ADVERTISEMENT

വായനക്കാർ അയച്ചുതരുന്ന വീടുകളിൽ നിന്നും ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫയുടെ വീടാണ്. വീടുപണിയുടെ വിശേഷങ്ങൾ ഉടമസ്ഥൻ വിവരിക്കുന്നു..

എല്ലാ പ്രവാസികളെയും പോലെ നാട്ടിലൊരു വീട് എന്റെയും സ്വപ്നമായിരുന്നു. ചെറിയ സ്ഥലത്തിനുള്ളിൽ മനസ്സിനിണങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് വീട് വയ്ക്കുവാൻ തീരുമാനിച്ചു. എനിക്കും അനിയനും. കുറച്ച് വർഷം ബഹ്റൈനിൽ ആയിരുന്നു ജോലി. വീട് നിർമാണാർഥം പ്രവാസം തൽക്കാലം നിർത്താൻ തീരുമാനിച്ചു. അതിന് മൂന്ന് മാസം മുമ്പേ അനിയനെ വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.

nri-brothers-home

തറവാട് വീട് പൊളിക്കാനും ആ സ്ഥലത്ത് രണ്ട് വീടുകൾ വയ്ക്കുവാനും തീരുമാനിച്ചു. അവൻ കോഴിക്കോട് ഹൈ-ടെക് ബിൽഡേഴ്‌സിന്റെ എൻജിനീയർ അമീറിനെ സ്ഥലം കൊണ്ട് വന്നു കാണിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. രണ്ട് വീട്ടിന്റെയും പ്ലാൻ ഉണ്ടാക്കി. എന്റെ വീടിന്റെ മിറർ പ്ലാൻ ആണ് അനിയന്റേത്. രണ്ടാളുടെയും എല്ലാ സങ്കൽപ്പങ്ങൾക്കും അനുസരിച്ച് 5 റൂമുകൾ അടങ്ങിയ നല്ലൊരു പ്ലാൻ. ബഹ്റൈനിലെ പ്രവാസ ജീവിതം തൽക്കാലം അവസാനിപ്പിച്ച് നാട്ടിലേക്ക് വിമാനം കയറി. പ്ലാൻ എല്ലാം മുമ്പ് റെഡിയാക്കി വച്ചത് കൊണ്ട് ഒരാഴ്ചയ്ക്കുള്ളിൽ തറ റെഡിയായി. അങ്ങനെ 9 മാസം കൊണ്ട് നാട്ടിൽ നിന്ന് കൊണ്ട് ദിവസക്കൂലി നൽകി വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കി. പണി പൂർത്തീകരിക്കാനായി യു.എ.ഇ എന്ന പ്രവാസ ഭൂമിയിലേക്ക് വീണ്ടും വിമാനം കയറി.

nri-brothers-home-entry

രണ്ട് ബെഡ്റൂം, രണ്ട് ബാത്ത് റൂം, ഡൈനിങ് ഹാൾ, ലിവിങ്ങ് ഹാൾ, കിച്ചൺ, സിറ്റൗട്ട് എന്നിവ അടങ്ങിയതാണ് താഴത്തെ നില. മുകളിൽ 3 ബെഡ്‌റൂം, 3 അറ്റാച്ച്ഡ് ബാത്ത് റൂം, ഡൈനിങ്ങ് ഹാൾ, കട്ടൗട്ട്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയും ഉണ്ട്.

nri-brothers-home-dine

ഡൈനിങ്ങ് ഹാളിൽ ചെറിയ ഒരു ചെറിയ കോർട്യാർഡ് ലൈറ്റുകളും കല്ലുകളും വച്ച് ഭംഗിയാക്കിയിട്ടുണ്ട്. മുകളിലത്തെ ഹാളിൽ നിന്നും താഴത്തെ ലിവിങ്ങ് ഹാളിലേക്ക് ഒരു കട്ടൗട്ടും നൽകി.  കറുപ്പ് ഗ്രാനൈറ്റും സൈഡിൽ വെള്ള മാർബിളും വച്ചാണ് സ്‌റ്റെയർ നിർമ്മിച്ചിട്ടുള്ളത്. വീടിനുള്ളിൽ നല്ല വെളിച്ചം ലഭിക്കണം എന്നത് മുമ്പേ ഉള്ള ഒരാഗ്രഹമായിരുന്നു. രണ്ടാം നിലയുടെ മുകളിൽ പർഗോള വച്ച് അതിന് മുകളിൽ ഗ്ലാസ് ഇട്ടത് കൊണ്ട് ആവശ്യത്തിലധികം വെളിച്ചം കിട്ടുന്നുണ്ട്. പ്ലാവ് ആണ് തടിയായി ഉപയോയിച്ചിട്ടുള്ളത്. ജിപ്സം കൊണ്ട് സീലിങ്ങ് ചെയതു. മാർബിളും മുകളിൽ ടൈലും ഫ്ലോറിങ്ങിന് ഉപയോഗിച്ചു.

nri-brothers-home-stair

ജ്യേഷ്ഠൻ ഇലക്ട്രീഷ്യനായത് കൊണ്ട് വയറിങ് പ്ലംബിങ് ജോലി എളുപ്പത്തിലായി. ജ്യേഷ്ഠനും അനിയനും വാട്സാപ് മുഖേന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. മാർബിളും ബാത്ത് റൂം ടൈൽസും തിരഞ്ഞെടുത്തതും വാട്സാപ്പിലൂടെ തന്നെ. എല്ലാ ജോലിക്കാർക്കും ദിവസക്കൂലി നൽകി. അങ്ങനെ അടുത്ത 9 മാസം കൊണ്ട് വീട് റെഡിയായി. പാലുകാച്ചലിന്റെ തലേ ദിവസം നാട്ടിലേക്ക് വിമാനം കയറി .ഒരുപാട് ആകാംഷയോടെ നാട്ടിലെത്തി വീട് കണ്ടപ്പോൾ പ്രതീക്ഷിച്ചതിലും അധികം ഭംഗിയായിരിക്കുന്നു. ഒന്നിനും ഒരു കുറവും ഇല്ല. 

വീടിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഒരു ജോലിയും കരാറുകാർക്ക് നൽകാതെ ദിവസക്കൂലി നൽകി ചെയ്യിച്ചു എന്നതാണ് എന്റെ വീടിന്റെ പ്രത്യേകത. പ്രവാസിയായ എന്നെപ്പോലുള്ള ഒരാൾക്ക് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണിതെങ്കിലും പതിനെട്ട് മാസം കൊണ്ട് പണിയും തീർത്തു. കരാറുകാർക്ക് ചില്ലിക്കാശ് നൽകാതെ ആ വകയിൽ കുറച്ച് തുകയും ലാഭിച്ചു .

 

Project Facts

സ്ഥലം: കൊടക്കാട്, മലപ്പുറം.

ഉടമസ്ഥൻ :മുഹമ്മദ് ഹനീഫ കൊടക്കാട് 

മൊബൈൽ: 00971 525 871318( യു.എ.ഇ)

വാട്സാപ്: 0091 9605 594982 

ഡിസൈനർ :അമീർ, ഹൈ ടെക് ബിൽ ഡേർസ് കോഴിക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com