sections
MORE

'കേരളത്തിലെ ഏറ്റവും വലിയ ഒരു വീട്'! ഇതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആ കൊട്ടാരം!

wayanad-ultra-luxury-home-view
ചിത്രങ്ങൾ- അജീബ് കോമാച്ചി
SHARE

'വയനാട്ടിലെ ഏറ്റവും വലിയ വീട്' എന്ന പേരിൽ കുറച്ചു മാസങ്ങൾക്കുമുമ്പ് വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ ഒരു വീടിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കേട്ടറിവിനേക്കാൾ വലുതാണ് അറയ്ക്കൽ പാലസ് എന്ന സത്യം. ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നായിരിക്കുമിത്. അതിന്റെ കാഴ്ചകളിലേക്ക് ഒരു യാത്ര പോയാലോ!... 

wayanad-ultra-luxury-home-road-view

തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകൾ ഇല്ലാത്ത ഒരു നിർമിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കരണമാണ് മാനന്തവാടിയിൽ 40000 ചതുരശ്രയടിയിൽ തലയുയർത്തി നെഞ്ചുവിരിച്ചു നിൽക്കുന്ന അറയ്ക്കൽ പാലസ്. കൊളോണിയൽ ശൈലിയിലാണ് വീടിന്റെ രൂപകൽപന. 

റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. അതിനാൽ റോഡിൽ നിന്നാൽ വീടിന്റെ വിശാലമായ കാഴ്ച പല കോണുകളിൽനിന്നും ദൃശ്യമാകും. തട്ടുകളായി കിടക്കുന്ന ഭൂമിയിൽ മെക്സിക്കൻ ഗ്രാസ് വിരിച്ച ഉദ്യാനം. ഒത്തുചേരലുകളും സൗഹൃദസദസ്സുകളും സജീവമാകുന്ന ഗസീബോ, വൈകുന്നേരങ്ങളിൽ ഹൃദ്യമായ പ്രകാശം ചൊരിയുന്ന വിളക്കുകൾ..ഇവയെല്ലാം കടന്നു വീടിന്റെ പ്രവേശനകവാടത്തിൽ എത്തുമ്പോൾത്തന്നെ മനസ്സ് തണുക്കുന്നു.

wayanad-ultra-luxury-home-exterior

മുന്നിലേക്ക് തള്ളിനിൽക്കുന്ന മൂന്നിരട്ടി ഉയരമുള്ള ഭീമാകാരൻ പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് കയറാം. ലാൻഡ്സ്കേപ്പിന്റെ മുഴുവൻ കാഴ്ചയും ആവാഹിക്കുംവിധം 180 ഡിഗ്രിയിലാണ് സിറ്റൗട്ടിന്റെ വിന്യാസം.

പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ആരുടേയും കണ്ണുതള്ളിപ്പോകുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ ഭീമാകാരമായ ഒരു കൊട്ടാരത്തിലേക്ക് കയറിയ പ്രതീതിയാണ് സന്ദർശകർക്ക് ലഭിക്കുക. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. 

wayanad-ultra-luxury-home-inside

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുള്ള കുടുംബമാണ്. എപ്പോഴും ധാരാളം ആളുകൾ വീട്ടിലുണ്ടാകും. ഇത് മനസ്സിൽക്കണ്ടാണ് ഓരോ ഇടങ്ങളും അതിവിശാലതയിൽ ഒരുക്കിയത്. മിക്ക ഫർണിച്ചറുകളും ഇന്തൊനീഷ്യയിൽ നിന്നും പ്രത്യേകം ഡിസൈൻ ചെയ്ത് വരുത്തുകയായിരുന്നു. മുന്തിയ തേക്കിൻതടിയിലാണ് ഫർണിച്ചറുകളും ഗോവണിയുടെ പാനലിങ്ങും മറ്റും ഒരുക്കിയിട്ടുള്ളത്. അതിഥികൾക്കുള്ള സ്വീകരണമുറി, കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനുള്ള മുറി, രണ്ടു ഊണുമുറികൾ, മൂന്നു അടുക്കള, എട്ടു കിടപ്പുമുറികൾ, കോർട്യാർഡ്, ഹോം തിയറ്റർ, പ്രെയർ റൂം, എന്റർടെയിൻമെന്റ് റൂം, സ്വിമ്മിങ് പൂൾ തുടങ്ങി സൗകര്യങ്ങളുടെ പട്ടിക നീളുന്നു.

wayanad-ultra-luxury-home-interior

മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. ഇറക്കുമതി ചെയ്ത ഷാൻലിയറുകളിൽനിന്നുള്ള പ്രകാശം നിലത്ത് പ്രതിഫലിച്ച് അകത്തളമാകെ പടരുന്നു. എത്ര അതിഥികൾ വന്നാലും ഉൾക്കൊള്ളാൻ പാകത്തിനാണ് ഊണുമുറി. സമീപം കുടുംബാംഗങ്ങളുടെ സൗകര്യത്തിനായി ചെറിയ ഊണുമുറിയും പാൻട്രി കിച്ചനും വേർതിരിച്ചു.

wayanad-ultra-luxury-home-ceiling

ഹാളിന്റെ മധ്യത്തിൽ രണ്ടു കൈവരികളായി മുകളിലേക്ക് ഒഴുകുന്ന ഗോവണി. സ്വർണനിറമുള്ള കൈവരികൾ മൂന്നു നിലകളിലായി ആഡംബരം നിറയ്ക്കുന്നു. നീളൻ ഇടനാഴികളും വാട്ടർ ബോഡിയും ക്യൂരിയോസും കർട്ടനുകളുമെല്ലാം അകത്തളത്തിനു മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. 

wayanad-ultra-luxury-home-stair

വൈറ്റ് തീമിലാണ് ഐലൻഡ് കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഗ്ലോസ് ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ ഒരുക്കി. ഇവിടെയും ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ട്.

wayanad-ultra-luxury-home-kitchen

താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയില്‍ അഞ്ചും കിടപ്പുമുറികൾ നൽകി. ഓരോന്നും കാഴ്ചയിലും സൗകര്യത്തിലും വ്യത്യസ്തമായി നിൽക്കുന്നു.

wayanad-ultra-luxury-home-bedroom

വിശാലതയാണ് കിടപ്പുമുറിയുടെ സവിശേഷത. സാധാരണ വീടുകളിൽ നൽകുന്നതിന്റെ രണ്ടിരട്ടി വലിപ്പം ഇവിടെ ഒരുക്കിയിരിക്കുന്നു. ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും മുറികൾ ആകർഷകമാക്കുന്നു.

wayanad-ultra-luxury-home-bed

ചുരുക്കത്തിൽ വീട് എന്ന സങ്കൽപത്തെ തന്നെ പുനർനിർവചിക്കുകയാണ് അറയ്ക്കൽ പാലസ്. ഇതുപോലെയുള്ള വീടുകൾ ഒരുപക്ഷേ ഇനിയും കേരളത്തിൽ ഉണ്ടാകുമായിരിക്കാം. പക്ഷേ അറയ്ക്കൽ പാലസിനോളം പ്രൗഢി അവയ്ക്കുണ്ടാകുമോ എന്ന സംശയം ഒരുതവണ ഈ വീട് കണ്ടവർക്ക് തോന്നാതിരിക്കില്ല... 

wayanad-ultra-luxury-home-elevation

Project Facts

Location- Mananthavady, Wayanad

Area- 40000 SFT

Owner- Joy

Designer- Jabar Bin Ahmed

Mob- 9387776704, 9745856704

Completion year- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA