ADVERTISEMENT
old-house
പഴയ വീട്

മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിലുള്ള സുൽഫിക്കറിന്റെ വീടിനു 40 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ ഉണ്ടായപ്പോഴും സാമ്പത്തിക പരിമിതി പുതിയ വീട് എന്ന സ്വപ്നത്തിനു വെല്ലുവിളി ഉയർത്തി. സുൽഫിക്കറിന്റെ അനന്തരവനായ ഡിസൈനർ സജീറാണ് വീടിനെ കുറഞ്ഞ ചെലവിൽ പുതുക്കിപ്പണിയാം എന്ന ആശയം മുന്നോട്ടുവച്ചത്. അതോടെ വീടിന്റെ തലവര തന്നെമാറി.  

6-lakh-renovated-home

സ്ട്രക്ചറിൽ ചില ചെപ്പടിവിദ്യകൾ മാത്രം നടത്തിയാണ് വീട് മാറ്റിയെടുത്തത്. അകത്തളങ്ങളിൽ ചില പുനർക്രമീകരങ്ങളും നടത്തി സ്ഥലലഭ്യത കൈവരിച്ചു. അധികം വാർക്കാതെ ഹുരുഡീസ് കൊണ്ടായിരുന്നു തറവാട് നിർമിച്ചത്. ഇതും പുതുക്കിപ്പണി എളുപ്പമാക്കി.

ലിന്റൽ ലെവൽ വരെ മാത്രമേ പൊളിച്ചുള്ളൂ. അടിത്തറ നിലനിർത്തി. പൊളിച്ച കല്ലുകൾ അതേപടി പുനരുപയോഗിച്ചു. സ്ട്രക്ചറിന്റെ അടിയിൽ പഴയ കല്ലും മുകളിൽ പുതിയ കല്ലും വിരിച്ചു. പുറംഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് നൽകിയ ഭാഗം അൽപം മുന്നോട്ടു തള്ളി ഒരുക്കിയതും പഴയ കല്ലുകൾ കൂട്ടിയെടുക്കാനുള്ള സൗകര്യത്തിനാണ്.

before-after

മാറ്റങ്ങൾ

  • പഴയ സിറ്റൗട്ടിനു മുകളിലെ ചരിഞ്ഞ മേൽക്കൂര മാറ്റി നിരപ്പായി വാർത്തു മുകളിൽ ഓപ്പൺ ബാൽക്കണി ഒരുക്കി.
  • ദ്രവിച്ച കഴുക്കോലുകൾ മാറ്റി, ജിഐ കൊണ്ട് ട്രസ് വർക്ക് നൽകി.
  • ഇടനാഴികൾ ഒരുപാട് സ്ഥലം അപഹരിക്കുന്നുണ്ടായിരുന്നു. ഇതിനെ ഇടങ്ങളോട് കൂട്ടിയോജിപ്പിച്ചു.
  • സ്വീകരണമുറിയും ഹാളും ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു.
  • രണ്ടു കിടപ്പുമുറികൾ കൂട്ടിച്ചേർത്തു. പഴയ ഒരു കിടപ്പുമുറി ഡൈനിങ് ഹാളിന്റെ ഭാഗമായി മാറ്റി.
  • അടുക്കള കുറച്ചു വർഷങ്ങൾക്ക് മുൻപ് പുതുക്കിയിരുന്നതുകൊണ്ട് അതേപടി നിലനിർത്തി.

ചെലവ് കുറച്ച ഘടകങ്ങൾ

  • പഴയ കല്ലുകൾ പുനരുപയോഗിച്ചു. 
  • പഴയ ഓട് അതേപടി കഴുകിയെടുത്ത് പുനരുപയോഗിച്ചു.
  • ഫർണിച്ചറുകൾ മിക്കവയും പുനരുപയോഗിച്ചു.
  • പൊളിച്ചിടത്തു നിന്നു ലഭിച്ച ഹുരുഡീസ് കൊണ്ട് ചുറ്റുമതിൽ കെട്ടി.
Model

സിറ്റൗട്ട്, സ്വീകരണമുറി, ഊണുമുറി, മൂന്നു കിടപ്പുമുറികൾ, ബാത്റൂം, അടുക്കള എന്നിവയാണ് 1600 ചതുരശ്രയടിയിൽ പുനർക്രമീകരിച്ചത്. ചുറ്റുമതിലിനോട് ചേർന്ന് പോർച്ചിനുള്ള സ്ഥലം വിട്ടിട്ടുണ്ട്. മുറ്റവും കെട്ടിയെടുക്കാനുണ്ട്. വെറും ആറര ലക്ഷത്തിനു പുതിയതിനെ വെല്ലുന്ന വീട് സാധ്യമാക്കാനായതാണ് ഇവിടുത്തെ വിജയം.

Model

പുതുക്കിപ്പണി എന്നാൽ പൊളിച്ചുപണി മാത്രമല്ല, കലാപരമായ പുനർവിന്യാസം കൂടിയാണെന്ന് ഈ വീട് തെളിയിക്കുന്നു. കുറഞ്ഞ ചെലവിൽ പഴയ വീടുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് മാതൃകയാക്കാവുന്നതാണ് ഈ വീടിന്റെ മാറ്റത്തിന്റെ കഥ.

Project Facts

Location- Makkaraparamba, Malappuram

Area- 1600 SFT

Owner- Sulfikkar

Designers- Riyas, Sajeer

Covo Architecture Studio, Malappuram

99466 07464, 96560 09001

Completion year- 2019

Budget- 6.5 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com