ADVERTISEMENT
box-house-attingal-elevation

സ്വന്തം വീട് ഏറ്റവും സുന്ദരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അങ്ങനെ ഒരു വീട് പണിതു കിട്ടിയ സന്തോഷത്തിലാണ് ബിജി ചന്ദ്രനും കുടുംബവും. 2010 സ്ക്വയർഫീറ്റിൽ ആറ്റിങ്ങൽ എന്ന സ്ഥലത്ത് ഗ്രാമത്തുമുക്കിൽ സ്ഥിതി ചെയ്യുന്ന ഈ വീടിനെ ഏറ്റവും സുന്ദരമാക്കാന്‍ സഹായിച്ചത് എന്തൊക്കെയാണെന്ന് കണ്ടുനോക്കാം. 

കാലാനുസൃതമായ ഘടകങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സമകാലീന ഭവനം ഇതായിരുന്നു വീട്ടുടമസ്ഥനായ ബിജി ചന്ദ്രന്റെ ആവശ്യവും ആഗ്രഹവും. ഈ ആവശ്യങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് ഈ വീട്ടിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. ബോക്സ് ടൈപ്പ് ഡിസൈൻ ആണ് എലിവേഷന്റെ പ്രത്യേകത. വൈറ്റും ഗ്രേയും കലർന്ന കോംബിനേഷനും, മുറ്റത്തു വിരിച്ചിരിക്കുന്ന പച്ചപ്പുല്ലും, പ്രകൃതിയുടെ ഹരിതാഭയും എല്ലാം പരസ്പരം ലയിച്ചു ചേരുന്നതിന്റെ പ്രതിഫലനം വീടിന്റെ ഓരോ കോണിലും നമുക്ക് ദർശിക്കാനാവും. കോംപൗണ്ട് വാളിലും ഭിത്തിയിലും നൽകിയിരിക്കുന്ന ക്ലാഡിങ് വർക്കുകൾ കന്റെംപ്രറി ശൈലിയുടെ ഘടകങ്ങളാണ്. എസ് ഡി സി ആർക്കിടെക്ട്സിലെ രാധാകൃഷ്ണനാണ് വീടിന്റെ ശിൽപി.

box-house-attingal-night

വെൺമയുടെ വിന്യാസം...

സിറ്റ്ഔട്ട്, ഡ്രോയിങ് റൂം, ലിവിങ്, കിച്ചന്‍, വർക്ക് ഏരിയ, ബാൽക്കണി, കോർട്‌യാർഡ്, യൂട്ടിലിറ്റി സ്പേസ്, മുകളിലും താഴെയുമായി 3 കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തളങ്ങളുടെ വിന്യാസം. വെൺമയുടെ ചാരുതയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. അകമ്പടിക്കായി തടിയുടെ കോമ്പിനേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂട്രൽ നിറങ്ങൾ നയനമനോഹാരിത കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ സ്പേസിലും വിശാലത ഇരട്ടിപ്പിക്കുന്നു. ക്ലീൻ ഫീൽ തോന്നിപ്പിക്കും വിധം സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ഇന്റീരിയറിലെ ഫർണിച്ചറുകളുടെ വിന്യാസം. ഉപയുക്തതയും അടിസ്ഥാന ആവശ്യങ്ങളും കണക്കിലെടുത്തു കൊണ്ടാണ് ഓരോ ഇടവും സജ്ജീകരിച്ചതെന്ന് രാധാകൃഷ്ണൻ പറയുന്നു.

പ്രകൃതിക്ക് സ്വാഗതം...

box-house-attingal-living

പ്രകൃതിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് ഉൾത്തളങ്ങളുടെ പ്രത്യേകത. പുറത്തെ പച്ചപ്പിനെ ആസ്വദിക്കാനാകും വിധവും, ശുദ്ധമായ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തും വിധവും നൽകിയിരിക്കുന്ന നീളൻ ജനാലകളും, ഓപ്പണിങ്ങുകളും, കോർട്‌യാർഡും എല്ലാം അകത്തളങ്ങളിൽ സദാ കുളിർമ്മ കാത്തു സൂക്ഷിക്കുന്നു. പകൽ സമയത്ത് ലൈറ്റിന്റെയോ ഫാനിന്റെയോ ആവശ്യം വരുന്നില്ല. ഇതുവഴി നല്ലൊരു തുക വൈദ്യുതിയിനത്തിൽ ദീർഘകാലത്തേക്ക് ലാഭിക്കാം.

box-house-attingal-dine

ഓപ്പൺ കൺസെപ്റ്റ് എന്ന ആശയമാണ് ലിവിങ് കം ഡൈനിങ്ങിൽ പ്രാവർത്തികമാക്കിയിരിക്കുന്നത് എങ്കിലും ഒപ്പം സ്വകാര്യതയും നൽകിയിട്ടുണ്ട്. ലിവിങ്ങിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റെയർ കെയ്സ് ഡബിൾ ഹൈറ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ സ്റ്റെയർകെയ്സ് ഡിസൈൻ എലമെന്റായി വർത്തിക്കുന്നതോടൊപ്പം തന്നെ ലിവിങ്ങിനും വാഷ്ഏരിയക്കും ഇടയിലുള്ള പാർട്ടീഷനായും നിലകൊള്ളുന്നു.

box-house-attingal-upper

ഡൈനിങ് ഏരിയയുടെ ഭിത്തിയുടെ ഒരു ഭാഗം സ്റ്റോൺക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. ഇവിടെ ഒരു കോർട്‌യാർഡ് എന്ന ആശയവും നിവർത്തിച്ചു. പെബിൾ വിരിച്ച് ഭംഗിയാക്കിയ ഇവിടെ നാച്വറൽ പ്ലാന്റ് വെച്ചു പിടിപ്പിച്ചിരിക്കുന്നു. കോര്‍ട്‍യാർഡിനു മുകളിൽ ലൂവറുകള്‍ നൽകി ഓപ്പണിങ് ഗ്ലാസിന്റെ കൊടുത്തതിനാൽ നല്ല രീതിയിൽ വെളിച്ചം ഇവിടേക്കെത്തിക്കുന്നു.

box-house-attingal-bed

ആവശ്യങ്ങളാണ് അലങ്കാരങ്ങൾ

box-house-attingal-kitchen

അനാവശ്യ അലങ്കാരങ്ങൾ പാടെ ഒഴിവാക്കിയാണ് അറ്റാച്ച്ഡ് ബാത്റൂമോടുകൂടി കിടപ്പുമുറികളെല്ലാം ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജ് യൂണിറ്റുകളും, വാഡ്രോബ് യൂണിറ്റുകളും എല്ലാം വീട്ടുകാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ക്രമീകരിച്ചിട്ടുള്ളത്. ഇവിടെയും പ്രകൃതിയുടെ സാന്നിധ്യം എത്തിച്ചുകൊണ്ടുള്ള ഓപ്പണിങ്ങുകളും ജനാലകളും മുറികളെ കൂടുതൽ വിശാലമാക്കുന്നു. വെള്ളനിറത്തിന്റേയും പ്രകൃതിയുടെ പച്ചപ്പിന്റെയും ലയനം ശാന്തവും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

‘L’ ഷേപ്പ് ഫോർമാറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിച്ചൻ കൗണ്ടർ. മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡൈനിങ് കം കിച്ചനാണ് ഇവിടെ നൽകിയത്.

box-house-elevation

“മനസ്സും ശരീരവും ശാന്തമായിരിക്കണമെങ്കിൽ നമ്മൾ താമസിക്കുന്ന ഇടവും ശാന്തവും സുന്ദരവുമായിരിക്കണം. വീട്ടിലെ താമസക്കാരുടെ അഭിരുചികളാണ് ഡിസൈൻ നയങ്ങളും രീതികളുമായി പരിവര്‍ത്തിപ്പിക്കേണ്ടത്. ഇവിടെ ഞാൻ സ്വീകരിച്ചത് ഈ നയമാണ്. അതിനാൽ ഓരോ ഇടവും വീട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ടതും സുന്ദരവുമാകുന്നു.” രാധാകൃഷ്ണന്‍ പറയുന്നു.

Project Facts

Location- Attingal, Trivandrum

Area- 2010 SFT

Owner- Biji Chandran

Designer- Radhakrishnan

SDC Architects, Trivandrum

Ph- 9447206623, 0471-2363110

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com