൈലിയിലുള്ള പൂമുഖവും നടുമുറ്റവും ഓട് പതിച്ച മേൽക്കൂരയുമെല്ലാം മനസ്സിലുറപ്പിച്ചാണ് ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചത്. അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറം വീട് ഒരുക്കിത്തന്നു.

traditional-house-karapuzha-elevation
traditional-house-karapuzha-sitout

2300 ചതുരശ്രയടിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, ഹോം ലൈബ്രറി, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, കോർട്‌യാർഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റ് റൂഫ് വാർത്ത്, ട്രസ് റൂഫ് നൽകി സിറാമിക് ഓട് വിരിച്ചതിനാൽ 2000 സ്ക്വയർഫീറ്റ് യൂട്ടിലിറ്റി ഏരിയയും ടെറസിൽ ലഭിച്ചിരിക്കുന്നു. 

traditional-house-karapuzha-truss

കടുംനിറങ്ങൾ ഒന്നും കുത്തിനിറയ്ക്കാത്ത അകത്തളങ്ങളിൽ വെണ്മയുടെ ഐശ്വര്യം നിറയുന്നു. നീളൻ പൂമുഖത്തു മാത്രം കറുത്ത ടൈലുകൾ വിരിച്ചു. അകത്തളങ്ങളിൽ വെള്ള വിട്രിഫൈഡ് ടൈലുകളാണ് നൽകിയത്. ധാരാളം വായു സഞ്ചാരവും, പകൽ വെളിച്ചവും നിറയുന്ന ഹാൾ ആണ് അകത്തളത്തിൽ പ്രധാന ആകർഷണം.

traditional-house-karapuzha-living

ഫോർമൽ ‍/ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. കോർട്യാർഡ് ഫോക്കൽ പോയിന്റായി വരുംവിധമാണ് ക്രമീകരണം. കോർട്യാർഡിനു മുകളിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു.

traditional-house-courtyard-hall

വീട്ടിലുള്ളവർ വായനാശീലമുള്ളവരാണ്. അതുകൊണ്ട് പഴയ പുസ്തകങ്ങൾ എല്ലാം സ്വരുക്കൂട്ടി ഹോം ലൈബ്രറിയും ഹാളിന്റെ ഒരു വശത്തായി ഒരുക്കിയിരിക്കുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.

traditional-house-dine

വലിയ 3 കിടപ്പുമുറികൾക്കും അറ്റാച്ഡ് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. സ്‌റ്റോറേജിനു ഒരു ഭിത്തി മുഴുവൻ വാഡ്രോബുകളും നൽകി. അടുക്കളയോടു ചേർന്ന് വർക്ഏരിയായും, സ്റ്റോറും സജ്ജീകരിച്ചു. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. ഗോവണിയുടെ താഴെ വാഷിങ് മെഷീൻ ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി.

traditional-house-karapuzha-kitchen

മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. മുറ്റം ഇന്റർലോക് വിരിക്കാതെ തനിമയോടെ ചരൽ വിരിച്ചു നിലനിർത്തിയിരുന്നു. വെള്ളം കയറുന്ന പ്ലോട്ടിൽ മുൻകൂട്ടി മുറ്റം ഉയർത്തി നിർമിച്ചതിനാൽ പ്രളയകാലവും അതിജീവിച്ചു. 

traditional-house-library

വീടിന്റെ പണികൾക്ക് മുഴുവന്‍ സമയമേൽനോട്ടവുമായി നേതൃത്വം നൽകിയത് പിതാവ് സോമനായിരുന്നു. വീട് കണ്ടാൽ ആർക്കും ഒരു ഗൃഹാതുരത തോന്നുമെന്ന്‌ വീട്ടിലെത്തുന്ന അതിഥികളും തുറന്നു സമ്മതിക്കുന്നു. അതു കേൾക്കുമ്പോൾ അച്ഛന്റെ മുഖത്ത് അഭിമാനം കൊണ്ടുള്ള പുഞ്ചിരി കാണുമ്പോൾ ഞങ്ങളുടെയും മനസ്സ് നിറയുന്നു.

Project Facts

Area- 2300 SFT

ഉടമസ്ഥൻ: സോമൻ കെ. എസ്.

ഡിസൈനർ: ശ്രീകാന്ത് പങ്ങപ്പാട്ട്

കാഞ്ഞിരപ്പള്ളി

ഫോൺ: 9447114080

pggroupdesigns@gmail.com