ADVERTISEMENT

നിലമ്പൂരിനടുത്ത് എടക്കരയിലാണ് റഫീക്കിന്റെ വീട്. 60 സെന്റിന്റെ ആനുകൂല്യം മുതലെടുത്ത് പിന്നിലേക്കിറക്കിയാണ് വീടുപണിതത്. വീടിനൊപ്പം തന്നെ ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിരിക്കുന്നു. പുറംകാഴ്ചയിൽ ഇരുനില വീടെന്നു തോന്നുമെങ്കിലും മുകൾനിലയിൽ മുറികൾ നൽകിയിട്ടില്ല. എന്നാൽ മൂന്ന് തട്ടുകളായുള്ള അകത്തളക്രമീകരണത്തിലൂടെ മൂന്നുനിലയുടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. മൂന്ന് ലെവലുകളായി കിടക്കുന്ന ഭൂമിയുടെ സ്വാഭാവികത നിലനിർത്തിയാണ് വീട് പണിതത്. 

edakkara-house-exterior

നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ഗൃഹനാഥന്റെ വീട്ടിലും സ്റ്റീൽ സാമഗ്രികൾ സാന്നിധ്യമറിയിക്കുന്നു. സ്ട്രക്ചറിൽ ഫ്ലാറ്റ് റൂഫ് മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ട്രസ് വർക്ക് ചെയ്ത് അതിനുമുകളിൽ വിബോർഡ് വിരിക്കുകയായിരുന്നു. ചരിഞ്ഞ മേൽക്കൂരയിൽ ഷിംഗിൾസും വിരിച്ചിട്ടുണ്ട്. വീടിന്റെ മൂന്നുവശത്തുനിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുന്നത്. 2850 ചതുരശ്രയടിയാണ് വിസ്തീർണം. തട്ടുകളായി ഒരുക്കിയ ലാൻഡ്സ്കേപ്പിൽ മെക്സിക്കൻ ഗ്രാസും ചെറുമരങ്ങളും ഹൈലൈറ്റർ വിളക്കുകളും ഹാജർ വച്ചിരിക്കുന്നു.

edakkara-house-side

സിറ്റൗട്ട്, ലിവിങ്, എന്നിവ താഴത്തെ തട്ടിൽ വരുന്നു. ഊണുമുറി, അടുക്കള, മൂന്നു കിടപ്പുമുറികൾ രണ്ടാമത്തെ തട്ടിൽ വരുന്നു. രണ്ടിനെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു ചെറിയ ഗോവണി നൽകിയിട്ടുണ്ട്. ഇരു തട്ടുകളെയും വേർതിരിക്കുന്ന ഭിത്തിയിൽ സിഎൻസി ജാളി ഡിസൈൻ നൽകിയത് ഭംഗി പകരുന്നു. മൂന്നാമത്തെ തട്ടിൽ ഒരു സ്റ്റഡി ഏരിയ മാത്രം ക്രമീകരിച്ചു.

edakkara-house-living

ഊണുമേശ, ഗോവണി, കൈവരികൾ എന്നിവയെല്ലാം മെറ്റൽ കൊണ്ടുതന്നെ.. ഗോവണിയുടെ ഡിസൈൻ കൗതുകകരമാണ്. അകത്തളത്തിലുള്ള മൂന്നു തട്ടുകളെയും ബന്ധിപ്പിക്കുന്ന ഘടകമായി ഗോവണി മാറുന്നു. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഗ്രേ ടെക്സ്ചർ പെയിന്റ് നൽകി.

edakkara-house-drawing

മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകളും തൂക്കുവിളക്കുകളും ഇന്റീരിയർ തീം അനുസരിച്ച് വാങ്ങി ചിട്ടപ്പെടുത്തിയതാണ്.

മെറ്റൽ ഫ്രയിമിൽ കൊറിയൻ സ്റ്റോൺ വിരിച്ചാണ് ഊണുമേശ. സമീപമുള്ള വാഷ് ഏരിയയും കൊറിയൻ സ്റ്റോൺ ഫിനിഷിലാണ്. ഊണുമുറിയുടെ വശത്തെ ഭിത്തിയിൽ വോൾപേപ്പർ നൽകി. 

edakkara-house-dine

ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. വെനീർ കബോർഡുകൾക്ക് ഗ്ലാസ് ഫിനിഷ് നൽകി. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

edakkara-house-kitchen

മൂന്നു കിടപ്പുമുറികളും വ്യത്യസ്ത കളർ തീമിൽ ഒരുക്കി. ഹെഡ്ബോർഡിൽ ടെക്സ്ചർ പെയിന്റ് നൽകി വേർതിരിച്ചിരിക്കുന്നു. കാർപോർച്ചിന്റെ മുകളിൽ മാസ്റ്റർ ബെഡ്‌റൂം നൽകിയതും സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ്.

edakkara-house-bed

മൂന്നു കുട്ടികളുടെയും പഠനത്തിന് പ്രാധാന്യം നൽകിയാണ് മുകൾനില മാറ്റിവച്ചത്. സ്റ്റഡി ടേബിളും കബോർഡുകളും ഇവിടെ നൽകി. ചുരുക്കത്തിൽ നിരപ്പല്ലാത്ത ഭൂമിയുടെ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയതാണ് ഈ വീടിനെ കൗതുകമുള്ള നിർമിതിയാക്കി മാറ്റുന്നത്.

edakkara-house-study

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Location- Edakara, Nilambur

Plot- 60 cents

Area- 2850 SFT

Owner- Rafeeq

Designer – Asar Juman

AJ Designs

Mob – 9633945975

Completion year- 2019 Jan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com