ലോൺ എടുക്കാതെ പണിയാൻ വഴികണ്ടെത്തി; 6 സെന്റിൽ വീടുയർന്നു!

house-without-loan-elevation
SHARE

കോഴിക്കോട് കാരപ്പറമ്പിൽ ഒൻപതു സെന്റ് ഭൂമിയാണ് രഞ്ജിത്തിന് ഉണ്ടായിരുന്നത്. വീടു പണിയാൻ പദ്ധതിയിട്ടപ്പോൾ ബജറ്റ് ഒരു പ്രശ്നമായി. ഏതായാലും ലോൺ എടുത്ത് വീടുപണിയാൻ താൽപര്യമില്ലായിരുന്നു. അങ്ങനെ വീടിനോട് ചേർന്ന മൂന്നു സെന്റ് വിറ്റു. കയ്യിൽ സ്വരുക്കൂട്ടിയതിനൊപ്പം ഭൂമി വിറ്റ കാശു കൂടിയായപ്പോൾ കടമില്ലാതെ ബാക്കി ആറു സെന്റിൽ സ്വന്തം വീട് സഫലമാക്കാൻ കഴിഞ്ഞു. 

house-without-loan

പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ് റൂഫ് ബോക്സ് ആകൃതിയിലാണ് എലവേഷൻ. പുറംകാഴ്ച ആകർഷകമാക്കാൻ ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്. ട്രീറ്റ് ചെയ്ത തേക്കിൽ നിർമിച്ച ക്ളാഡിങ്ങാണ് സിറ്റൗട്ടിനു സമീപമുള്ള ഭിത്തി അലങ്കരിക്കുന്നത്. ഗോവണിയുടെ ഭാഗം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇവിടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് ജനാലകൾ നൽകി. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. മുറ്റം വെള്ളം ഭൂമിയിലേക്കിറങ്ങുംവിധം നാച്ചുറൽ സ്റ്റോൺ വിരിച്ചു.

ചെറിയ പ്ലോട്ടിൽ ഞെരുക്കം അനുഭവപ്പെടാതെയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ചിന്റെ വശത്തെ ഗ്രില്ലുകളിൽ വള്ളിച്ചെടികൾ പടർന്നുകയറാൻ ക്രമീകരണം ചെയ്തു.

ഇടച്ചുവരുകൾ അധികമില്ലാത്ത പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് അകത്തളങ്ങൾ. വുഡൻ ഫ്ളോറിങ്ങും, നീല അപ്ഹോൾസ്റ്ററി നൽകിയ C ഷേപ്പ്ഡ് സോഫയും സ്വീകരണമുറിയെ കമനീയമാക്കുന്നു. ഇരുവശത്തും ജനാലകൾ ഉള്ളതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തേക്ക് എത്തുന്നു.

house-without-loan-living

ഫാമിലി ലിവിങ്ങിനെ വേർതിരിക്കുന്നത് വെട്ടുകല്ലിൽ തീർത്ത ക്ലാഡിങ് പതിച്ച ചുവരാണ്.  വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഫോർമൽ ലിവിങ്ങിലും മാസ്റ്റർ ബെഡ്റൂമിലും വുഡൻ ഫ്ളോറിങ് ചെയ്തു വേർതിരിച്ചു.

house-without-loan-family-living

ആറു പേർക്ക് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊണുമേശ. ഊണുമുറിയിൽ നിന്നും പുറത്തേക്ക് പാഷ്യോ സ്‌പേസും ഒരുക്കിയിട്ടുണ്ട്.

house-without-loan-dine

സ്ഥലം പാഴാക്കാതെ ചെപ്പടി വിദ്യകൾ അകത്തളത്തിൽ ചെയ്തിട്ടുണ്ട്. ഒരു ചുവരിൽ തുറക്കാവുന്ന വിധത്തിൽ പൂജാമുറി ഒരുക്കി. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. സ്റ്റീലിൽ വുഡൻ സ്ട്രിപ്പുകൾ നൽകിയാണ് ക്യാന്റിലിവർ ശൈലിയിലുള്ള ഗോവണി.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഒരുക്കിയിട്ടുണ്ട്. 

house-without-loan-bed

ഓപ്പൺ ശൈലിയിലാണ് അടുക്കള. മൾട്ടിവുഡിൽ പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. സ്പ്ലാഷ് ബാക്കിൽ വുഡൻ ടൈലുകൾ പതിച്ചു ഭംഗിയാക്കിയിട്ടുണ്ട്..

house-without-loan-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 55 ലക്ഷത്തിനു വീടു പൂർത്തിയായി. സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ വീട്ടിലേക്ക് താമസം മാറാനായതിന്റെ സന്തോഷത്തിലാണ് രഞ്ജിത്തും കുടുംബവും.

plan

Project Facts

Location- Karaparamba, Calicut

Plot- 6 cent

Area- 2400 SFT

Owner- Renjith

Designers- Mukhil, Babith, Ragesh, Dijesh

Concern Architects, Calicut

Mob- 9847194014, 9895427970

Budget- 55 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA