ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കിനാശേരിയിലുള്ള ഷബീറിന്റെ വീട് ഒരു സംഭവമാണ്. കലാമേഖലയിൽ ജോലി ചെയ്യുന്ന ഷബീറിന് തന്റെ വീടും ക്രിയേറ്റീവ് ആയ ഒരിടമായിരിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ചെപ്പടിവിദ്യകൾ കൊണ്ട് തീർക്കുന്ന മായാജാലമാണ് അകത്തളങ്ങളുടെ സവിശേഷത. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. മുപ്പതു സെന്റിൽ സമീപത്തുതന്നെ ഷബീറിന്റെ സഹോദരന്റെ വീടും സ്ഥിതിചെയ്യുന്നു. കാർപോർച്ചും സിറ്റൗട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. 

creative-home-calicut-living

വീട്ടിലെ ശ്രദ്ധാകേന്ദ്രം ഗോവണിയും സമീപം ഒരുക്കിയ കോർട്യാർഡുമാണ്. തടിയും ടഫൻഡ് ഗ്ലാസുമാണ് ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ ഗോവണിയുടെ കൈവരികളിൽ നിറയുന്നത്. ഒരു വശത്തു ഇൻഡസ്ട്രിയൽ വർക്ക് ചെയ്തു പാർടീഷൻ ഒരുക്കി. മറുവശത്തു പ്ലൈവുഡ് കൊണ്ടുള്ള വോൾ ഡിസൈനുകളും നൽകി.  ഡബിൾ ഹൈറ്റിലാണ് ഇവിടെ സീലിങ്. മുകളിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. 

creative-home-calicut-stair
creative-home-calicut-stairview

മരത്തിന്റെ വേരിനു മുകളിൽ ഗ്ലാസ് ടോപ് നൽകിയാണ് സ്വീകരണമുറി അലങ്കരിക്കുന്ന ടീപോയ് നിർമിച്ചത്. സ്വീകരണമുറിയും കടന്നു അകത്തേക്ക് കയറുമ്പോൾ കണ്ണുടക്കുന്നത് ഊണുമേശയിലാണ്. ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയുടെ ടേബിൾ ടോപ് സംഘടിപ്പിച്ചത് ഇന്തോനേഷ്യയിൽ നിന്നാണ്. ഇരിപ്പിടങ്ങൾ നാടനും. മരമില്ലിൽ നിന്നും മേടിച്ച ഒറ്റത്തടിയാണ് വാഷ്ബേസിന്റെ ശരീരമായി മാറിയത്. 

creative-home-calicut-court

കജാരിയയുടെ മാർബിൾ ഫിനിഷിലുള്ള സ്ലാബുകളാണ് നിലത്തുവിരിച്ചത്. കിടപ്പുമുറികളിലും ചില പൊതുവിടങ്ങളിലും റസ്റ്റിക് ഫിനിഷുള്ള വുഡൻ ഫ്ളോറിങ്ങും ചെയ്തിട്ടുണ്ട്.

creative-home-calicut-dine

ഊണുമുറിയുടെ പിന്നിൽ ആദ്യം ചെറിയ ജനാല നൽകാനായിരുന്നു പദ്ധതി. പക്ഷേ ഇപ്പോൾ പിന്നിലുള്ള വലിയ ഗ്ലാസ് ജനാലയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. ചെറിയ പ്ലോട്ടായതിനാൽ ഊണുമുറിയുടെ തൊട്ടുപിന്നിലായാണ് ചുറ്റുമതിൽ വന്നിരുന്നത്. അതിനെ കലാപരമായി ഉയർത്തി എടുത്തു ഭിത്തിയാക്കി മാറ്റി. എന്നിട്ട് അതിനിടയിൽ പ്ലാന്റർ ബോക്സുകളും വെർട്ടിക്കൽ ഗാർഡനും ഒരുക്കി. ഊണുമുറിയിൽ നിന്നും കാഴ്ച ആസ്വദിക്കുന്നതിനു വേണ്ടി ഭിത്തി മുഴുനീളത്തിൽ ഗ്ലാസ് ജനാലയും നൽകി. 

creative-home-calicut-dine-hall

സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. ഹെഡ്ബോർഡിൽ വോൾപേപ്പറും ടെക്സ്ചർ പെയിന്റുമൊക്കെ നൽകി കളറാക്കിയിട്ടുണ്ട്. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയും നൽകിയിട്ടുണ്ട്. 

creative-home-calicut-bed

ഗ്ലാസ് ഫിനിഷിലാണ് മോഡുലാർ ശൈലിയിൽ ഒരുക്കിയ അടുക്കളയുടെ ഡിസൈൻ. ഇൻബിൽറ്റ് അവ്ൻ, ഫ്രിജ് സൗകര്യങ്ങളും നൽകിയിട്ടുണ്ട്.

creative-home-calicut-kitchen

മുകൾനിലയിലെ ലൈബ്രറിയാണ് മറ്റൊരു താരം. ഒറ്റത്തടിയിൽ പ്ലൈവുഡ് കൊണ്ട് തട്ടുകൾ നൽകിയാണ് ഇതൊരുക്കിയത്.

creative-home-calicut-upper

മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഉറപ്പിച്ചു. ഓപ്പൺ ടെറസിലും പ്ലാന്റർ ബോക്സുകൾ നൽകി ഭംഗിയാക്കിയിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 65 ലക്ഷമാണ് ചെലവായത്. ഓരോ ഇടങ്ങളും തലപുകഞ്ഞിരുന്നു ആലോചിച്ചാണ് ഡിസൈൻ ചെയ്തത്. അതിന്റെ ഭംഗി അകത്തളങ്ങളിൽ കാണാനുമുണ്ട്. വീട്ടിൽ എത്തുന്ന അതിഥികളുടെ അഭിനന്ദനങ്ങൾ തന്നെയാണ് ഏറ്റവും വലിയ അംഗീകാരം എന്ന് ഉടമസ്ഥനും പറയുന്നു.

creative-home-calicut-view

ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Kinasseri, Calicut

Area- 3000 SFT

Plot- 30 cent

Owner- Shabeer

Designer- Muhammed Anees

Mob- 9446312919

Iama Designs

Contractor- Sumi, SA Concepts

Completion year- 2019 Feb

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com