ADVERTISEMENT

ചില വീടുകൾ പുറംകാഴ്ചയിൽ ഗംഭീരമായിരിക്കും, പക്ഷേ അകത്തേക്ക് കയറുമ്പോൾ വലിയ പുതുമ ഒന്നുമുണ്ടാകില്ല. ഇതുപോലെതന്നെ തിരിച്ചും സംഭവിക്കാറുണ്ട്. അത്തരമൊരു കഥയാണ് ഈ വീടിനു പറയാനുള്ളത്. എന്റെ പേര് ഷിഹാബുദീൻ. പ്രവാസിയാണ്. മലപ്പുറം മഞ്ചേരിയിലെ തറവാടിനോട് ചേർന്നുള്ള 11 സെന്റ് പ്ലോട്ടിലാണ് ഞാൻ പുതിയ വീട് നിർമിച്ചത്. പ്രത്യേക ആകൃതിയില്ലാതെ നീളത്തിലും വീതിയിലും ഏറ്റക്കുറച്ചിലുളള പ്ലോട്ടായിരുന്നു. ഈ വെല്ലുവിളി മറികടന്നാണ് വീടൊരുക്കിയത്. കുടുംബവീടിനോട് ചേർന്ന വശത്ത് മതിൽ കെട്ടേണ്ടി വന്നില്ല എന്നതിനാൽ അത്രയും സ്ഥലം കൂടി വിശാലമായി ലഭിച്ചു. മുറ്റത്ത് കടപ്പക്കല്ലും ഗ്രാസ്സും ഇടകലർത്തി നൽകി ഭംഗിയാക്കി.

luxury-home-manjeri-view

പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിനായി ബോക്സ് ആകൃതിയിലാണ് എലവേഷൻ ഒരുക്കിയത്. ചുറ്റുമതിലും ഇതേശൈലിയിൽ ക്രമീകരിച്ചു. മുൻവശത്തെ സിറ്റൗട്ടിൽ നിന്നും കാർ പോർച്ചിൽ നിന്നും അകത്തേക്ക് പ്രവേശിക്കാം. വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവ 3360 ചതുരശ്രയടിയിൽ ഒരുക്കി. 

luxury-home-manjeri-living

ബ്രൗൺ+ വൈറ്റ് തീമിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. മാർബിളാണ് നിലത്തു വിരിച്ചത്. ഇൻഡോർ പ്ലാന്റുകൾ നൽകി അകത്തളം ഹരിതാഭമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വോൾപേപ്പറും ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും ഉള്ളിൽ പ്രസന്നത നിറയ്ക്കുന്നു. തുറസായ ഇടങ്ങൾക്കൊപ്പം സ്വകാര്യതയും ഉറപ്പു വരുത്തണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഫാമിലി ലിവിങ്ങിനും ഊണുമുറിക്കും ഇടയിൽ സെമി പാർടീഷൻ നൽകിയത് ഇതിനുദാഹരണമാണ്.

luxury-home-manjeri-formal

വീട്ടിൽ ഞങ്ങളുടെ ഇഷ്ട ഇടം ഫാമിലി ലിവിങ്ങിനു സമീപമുള്ള പാഷ്യോയാണ്. അടുത്ത അതിഥികൾ വരുമ്പോൾ ഞങ്ങൾ ഒത്തുകൂടുന്നത് ഇവിടെയാണ്. സീലിങ്ങിലെ ഗ്ലാസ് പർഗോളയിലൂടെ പ്രകാശം ഇവിടേക്ക് വിരുന്നെത്തും. അടുക്കളയിൽ നിന്നും നേരിട്ട് ഭക്ഷണം എത്തിക്കാനായി ഒരു കൗണ്ടർ സ്‌പേസും ഇതിനിടയിൽ ക്രമീകരിച്ചിട്ടുണ്ട്.

luxury-home-elevation-yard

ഊണുമുറി ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇതും അകത്തേക്ക് കയറുമ്പോൾ കൂടുതൽ വിശാലത തോന്നിക്കാൻ സഹായിക്കുന്നു.

വീട്ടിൽ എത്തിയ അതിഥികൾക്ക് ഇഷ്ടമായ മറ്റൊരു ഇടം ഗോവണിയും മുകൾനിലയിലെ സ്‌കൈലൈറ്റുകളുമാണ്. ഓരോ സമയത്തും സൂര്യന്റെ സ്ഥാനം അനുസരിച്ച് വെയിൽചിത്രങ്ങൾ വീടിനുള്ളിൽ ഡാൻസ് കളിക്കും. തടിയും ടഫന്റ് ഗ്ലാസ്സുമാണ് കൈവരികളിൽ ഉപയോഗിച്ചത്.

luxury-home-manjeri-upper

ഗോവണി കയറി ചെല്ലുമ്പോൾ അപ്പർ ലിവിങും ടിവി ഏരിയയുമുണ്ട്. 

luxury-home-manjeri-balcony

മൈക്ക ഫിനിഷിലാണ് അടുക്കളയിലെ കബോർഡുകൾ. വൈറ്റ് മൈക്ക ഫിനിഷിൽ ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്.  

luxury-home-manjeri-kitchen

നാലു കിടപ്പുമുറികളൂം വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഫ്‌ളോട്ടിങ് ശൈലിയിൽ കിടക്കയും ഇൻബിൽറ്റ് വാഡ്രോബുകളും ഒരുക്കിയത് കൂടുതൽ സ്ഥല ഉപയുക്തത നൽകുന്നു. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ കിടപ്പുമുറികൾക്ക് ഇൻഡസ്ട്രിയൽ വർക്ക് ചെയ്തു ബാൽക്കണിയും നൽകി. 

luxury-home-manjeri-bed

വീട്ടിൽ എത്തിയ പലരും പറഞ്ഞത് പുറംകാഴ്ച കണ്ടപ്പോൾ ഉണ്ടായ മുൻവിധികൾ എല്ലാം അകത്തേക്ക് കയറിയപ്പോൾ മാറിയെന്നാണ്. അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഞങ്ങൾക്കും സന്തോഷം..

 

Project Facts

Location- Manjeri, Malappuram

Plot- 11 cent

Area- 3360 SFT

Owner- Shihabudeen

Designer- Shameer Babu

Shameer Associates

Mob-  75106 00504

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com