ADVERTISEMENT

ഇടപ്പിള്ളിയിൽ സ്ഥലപരിമിതികളെ അപ്രസകതമാക്കി 5 സെന്റിൽ വിശാലമായ വീട് പണിതതിന്റെ വിശേഷങ്ങൾ അൻസൽ പങ്കുവയ്ക്കുന്നു...

5-cent-home-idappilly

പുറമെ നിന്നും നോക്കിയാൽ ലക്ഷണമൊത്ത പ്ലോട്ട് ആണെന്ന് തോന്നും. അകത്തേക്ക് കയറുമ്പോഴാണ് ഒടിവും ചരിവും ദൃശ്യമാവുക. ഇവിടെ സൗകര്യങ്ങളുള്ള വീട് പണിയാനാകുമോ എന്ന് ആശങ്കകൾ ഉണ്ടായിരുന്നു. നഗരത്തിലെ പ്ലോട്ട് ആയതുകൊണ്ട് ചുറ്റുപാടും വീടുകളാണ്. അതുകൊണ്ട് വീടിനുള്ളിൽ പച്ചപ്പിന്റെ സാന്നിധ്യവും ശ്വാസം മുട്ടിക്കാത്ത അന്തരീക്ഷവും ഉണ്ടാകണം എന്നതുമാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. ആവശ്യം ഡിസൈനർ ഷിന്റോയെ അറിയിച്ചു. ഷിന്റോ പ്ലോട്ട് വന്നു കണ്ടു. പ്ലാൻ വരച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ഞങ്ങൾ ആഗ്രഹിച്ചതിലും ഭംഗിയായി വീട് ഉയർന്നു.

കടുംവർണങ്ങൾ നൽകാതെ ഇളംനിറങ്ങളാണ് പുറംഭിത്തിയിൽ നിറയുന്നത്. സിമന്റ് ടെക്സ്ചറും സിമന്റ് ഫിനിഷും വീടിനു വ്യത്യസ്തമായ ലുക്ക് നൽകുന്നുണ്ട്. വീടിന്റെ തുടർച്ച പോലെ ചുറ്റുമതിലിലും ഇതേ നിറങ്ങൾ നൽകി. 

5-cent-home-idappilly-living

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 2278 ചതുരശ്രയടിയിൽ ഒരുക്കിയത്. സ്വീകരണമുറിയാണ് ഈ വീട്ടിലെ ശ്രദ്ധാകേന്ദ്രം.

5-cent-home-idappilly-greenery

ഇവിടം ഡബിൾ ഹൈറ്റിലാണ്. മുകൾനിലയിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കും. വശങ്ങളിൽ വെർട്ടിക്കൽ പർഗോളകൾ നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. കൊച്ചിയിലെ കൊതുകുശല്യം ചെറുക്കാൻ ഇതിൽ കൊതുകുവലകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു ഭിത്തിയിൽ സിമന്റ് ടെക്സ്ചർ നൽകി തടിയുടെ സ്ട്രിപ്പുകൾ ഭംഗിക്കായി ഒട്ടിച്ചു. ഇതിനുസമീപം ഇൻഡോർ പ്ലാന്റുകൾ നൽകി. 

5-cent-home-idappilly-dine

ഫാമിലി ലിവിങ്, ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഊണുമുറിയുടെ വശത്തെ ഭിത്തിയിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. ഇത് തുറക്കുന്നത് ചുറ്റുമതിലിനു സമീപത്തെ പാഷ്യോ സ്‌പേസിലേക്കാണ്. ഊണുമുറിയിലും ഇൻഡോർ പ്ലാന്റുകൾ നൽകിയിട്ടുണ്ട്. മിനിമൽ ശൈലിയിൽ ഫോൾസ് സീലിങ് നൽകി ലൈറ്റുകൾ ക്രമീകരിച്ചു.

5-cent-home-idappilly-upper

വുഡ്, ടഫൻഡ് ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ സീലിങ്ങിലും പർഗോള നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നുണ്ട്. ഗോവണി കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങും ടിവി ഏരിയയും ക്രമീകരിച്ചു.

5-cent-home-idappilly-kitchen

ഓപ്പൺ ശൈലിയിലാണ് കിച്ചൻ. മൾട്ടിവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്.

5-cent-home-idappilly-bed

കിടപ്പുമുറികളിൽ വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. ഒരു കിടപ്പുമുറിയിൽ നൽകിയ തേക്കാത്ത ഇഷ്ടികച്ചുമരിനെ അനുസ്മരിപ്പിക്കുന്ന വോൾപേപ്പർ മകന്റെ ഐഡിയയാണ്.

തുറസായ ശൈലിയിൽ ഇടങ്ങൾ ഒരുക്കിയത് കൊണ്ട് ഞെരുക്കവും തോന്നില്ല. മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നത് കൊണ്ട് വീടിനുള്ളിൽ ചൂട് അധികം അനുഭവപ്പെടാറില്ല. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ചതുരശ്രയടിക്ക് 2650 രൂപയിൽ നിർമാണം പൂർത്തീകരിക്കാനായതും ഗുണകരമായി. നന്നായി പ്ലാൻ ചെയ്താൽ സ്ഥലപരിമിതിയിലും ആഗ്രഹങ്ങൾ സഫലമാക്കുന്ന ഭവനമൊരുക്കാം എന്നതാണ് വീടുപണിയിലൂടെ ഞങ്ങൾ പഠിച്ച പാഠം.

Project Facts

Location - Edappilli, Ernakulam

Plot- 5 Cents

Area- 2278 SFT

Owner- Anzal Muhammed

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Completion Year - 2019 March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com