ആളുകൾ ഈ വീട് കാണാൻ എത്തുന്നു; എന്തായിരിക്കും ആ രഹസ്യം!
Mail This Article
ആദ്യ കാഴ്ചയിൽ തന്നെ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന സൗന്ദര്യമാണ് തൊടുപുഴക്കാരൻ ബിനുവിന്റെ വീടിന്റെ ഹൈലൈറ്റ്. 52 സെന്റിൽ 4279 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. കൊളോണിയൽ – കന്റംപ്രറി ശൈലികൾ സമന്വയിപ്പിച്ചാണ് രൂപകൽപന. സ്ലോപ് റൂഫിന് മുകളിൽ ഓട് മേഞ്ഞതോടെ വീടിന്റെ പ്രൗഢി വർധിക്കുന്നു. ഡോർമർ ജനാലകൾ ഭംഗിക്കൊപ്പം പ്രകാശത്തെയും അകത്തേക്ക് ആനയിക്കുന്നു. വീടിന്റെ ദൃശ്യസാധ്യത മുതലെടുക്കുംവിധം പിന്നിലേക്കിറക്കിയാണ് നിർമാണം. മുറ്റം കടപ്പക്കല്ലും പുല്ലും നൽകി അലങ്കരിച്ചു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അഞ്ച് ബെഡ്റൂമുകൾ, കോർട്ട്‍യാർഡ്, കിച്ചൻ, എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. കാറ്റിനും വെളിച്ചത്തിനും കയറിയിറങ്ങിപ്പോകാൻ ഇടങ്ങൾ നൽകിയിട്ടുണ്ട്. തുറസായ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. രണ്ട് കോർട്യാർഡുകൾ വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നു. ഇതുകൂടാതെ ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും വീടിനുള്ളിൽ പ്രസന്നത നിറയ്ക്കുന്നു.
ഫാമിലി–ഡൈനിങ് ഏരിയകൾ വേർതിരിക്കാൻ ടിവി യൂണിറ്റ് പാർടീഷനായി നൽകി. ഫാമിലി ലിവിങ്ങിൽ ഒരു ഭിത്തി ക്ലാഡിങ് ചെയ്തു പൂജാസ്‌പേസ് വേർതിരിച്ചു. വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റും ഇടകലർത്തിയാണ് നിലം ഒരുക്കിയത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു.
മുതിർന്നവരുടെ കിടപ്പുമുറികൾ ലളിതമായി ഒരുക്കി. കുട്ടികളുടെ മുറി പർപ്പിൾ, പിങ്ക് തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി.
മൾട്ടിവുഡ്– മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളും കിച്ചനിൽ ഒരുക്കിയിട്ടുണ്ട്. സമീപം വർക്കേരിയ ക്രമീകരിച്ചു. വ്യത്യസ്ത ശൈലികൾ ഫലപ്രദമായി സമന്വയിപ്പിക്കാനായത് വീടിന്റെ അകത്തളങ്ങൾ സുന്ദരവും സജീവവും ആക്കി മാറ്റുന്നു. രണ്ടു നിർമ്മാണശൈലികൾ എങ്ങനെ ഫലപ്രദമായി സംയോജിപ്പിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ഈ വീട്. അതിനാൽ ഇത്തരം വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർ ഈ വീട് കാണാൻ വരാറുണ്ട്.
Project Facts
Location- Thodupuzha
Area- 4279 SFT
Plot- 52 cent
Owner- Binu Pillai
Designer- Sreerag Paramel
Creo Homes, Ernakulam
Mob- 96459 99975