എല്ലാവർക്കും ഈ വീടിനെക്കുറിച്ച് അറിയാനാണ് കൗതുകം

exterior-with-landscape
SHARE

കോഴിക്കോട് ജില്ലയിലെ മൂടാടിയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പി കെ സിദിഖ് പങ്കുവയ്ക്കുന്നു. 

ഞാൻ പ്രവാസിയാണ്. മിക്ക പ്രവാസികളെയും പോലെ നാട്ടിൽ ഭംഗിയുള്ള ഒരു വീട് സ്വപ്നമായിരുന്നു. ഡിസൈനർ മുനീറിനെയാണ് (നുഫൈൽ മുനീർ അസോഷ്യേറ്റ്സ്, മഞ്ചേരി) വീടിന്റെ നിർമാണം ഏൽപിച്ചത്.

പുറംകാഴ്ചയിൽ അധികം വളച്ചുകെട്ടലുകൾ ഇല്ലാത്ത സിംപിളായിട്ടുള്ള എലവേഷൻ മതി എന്ന് ഡിസൈനറോട് പറഞ്ഞിരുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ് എന്നിവ സ്ട്രക്ചറിൽനിന്നും വശത്തേക്ക് പ്രൊജക്ട് ചെയ്താണ് രൂപകൽപന. നാട്ടിലുള്ളപ്പോൾ നിരവധി അതിഥികൾ വരുന്ന വീടായതിനാൽ പാർക്കിങ് സൗകര്യത്തിനു മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. മുറ്റത്ത് കോട്ട സ്റ്റോണും ഗ്രാസും ഇടകലർത്തി നൽകി. 

sideview

വൈറ്റ്, ബെയ്ജ് നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയത്. ഇതിനു വേർതിരിവ് നൽകുന്നതിനായി ബ്രിക് സ്റ്റോൺ ക്ലാഡിങ്ങും നൽകി. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഒരുക്കിയത്.

living

വെണ്മ നിറഞ്ഞ വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. തറയുടെയും മേൽക്കൂരയുടെയും നിറങ്ങൾ പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു. മിക്ക ഫർണിച്ചറുകളും പുറത്തു നിന്നുവാങ്ങിയവയാണ്. കോട്ട്, വാഡ്രോബ്, കബോർഡ് എന്നിവ പ്രത്യേകം നിർമിച്ചെടുത്തു.  സ്വീകരണമുറിയിൽ വെണ്മ നിറഞ്ഞ ഫർണിച്ചറുകൾ നൽകി. ഭിത്തിയിൽ വെനീർ ഫിനിഷിൽ ക്ലാഡിങ് നൽകി.

dine-hall

ഡൈനിങ്, ഫാമിലി ലിവിങ്, സ്റ്റെയർ എന്നിവ ഹാളിന്റെ ഭാഗമായി വരുന്നു. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി. വുഡ്, ടഫൻഡ് ഗ്ലാസ് കോമ്പിനേഷനിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ സീലിങ് ഡബിൾ ഹൈറ്റിൽ നൽകിയത് ഹാളിനു കൂടുതൽ വിശാലത തോന്നിക്കാൻ സഹായകരമായി. ഒപ്പം വെന്റിലേഷനും സുഗമമാക്കുന്നു. അപ്പർ ലിവിങ്ങിൽ നിന്നും താഴേക്ക് കാഴ്ചയും ലഭിക്കും.

കിടപ്പുമുറികളിൽ ഹെഡ്ബോർഡ് വെനീർ സ്ട്രിപ്പുകൾ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഒരുക്കി.

masterbed

പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

kitchen

ഞങ്ങൾ മനസ്സിൽ കണ്ടതിനേക്കാൾ ഭംഗിയായി വീട് ഒരുങ്ങിയിട്ടുണ്ട്. ഇപ്പോൾ വീട്ടിലെത്തിക്കുന്ന അതിഥികൾക്കും വീടിനെ കുറിച്ചു ചോദിക്കാനാണ് താൽപര്യം. വീടിനെക്കുറിച്ചു പറയുമ്പോൾ ഞങ്ങൾക്കും നൂറുനാവാണ്.

Project Facts

Location- Moodadi, Calicut

Area- 4200 SFT

Plot- 30 cent

Owner- P K Sidique

Designer- Muneer

Nufail-Muneer Associates

Mob- 9847249528

ചിത്രങ്ങൾ- അജീബ് കോമാച്ചി

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ