sections
MORE

20 വർഷം പഴക്കമുള്ള വീട് കോലം മാറി; ഇപ്പോൾ പുത്തൻ വീട് പോലെ!

renovated-mahe-home-elevation
SHARE

കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്നത് പോലെ വീടിനെയും അടിമുടി മാറ്റിയിരിക്കുകയാണ് ഗൃഹനാഥനായ നൗഷാദ്. ഏകദേശം 20 വർഷം പഴക്കമുള്ള തന്റെ വീടിനും അല്പം പരിഷ്കാരമാവാം എന്ന ചിന്ത പുതുക്കലിലേക്ക് വഴിവച്ചു. ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താനാണ് ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടതെങ്കിലും ഇപ്പോൾ പുത്തനൊരു വീട് പണിത പ്രതീതിയാണെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

old-house-mahe

ഇരുളടഞ്ഞ മുറികൾക്ക് പകരം ആധുനികവും വിശാലവുമായ അകത്തളമാവണം, ഇളംനിറങ്ങൾ ചാലിച്ചൊരുക്കിയതാവണം, കുടുംബാംഗങ്ങൾക്ക് പെരുമാറാനുള്ള സ്ഥലവും സൗകര്യവും സ്വകാര്യതയും വേണമെന്ന ആവശ്യമാണ് വീട്ടുകാർ ഡിസൈനർക്ക് മുന്നിൽ നിരത്തിയത്. ഫ്രണ്ട് എലിവേഷനിൽ ധാരാളം ബോക്സ് മാതൃകകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇൗ മുഖംമാറ്റത്തിനു നേതൃത്വം നൽകിയത് ഇൻഗ്രിഡ് ആർക്കടെക്ട്സിലെ ആർക്കിടെക്ട് ഇംത്യാസ് ആണ്.

മാറ്റങ്ങൾ ദേ ഇങ്ങനെ

പഴയ മാതൃകയിലുള്ള ടെറസ് വീടായിരുന്നു നൗഷാദിന്റേത്. 20 വർഷം പഴക്കമുള്ളതും പഴയകാല ഡിസൈൻ നയം പിൻതുടരുന്നവയുമായിരുന്നു. പുതിയൊരു വീട് പണിത് വെറുതെ കാശ് കളയണ്ട എന്ന ചിന്തയിൽ നിന്നാണ് പുതുക്കാമെന്ന ആശയത്തിലേക്കെത്തിയത്. രണ്ട് നിലയിലുള്ള വീട്ടിൽ താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. പോരാത്തതിന് അവ നന്നേ ചെറുതുമായിരുന്നു. ഡൈനിങ് ഏരിയയിൽ നിന്ന് തുടങ്ങുന്ന സ്റ്റെയർകേസും ഒരു പ്രധാന വില്ലൻ തന്നെയായിരുന്നു. ഒരു ചെറിയ വരാന്തയായിരുന്നു മുൻപുണ്ടായിരുന്നത്. 

before-after

എക്സ്റ്റീരിയറിന് ചേരും വിധം പേവിങ്ങ് സ്റ്റോണും നാച്ചുറൽ ഗ്രാസും വിരിച്ചു. ചതുരാകൃതിയിലുള്ള മുഖപ്പാണ് എക്സ്റ്റീരിയറിന് നൽകിയത്. സൺഷേഡുകൾ കൊണ്ട് ബോക്സുകൾ തീർത്ത എലവേഷനിൽ സി ഷേപ്പ് നൽകി വ്യത്യസ്തമാക്കുന്നുണ്ട്. നീളൻ വരകൾക്ക് പ്രാധാന്യംനൽകിയ മുഖപ്പ് വെള്ള, ബ്രൗൺ, കറുപ്പ് എന്നീ നിറങ്ങളിൽ ആകർഷകമാക്കിയിരുന്നു. 

മുൻപിലേക്ക് അല്പം നീട്ടിയെടുത്ത് സീറ്റിങ് ഏരിയ കൂടി ക്രമീകരിച്ചതോടെ സംഭവം ഉഷാറായി. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ്ങ് ഏരിയയിലേക്കാണ്. ഫ്ളോറിങ്ങും ഇളം നിറത്തിലുള്ള പെയിന്റിങ്ങും ഫർണീച്ചറുകളും ലിവിങ്ങിന്റെ മാറ്റത്തിന് പിന്തുണ നൽകുന്നു. രണ്ട് നിലയും ബന്ധിപ്പിക്കുന്ന ലൈറ്റ് ടവറിന്റെ ഒരുവശത്ത് സ്റ്റെയർകേസും മറുവശത്ത് ചെറിയ വെള്ളച്ചാട്ടവുമാണുള്ളത്. ഡൈനിങ് ഏരിയയിൽ വെളിച്ചം വിതറുവാനും സദാ ഉന്മേഷമയമാക്കുവാനും ഇൗ വെള്ളച്ചാട്ടത്തിന് സാധിക്കുന്നു. ഡൈനിങ് ഏരിയയ്ക്കു സമീപത്തായി വാഷ് ഏരിയയും സ്ഥിതി ചെയ്യുന്നു.

kitchen-skylit

സ്റ്റീലും തേക്കും കൊണ്ട് നിർമ്മിതമായ സ്റ്റെയർകേസ് വീടിന്റെ ലിവിങ്ങ് ഏരിയയിൽ പുനസ്ഥാപിച്ചു. സ്ഥല വ്യാപ്തി തോന്നിക്കുവാൻ ഗ്ലാസ്സും വുഡും കൈവരികൾക്ക് ഉപയോഗിച്ചു. അകത്തളമെല്ലാം വുഡിന്റേയും ഇറ്റാലിയൻ മാർബിളിന്റേയും കോമ്പിനേഷനിലാണുള്ളത്. 

renovated-stairs

മുകൾനിലയും മാറ്റത്തിന് വിധേയമായിട്ടുണ്ട്. മുൻപുണ്ടായിരുന്ന രണ്ട് കിടപ്പുമുറികൾ പൊളിച്ചു മാറ്റാതെ ഡ്രെസ്സിങ്ങ് ഏരിയയായി രൂപാന്തരപ്പെടുത്തി. പടിഞ്ഞാറ് വശത്തായി പുതിയ ബെഡ്റൂം ബ്ലോക്കും പണിത് രണ്ട് കിടപ്പുമുറികൾ ഒരുക്കി. മുകൾനിലയിൽ ഒരു സ്യൂട്ട് റൂമും ഒരുക്കി. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയുള്ള കിടപ്പുമുറികൾ പുതിയ കാലത്തിലെ മുറികളോട് കിടപിടിക്കുന്നവയാണ്. 

renovated-mahe-home-bed

ചെറിയ പ്ലോട്ടായതിനാൽ പടിഞ്ഞാറ് വശത്തായി പുതിയൊരു ബ്ലോക്ക് പണിയുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വീടിനുള്ളിൽ ഇരുട്ട് നിറയ്ക്കുവാൻ ഇത് കാരണമാവും എന്ന് കണ്ടെത്തിയതോടെ രണ്ട് ബ്ലോക്കുകൾക്കിടയിലും ലൈറ്റ് ടവർ സ്ഥാപിച്ചു. ഇത് മൂലം സ്വാഭാവിക വെളിച്ചം അകത്തേക്കെത്തുന്നു. രണ്ട് നിലകളേയും ബന്ധിപ്പിക്കുന്നതായിരുന്നു വീടിന്റെ മധ്യഭാഗം. പുതുതായി കൂട്ടിയെടുത്ത ഭാഗം ഇതിനോട് ചേർത്തപ്പോൾ പടിഞ്ഞാറ് ഭാഗത്തെ മുഖപ്പിന് മാറ്റം സംഭവിച്ചു. 

പഴയ മാതൃകയിലുണ്ടായിരുന്ന കിച്ചന് പുതിയ മുഖവും ഭാവവും നൽകി. അടുപ്പിന് പ്രാധാന്യം നൽകിയിരുന്ന കിച്ചനിൽ ഷെൽഫുകളും  കൗണ്ടർടോപ്പും സ്ഥാനം പിടിച്ചു. പരമാവധി സ്റ്റോറേജുകൾ നൽകിയതോടൊപ്പം ക്രോസ് വെന്റിലേഷനും ഉറപ്പാക്കി. ഐലന്റ് കിച്ചനാണ് ഇവിടുത്തെ ഹൈലൈറ്റ്. കുടുംബാംഗങ്ങൾക്ക് ഒത്തുകൂടുവാനും മറ്റുമായി ഒാപ്പൺ ടെറസ് പരിഷ്കരിച്ചു. പരമാവധി ഉപയുക്തതയ്ക്കു പ്രാധാന്യം നൽകി ഒരുക്കിയ വീടിന്റെ മേക്കോവർ കണ്ട് സന്ദർശകരുടെ തിരക്കാണെന്ന് ഗൃഹനാഥൻ പറയുന്നു.

Project Facts

Location: Mahe

Owner: Noushad

Plot: 12.5 Cents

Architect: Imthyas

Ingrid Architects

email: ingridarch.clt@gmail.com

Ph:9847810645

Completed in: 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA