മഞ്ചേരി സ്വദേശി സലാമിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു നാട്ടിൽ സൗകര്യങ്ങൾ എല്ലാമുള്ള ഒരു വീട്. അടുത്തിടെ ആ സ്വപ്നം സഫലമായി. 30 സെന്റിൽ 4500 ചതുരശ്രയടിയിലാണ് ആഡംബര വീട് തലയുയർത്തി നിൽക്കുന്നത്. വീടിന്റെ തലയെടുപ്പ് ദൃശ്യമാകുംവിധം പിന്നിലേക്കിറക്കിയാണ് പണിതത്. മുറ്റം ലാൻഡ്സ്കേപ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി നൽകി മുറ്റം ഉറപ്പിച്ചു. പല ഉയരത്തിലുള്ള ബോക്സുകളുടെ സങ്കലനമാണ് പുറംകാഴ്ച. ഹൻഡർമാക്സ് പാനലുകളാണ് പുറംഭിത്തിയിൽ വേർതിരിവ് നൽകുന്നത്.

വർണാഭമായ കാഴ്ചകളുടെ ഉത്സവമാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. വോൾപേപ്പർ, ക്യൂരിയോസ്, കർട്ടനുകൾ എന്നിവയെല്ലാം അകത്തളത്തെ സജീവമാക്കുന്നു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്.

സ്വീകരണമുറിയുടെ ഭിത്തിയിൽ ഒരുക്കിയ ത്രീ ഡി വോൾപേപ്പർ കൗതുകകരമാണ്. ഇതും കടന്നു പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. ഇതിനു വശത്തായി ഗോവണി. ഇതിന്റെ വശത്തെ ഭിത്തിയിൽ മഞ്ഞനിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഗോവണിയുടെ താഴെയായി ടിവി ഏരിയ ക്രമീകരിച്ചു. ഊണുമുറി വരുന്ന ഭാഗം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത പകരുന്നു.

കോർട്യാർഡാണ് അകത്തളത്തിലെ താരം. ഡബിൾ ഹൈറ്റിലൊരുക്കിയ ഇവിടെ സീലിങ്ങിൽ സ്‌കൈലൈറ്റ് പ്രകാശം പൊഴിക്കുന്നു. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി അലങ്കരിച്ചു. ഇതിലൂടെ നടക്കാൻ വുഡൻ ഡെക്കുകളും നൽകിയിട്ടുണ്ട്.

കമനീയമായാണ് അഞ്ചു കിടപ്പുമുറികളും ഒരുക്കിയത്. ജിപ്സം ഫോൾസ് സീലിങ്ങിന് അകമ്പടിയായി വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. ഒരു കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ വുഡൻ സ്ട്രിപ്പുകൾ നൽകിയ ഡിസൈൻ ശ്രദ്ധേയമാണ്. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയും മുറികളിൽ ഒരുക്കി.

ഐലൻഡ് ശൈലിയിലാണ് അടുക്കള. കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിൽ വിരിച്ചത്. പ്ലൈവുഡ്+ ഗ്ലോസി മൈക്ക ഫിനിഷിലാണ് കബോർഡുകൾ.

വീട്ടിലെത്തിയ അതിഥികളും കാഴ്ചകളുടെ ഒരുത്സവം കണ്ട പ്രതീതിയിലാണ് മടങ്ങുന്നത്. രാത്രിയിൽ സ്പോട് ലൈറ്റുകൾ കൂടി കൺതുറക്കുന്നതോടെ വീടിന്റെ മൊഞ്ച് വീണ്ടും വർധിക്കുന്നു.
Project Facts
Location:- manjeri
Plot:- 30 cent
Area :- 4500 sqft
Owner:- Salam
Designer:- Jamsheed
Creative Design , Manjeri
Mob:- 9995020311
Completion - 2018