ADVERTISEMENT

എന്റെ പേര് ജയേഷ്.  കോഴിക്കോട് നന്മണ്ടയിൽ ഞങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിച്ച നിർമാല്യം എന്ന വീടിനെ കുറിച്ചുള്ള കഥയാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ചോര്‍ന്നൊലിക്കുന്ന ഒരോലപ്പുരയിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഓരോ ഇടവപ്പാതിയും , കൊല്ലവർഷവും വീട്ടിനുള്ളിലേക്ക് തുള്ളിക്കൊരുകുടം കണക്കിന് വെള്ളം കോരിയൊഴിച്ചു കൊണ്ട് കടന്നുപോയപ്പോൾ, സ്‌കൂൾ പുസ്തകങ്ങൾ മഴയത്തു നനയാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിക്കേണ്ടി വന്നു. മഴയ്ക്ക് കൂട്ടായെത്തുന്ന കാറ്റ് പഴയ സാരിത്തുമ്പ് വലിച്ചു കെട്ടിയ ജനാലയുടെ വിടവിലൂടെ ഒളിച്ചു കടന്ന്, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനെ വീണ്ടും വീണ്ടും കെടുത്തുന്നതിൽ ഹരം കണ്ടെത്തി. 

stage-one

അടച്ചുറപ്പുള്ള ഒരു വീട് നൽകുന്ന സുരക്ഷിതത്വം അന്നേ കൊതിച്ചതാണ്. വർഷങ്ങളായി അത് മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. അന്ന് കണ്ട സ്വപ്നം, ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. ആദ്യ ജോലി കിട്ടി ഹൈദരാബാദിൽ ചെന്നെത്തിയപ്പോഴാണ് വീടെന്ന സ്വപ്നത്തിനു ചിറകുകൾ വയ്ക്കാൻ തുടങ്ങിയത്. രണ്ടു മുറിയുള്ള ഒരുനില വീട്, അതായിരുന്നു മനസ്സിൽ. പിന്നീട് ISRO-യിൽ ജോലി കിട്ടി ബെംഗളൂരുവിലേക്ക് വണ്ടി കയറി. കൈയിൽ അൽപ്പം കാശ് വന്നുകേറിയപ്പോൾ നാട്ടിൽ റോഡ് സൈഡിൽ കുറച്ചു സ്ഥലം വാങ്ങിച്ചു. കിണറും കുഴിച്ചു. അടുത്തവർഷം  തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ കിട്ടി. അതോടൊപ്പം തന്നെ ഒരുനില വീട് എന്ന പ്ലാൻ രണ്ടു നിലയിലേക്ക് വളർന്ന് പന്തലിച്ചു.

ബജറ്റ് കുറക്കാൻ ലക്ഷ്യമിട്ടാണ് വീട് സ്വന്തമായി ഡിസൈൻ ചെയ്തു നിർമിക്കാം എന്ന് കരുതിയത്. അച്ഛൻ ഒരു നിർമാണത്തൊഴിലാളിആയതിനാൽ അളവുകൾക്കും മറ്റു സാങ്കേതികകാര്യങ്ങൾക്കും  അച്ഛന്റെ സഹായമുണ്ടായിരുന്നു. മാത്രവുമല്ല പണിക്കാർക്കായി അലഞ്ഞു തിരിയേണ്ട ആവശ്യവും വന്നിട്ടില്ല. ഫൗണ്ടേഷൻ മുതൽ ഫിനിഷിങ് വരെ എല്ലാത്തിനും അച്ഛന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഉണ്ടായിരുന്നു. ആ ഒരു ധൈര്യമാണ് സ്വന്തമായി വീട് ഡിസൈൻ ചെയ്തു നിർമ്മിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. പ്ലാൻ വരയ്ക്കാനായി ഓൺലൈനിൽ ലഭ്യമായ ഡ്രോയിങ് സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി. കൂടാതെ ഓട്ടോ -കാഡ് ചെറുതായി പഠിക്കുകയും ചെയ്തു. വീടിന്റെ പ്ലാൻ വരക്കൽ മുതൽ വീട്, പണി പൂർത്തിയായാൽ എങ്ങനെയിരിക്കും എന്ന് വിഷ്വലൈസ് ചെയ്യാൻ വരെയുള്ള ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്. പഞ്ചായത്തിൽ പെർമിഷൻ എടുക്കാനുള്ള ഡ്രോയിങ് മാത്രം ഒരു ആർക്കിടെക്ടിനെ കൊണ്ട് വരപ്പിച്ചു.

stage-two

ചെങ്കൽപ്രദേശമായതിനാൽ ഫൗണ്ടേഷൻ പണിയാൻ പൈലിങ്ങിന്റെയോ, ബെൽറ്റ് വാർക്കേണ്ടതോ ആയ ആവശ്യം വന്നില്ല. കരിങ്കല്ല് കൊണ്ടാണ് അടിത്തറ പണിതത്. കിണറു കുഴിക്കുമ്പോൾ പൊട്ടിച്ചെടുത്ത പാറക്കഷണങ്ങൾ മാത്രമാണ് ഇതിനു ഉപയോഗിച്ചത്. വീടിന്റെ ചുറ്റുമതിലിന്റെ ഒരു വശം പണിയാനും ഇതുപയോഗിച്ചു. അങ്ങനെ വലിയൊരളവിൽ ചെലവ് ചുരുക്കൽ ഇവിടെ സാധ്യമായി. ചുമര് കെട്ടാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്.

മിനിമലിസ്റ്റിക് ശൈലിയിൽ ഫ്ലാറ്റ് ആയിട്ടാണ് റൂഫ് പണിതിരിക്കുന്നത്. ബാൽക്കണി റൂഫിൽ പർഗോളകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തപ്പോൾ തന്നെ കൺസീൽഡ് LED ലൈറ്റുകൾക്കുള്ള ഇലക്ട്രിക്ക് പോയിന്റുകളും ബോക്‌സും ഇട്ടു വച്ചിരുന്നു. അങ്ങനെ ഫാൾസ് സീലിങ്ഇല്ലാതെ തന്നെ സീലിങ് ലൈറ്റ്‌സ് ഫിറ്റ് ചെയ്യാൻ സാധിച്ചു. 

രണ്ടു റൂമുകളിലാണ് അറ്റാച്ഡ് ബാത്റൂമുകൾ നൽകിയിട്ടുള്ളത്. ബാത്റൂമിനെ വെറ്റ് / ഡ്രൈ ഏരിയകളായി തിരിച്ചാണ് സാനിറ്ററി ഐറ്റംസ് പ്ലേസ് ചെയ്തിട്ടുള്ളത്. കൺസീൽഡ് ക്ലോസെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുനിലകളിലുമുള്ള ബാത്റൂമുകൾ വീടിന്റെ ഒരേ ഭാഗത്തു വരുന്നതിനാൽ, പ്ലമിങ് ലൈനുകളുടെ ദൈർഘ്യം കുറക്കാൻ സഹായകമായി. രണ്ടു ബാത്റൂമുകളിലേക്കായി ഒരു ഹീറ്റർ യൂണിറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുകളിലെ നിലയിൽ സ്ഥാപിച്ച ഹീറ്ററിൽ നിന്ന്, താഴത്തെ ബാത്റൂമിലേക്ക് ഹോട്ട് ലൈനുകൾ ഇട്ടിട്ടുണ്ട്. രണ്ടു ബാത്റൂമിൽ നിന്നും ഓൺ ചെയ്യാവുന്ന രീതിയിലാണ് ഹീറ്റർ പവർ സ്വിച്ച് ക്രമീകരിച്ചിട്ടുള്ളത്.

reader-home-dine

വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം ലഭ്യമാകുന്ന, എന്നാൽ എലഗന്റ് ലുക്ക് നൽകുന്ന ഐവറി കളറാണ് തിരഞ്ഞെടുത്തത്. അടുക്കളയിൽ മാറ്റ് ഫിനിഷുള്ള ടയിലും. ഓപ്പൺ ടെറസിലും മാറ്റ് ഫിനിഷ് ടൈലുകൾ ഉപയോഗിച്ചു. സ്റ്റെയറിനു ബ്ളാക്ക് ഫുൾ ബോഡി ടൈയിൽ ഉപയോഗിച്ചു.

ഓഫ് വൈറ്റ്, ഗ്രേ എന്നീ രണ്ടു നിറങ്ങൾ മാത്രമേ പെയിന്റിങ്ങിനു ഉപയോഗിച്ചിട്ടുള്ളൂ. പാരപ്പെറ്റിനും ഷേഡിനുമാണ് ഗ്രേ കൂടുതലായി ഉപയോഗിച്ചത്. മറ്റിടങ്ങളെല്ലാം ഓഫ് വൈറ്റ് ആണ്. 

reader-home-living-area

വീടുനിർമ്മാണത്തിനു മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നത് തുടക്കം മുതലേ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയാവുന്നിടത്തോളം മരത്തിനു പകരം ഇതരമാർഗങ്ങൾ അവലംബിച്ചു. ജനലിന്റെയും വാതിലിന്റെയും കട്ടിള സ്‌ക്വയർ GI പൈപ്പുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പു പൈപ്പുകൾ മൊത്തത്തിൽ വാങ്ങിച്ചു വീട്ടിൽത്തന്നെ വെൽഡ് ചെയ്തുണ്ടാക്കി. അലുമിനിയവും ഗ്ലാസ്സും ഉപയോഗിച്ചാണ് ജനൽപ്പാളികകൾ നിർമ്മിച്ചത്. വാതിലുകൾക്കായി മോൾഡഡ് പാനൽ ഡോറുകൾ വാങ്ങിച്ചു. മരം വാങ്ങുന്നവകയിൽ ഒരു നല്ല തുക അങ്ങനെ കയ്യിൽത്തന്നെ ഇരുന്നു. പരമാവധി ക്രോസ്‌ വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ജനലും വാതിലും നൽകിയിട്ടുള്ളത്. ഹാളിലെ ചൂടുവായു പുറത്തുപോകാനായി സ്റ്റെയറിനു മുകളിലുള്ള ജനലിന്റെ ഒരു ഭാഗത്തു ജനൽപ്പാളി നൽകാതെ പകരം വീതികുറഞ്ഞ GI പൈപ്പുകൾ ആവശ്യത്തിന് വിടവിട്ടു ചരിച്ചു വെൽഡ് ചെയ്തു..

reader-home-kitchen

മോഡുലാർ കിച്ചൻ ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ അവസാനമാകുമ്പോഴേക്കും ബജറ്റ് ബാക്കിയുണ്ടാകുമോ എന്നായിരുന്നു സംശയം, ബജറ്റ് ചെറുതായിട്ട് കൈവിട്ടു പോയെങ്കിലും ഇന്റീരിയർ വർക്കുകൾ ചെയ്യാനുള്ള ഫണ്ട് ബാക്കിയുണ്ടായിരുന്നു. മറൈൻ പ്ലൈയും, മൈക്കയും ആണ് കിച്ചണിൽ യൂസ് ചെയ്തത്. നാനോ വൈറ്റ് നൽകാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മെറ്റീരിയൽ കോസ്റ്റ് കൂടുതൽ ആയതിനാൽ ഗ്രാനൈറ്റ് ആണ് കിച്ചൻ ടോപ്പ് ആയി യൂസ് ചെയ്തത്.

reader-home-bed

ബെഡ് റൂമുകളിലെ കട്ടിൽ, വാർഡ്രോബ്, ഡ്രസിങ് ടേബിൾ എന്നിവ മറൈൻ പ്ലൈയും, വെനീരും ഉപയോഗിച്ചാണ് നിർമ്മിച്ചത്. കട്ടിലിനുള്ളിൽ സ്റ്റോറേജ് സ്‌പേസ് നൽകി. പ്ലൈ ഉപയോഗിച്ചുണ്ടാക്കിയ വാഷ് കൗണ്ടറുകളിൽ ഗ്രാനൈറ്റ് ടോപ്പിംഗ് ആണ് നൽകിയത്.

reader-home-living

ടീവി വാൾ, ഷോകേസ് മുതലായവയും മറൈൻ പ്ലൈ ഉപയോഗിച്ചാണ് ചെയ്തത്.

ഗോവണിയുടെ കൈവരികൾക്ക് സ്‌ക്വയർ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. ബാൽക്കണിയിലെ പർഗോള കവർ ചെയ്യാൻ ഗ്ലാസിന് പകരം കളേർഡ് പോളികാർബണേറ്റ് ഉപയോഗിച്ചത് ചെലവ് കുറച്ചു. 

ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും, വീട്ടുപകരണങ്ങളും മിക്കതും ഓൺലൈനിൽ ആണ് വാങ്ങിച്ചത്. പല പ്രോഡക്റ്റുകളും വില താരതമ്യം ചെയ്തും, ഓഫറുകളും വിലക്കുറവും വരുമ്പോഴും വാങ്ങിച്ചു വയ്ക്കാനും ഇത് മൂലം സാധിച്ചു. 

റെഡിമെയ്ഡ് കോൺക്രീറ്റ് ഷട്ടറുകൾ ഉപയോഗിച്ചാണ് ഒരു ഭാഗത്തെ ചുറ്റുമതിൽ ചെയ്തിരിക്കുന്നത്. മറുഭാഗത്തു കിണറു കുഴിച്ചപ്പോൾ കിട്ടിയ കരിങ്കല്ലും ഉപയോഗിച്ചു. മുൻവശത്തെ മതിലിനു ചെങ്കല്ല് ഉപയോഗിച്ചു. ഗേറ്റ് GI സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചു. കാർ പോർച്ചും വീടിന്റെ ചുറ്റുഭാഗവും സിമന്റ് ഇന്റർലോക്ക് ബ്രിക്സ് വിരിച്ചു. മുറ്റത്തു കല്ല് പാകാൻ നിന്നില്ല. മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ വിട്ടു.

അങ്ങനെ ജീവിതത്തിൽ ആകെ കണ്ട ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. അതും സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരം തരുന്നു. ഇനിയുള്ള സ്വപ്നങ്ങൾ ഇവിടെ നിന്ന് തുടങ്ങുന്നു.

Project Facts

Location- Nanminda, Kozhikode

Area- 1950 SFT 

Plot-11 cent 

Owner & Designer- Jayesh CS

ISRO-Thiruvananthapuram

Mob- 8884979444

Budget : 30 Lakhs + 10 Lakhs (For interior, furnishing)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com