ചെറിയൊരു ഇടവഴി കയറിച്ചെല്ലുമ്പോൾ നീളമുള്ളതും ആകൃതിയില്ലാത്തതുമായ പ്ലോട്ട്. മനസ്സിനിണങ്ങിയ ഒരു ഭവനം ഇവിടെ പണിയാനാകുമോ എന്ന ആകുലതയും വീട്ടുടമസ്ഥനായ അബി ബോസിന് ഉണ്ടായിരുന്നു. പ്ലോട്ടിന്റെ ആകൃതിയില്ലായ്മ ഒരു കുറവായി എടുക്കാതെ ഉള്ള സ്ഥലത്ത് ഉടമസ്ഥന് ഇഷ്ടപ്പെട്ട ഒരു ഭവനം എങ്ങനെ പണിയാമെന്നാണ് വീടിന്റെ ആർക്കിടെക്ട് ഷിനു നന്ദൻ ചിന്തിച്ചത്. എലവേഷന് ശ്രദ്ധ കിട്ടത്തക്കവിധം ഒരു ഡിസൈൻ ചെയ്യുക എന്നതായിരുന്നു ആർക്കിടെക്ട് ആദ്യപടിയായി ചെയ്തത്. സാധാരണ കണ്ടുവരുന്ന കേരള ശൈലിയോടൊന്നും താൽപര്യം ഉണ്ടായിരുന്നില്ല. വീടിനുവേണ്ടി കയ്യിലുള്ള പണം മുഴുവൻ ചെലവഴിക്കാനും അവർ ഒരുക്കമായിരുന്നില്ല.
മനസ്സറിഞ്ഞ്

മിനിമലിസ്റ്റ് കൺസെപ്റ്റിൽ അധികച്ചെലവു വരാത്ത രീതിയിൽ വാസ്തുവിലൂന്നി സമകാലിക ശൈലിയിൽ 1,700 സ്ക്വയർ ഫീറ്റിൽ വീടുപണി തീർത്തു. തൃപ്പൂണിത്തുറ സൗത്ത് പറവൂരിലാണ് അബി ബോസിന്റെയും കുടുംബത്തിന്റെയും വീടു സ്ഥിതി ചെയ്യുന്നത്. വെണ്മയുടെയും ചെങ്കല്ലിന്റെയും നിറം പ്രകൃതിയുമായി കൂടിച്ചേരുന്നതിന്റെ പ്രതിഫലനം കാണാം. എലവേഷനിൽ നൽകിയിരിക്കുന്ന സ്റ്റോൺ ക്ലാഡിങ് ഡിസൈൻ ഹൈലൈറ്റായി വർത്തിക്കുന്നു. ബോക്സ് ടൈപ്പ് ഡിസൈൻ പാറ്റേണാണ് എലവേഷന്റെ പ്രത്യേകത. ഒരുനില വീടായതിനാൽ അൽപം ഹൈറ്റ് തോന്നാൻ ലിവിങ് ഏരിയ ഡബിൾ ഹൈറ്റിൽ പണിതു. അതിന്റെ പ്രതിഫലനം എലവേഷനിലും പ്രകടമാണ്. വാസ്തുവിലൂന്നിയാണ് വീടു പണിതത്. അലങ്കാരങ്ങളെക്കാൾ ഡിസൈൻ നയങ്ങൾക്കാണ് ആർക്കിടെക്ട് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്.
നിറപ്പകിട്ടില്ലാതെ

കടുംനിറങ്ങളോ അലങ്കാരവസ്തുക്കളോ വാരി നിറയ്ക്കാതെയാണ് ഉൾത്തളങ്ങളിലെ ഒരുക്കങ്ങൾ. ക്ലീൻഫീൽ തോന്നുംവിധമാണ് ഇന്റീരിയർ ഒരുക്കങ്ങൾ. ആവശ്യങ്ങളെ മാത്രമാണ് ഇവിടെ അലങ്കാരങ്ങളാക്കി പരിവർത്തിപ്പിച്ചിട്ടുള്ളത്. നോർമൽ വിൻഡോയ്ക്കു പകരം സ്ലിറ്റ് വിൻഡോയാണ് കൊടുത്തിട്ടുള്ളത്. ഇത് ഹൈറ്റ് തോന്നിപ്പിക്കുന്നതിനോടൊപ്പംതന്നെ ധാരാളം കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. ന്യൂട്രൽ നിറങ്ങൾ വീടിനുൾവശം തുറന്നതും വിശാലവുമാക്കുന്നു.
പരസ്പരം അറിഞ്ഞ്

ഒറ്റനില വീടു മതിയെന്ന് ഗൃഹനാഥനു നിർബന്ധമുണ്ടായിരുന്നു. വിശാലത തോന്നിപ്പിക്കുംവിധമാകണം ഇന്റീരിയറിന്റെ സജ്ജീകരണങ്ങൾ. ഇെതല്ലാം ഞങ്ങളുടെ ബജറ്റിലൊതുങ്ങുകയും വേണം. ഇത്രയുമാണ് ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടത്. അതിനാൽ ഈ ആവശ്യങ്ങളെല്ലാം മനസ്സിലാക്കി പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഡിസൈൻ നയങ്ങളും ഡിസൈൻരീതികളും പ്രാവർത്തികമാക്കിയാണ് വീട്ടുകാർ ഏറ്റവും പ്രിയപ്പെട്ടതാക്കിയത്. പരിമിതികളെ പാടേ മാറ്റിനിർത്തി ഭവനം ഒരുക്കാനായി എന്നാണ് ആർക്കിടെക്ടിനും പറയാനുള്ളത്.

മൂന്നു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൺ, വർക്ക്ഏരിയ എന്നിങ്ങനെയാണ് ഈ വീട്ടിെല സജ്ജീകരണങ്ങൾ. കിച്ചൺ ഒഴികെ ബാക്കിയെല്ലായിടത്തും ന്യൂട്രൽ നിറങ്ങൾ നൽകിയത് ഓരോ സ്പേസിനെയും തുറന്നതും വിശാലവുമാക്കുന്നുണ്ട്. വീട്ടമ്മയുടെ പ്രത്യേക താൽപര്യാർഥമാണ് അടുക്കളയ്ക്കു ചുവപ്പു നിറത്തിന്റെ അകമ്പടി നൽകിയത്. അടുക്കളയുടെ കൗണ്ടർടോപ്പിൽ ഗ്രാനൈറ്റും ഷട്ടറുകൾക്ക് എംഡിഎഫും പ്ലൈവുഡ് വെനീറുമാണു നൽകിയിരിക്കുന്നത്.

Project Facts
ക്ലൈന്റ് : അബി ബോസ്
സ്ഥലം : സൗത്ത് പറവൂർ, തൃപ്പൂണിത്തുറ
പ്ലോട്ട് : പത്തു സെന്റ്
വിസ്തീർണം : 1500 സ്ക്വയർഫീറ്റ്
ബജറ്റ് : 28 ലക്ഷം
ഡിസൈൻ : ആർക്കിടെക്ട് ഷിനു നന്ദൻ
പണി പൂർത്തിയായ വർഷം : 2017
തയാറാക്കിയത് :
രശ്മി അജേഷ്, പൊന്നു ടോമി