sections
MORE

അന്ന് പലരും കളിയാക്കി; ഇപ്പോൾ അവർ ഈ വീടിന്റെ ആരാധകർ!

shalimar-full-view
SHARE

നിരവധി വെല്ലുവിളികൾ നേരിട്ട് കൊളോണിയൽ – ഇസ്‍ലാമിക് ശൈലിയിലുള്ള വീട് മെനഞ്ഞെടുത്ത അനുഭവങ്ങൾ ഫോട്ടോജേണലിസ്റ്റായ റസൽ ഷാഹുൽ പങ്കുവയ്ക്കുന്നു.

പൂച്ചാക്കലെ കുടുംബവീടിനോട് ചേർന്ന് വീടുവയ്ക്കാൻ രണ്ട് വർഷം മുൻപ് തീരുമാനിച്ച ശേഷം നടത്തിയ നിരന്തര യാത്രകളാണ് വീടെന്ന സ്വപ്നത്തിന് രുപം നൽകിയത്. 

കാറ്റും വെളിച്ചവും ലോഭമില്ലാതെ കയറിയിറങ്ങുന്ന വീട് സ്വപ്നം കണ്ടുറങ്ങിയ ബാല്യം. പാണാവള്ളി പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടവും സ്ഥലവും അടുത്ത പ്രൈമറി സ്കൂളിൽ അധ്യാപകനായെത്തിയ അപ്പ വാങ്ങിയതോടെയാണ് പൂച്ചാക്കൽ നിന്നും ഞങ്ങൾ പാണാവള്ളിക്കാരായത്, എനിക്ക് ഒരു വയസുള്ളപ്പോൾ... മക്കൾ വളരുന്നതനുസരിച്ച് ചിട്ടി പിടിച്ചും പിഎഫ് എടുത്തും മൂന്ന് തവണ പുതുക്കിപ്പണിത് അപ്പായും അമ്മായും വീടിനെ വളർത്തി വലുതാക്കി. അതേ പുരയിടത്തിലെ ഒരു ഭാഗത്താണ് ഞങ്ങളും വീടൊരുക്കിയത് കുടുംബവീടിന്റെ പേര് പുതിയ വീടിനും വിളിച്ചു ‘ ഷാലിമാർ’.

shalimar-side-view

എനിക്കും ഭാര്യ ഷിജിക്കും ജോലി കോഴിക്കോട്ടായതിനാൽ വടക്കേ മലബാറിലെ തലയെടുപ്പുള്ള പരമ്പരാഗത വീടുകളോട് കൗതുകത്തിൽ പൊതിഞ്ഞൊരു ഇഷ്ടമുണ്ടായിരുന്നു. ബെംഗളൂരുവിൽ ഫ്ലാറ്റുള്ളതിനാൽ ഇനിയൊരു ഫ്ലാറ്റ് വേണ്ട എന്ന തീരുമാനമാണ് ഷിജിയുമായി ചേർന്ന് ആദ്യമെടുത്തത്. മീൻകുളങ്ങളും മഞ്ഞമുളയും നാരകവും ജാതിയുമൊക്കെയുളള കുടുംബ വീടീന്റെ തണുപ്പിലേക്കാണ് ഒടുവിലെത്തിയത്.

വീടുപണിയുടെ പാഠങ്ങൾ

നാട്ടുകാരനായ രഞ്ജിത്ത് വരച്ച പ്ലാനുമായി പ്രാഥമിക ചർച്ചകൾ നടത്തുന്ന നേരത്താണ് കോഴിക്കോട്ട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഡിസൈനർ ജയൻ ബിലാത്തിക്കുളത്തെ പരിചയപ്പെടുത്തുന്നത്. ‘‘ 50 രുപ കൊടുത്ത് ആദ്യമൊരു മീറ്റർ ടേപ്പ് വാങ്ങണം ,  ഇഷ്ടപ്പെട്ട വീടുകളുടെ മുറികളൊക്കെ അളന്നു നോക്കണം. പിന്നീട് നിങ്ങൾ ഭാര്യയും ഭർത്താവും അടി കൂടി പ്ലാൻ വരച്ച് വരാനായിരുന്നു ആദ്യ കാഴ്ചയിൽ ജയന്റെ നിർദ്ദേശം. 50 രൂപയുടെ ടേപ്പ് വാങ്ങാൻ ചെന്നപ്പോൾ മനസിലായി 5 മീറ്ററിന്റെ കൊള്ളാവുന്ന ടേപ്പിന് 95 രൂപയാകുമെന്ന്. വീടിന്റെ ബജറ്റിങ് സംബന്ധിച്ച് അത് ഒന്നാമത്തെ പാഠമായി ! 

ഇരുനില വേണമെന്ന ഷിജിയുടെ ഇഷ്ടവും വേണ്ടെന്ന എന്റെ ഇഷ്ടവും തമ്മിലായി അടുത്ത തർക്കം. മുറ്റം കുറച്ചധികം കിട്ടാനായി ഒടുവിൽ ഇരുനില കയറാൻ ഞാൻ തയ്യാറായതോടെ വിട്ടുവീഴ്ച വീടുപണിയിൽ മാത്രമല്ല ജീവിത വിജയത്തിന്റെ ആദ്യ പാഠമെന്നും പഠിച്ചു. 

ജയനാണ് വീടിന്റെ പ്ലാൻ വരച്ചു തന്നത്. ലൈറ്റ് പോയിന്റുകൾ മാർക്ക് ചെയ്യാനായി ഒരിക്കൽ അദ്ദേഹം വീട്ടിലെത്തി. വീടിന്റെ രൂപരേഖ കൊളോണിയൽ ഇസ്്ലാമിക് സമ്മിശ്ര ശൈലിയിലേക്ക് എത്തുന്നത് അങ്ങിനെയാണ്. 

shalimar-entrance

ആലപ്പുഴ ജില്ലയുടെ വടക്കുള്ള ചേർത്തലയിലെ പാണാവള്ളി എന്ന ഞങ്ങളുടെ ഗ്രാമത്തിൽ കെട്ടിട നിർമ്മാണ സംബന്ധമായ എല്ലാജോലികൾക്കും പറ്റിയ മിടുക്കന്മാരായ പണിക്കാരുണ്ടായിരുന്നു. അയൽവാസിയും കൂട്ടുകാരനുമായ സുമേഷിനെയാണ് ലേബർ കോൺട്രാക്റ്റ് വ്യവസ്ഥയിൽ സിമന്റ് പണികൾ (സ്ട്രക്ചർ ) ഏൽപിച്ചത്.. കല്ലിടലിനു ശേഷം നാല് സിസിടിവി ക്യാമറകൾ സ്ഥാപിച്ചതു കൊണ്ട്, ടിവിയിൽ നോക്കി അപ്പായ്ക്കും അമ്മച്ചിക്കും മൊബൈൽ നോക്കി എനിക്കും പണി നേരിട്ട് കണ്ട് നടത്താനായി. 

എങ്കിലും സൺഷെയ്ഡില്ലാത്ത, ഉയരക്കൂടുതലുള്ള, സ്്റ്റെയർകേസ് വാർക്കാത്ത, നാട്ടുനടപ്പുള്ള പലതുമില്ലാത്ത വീട് പണിയുന്നവർക്ക്  തന്നെ സംശയമുണ്ടായിരുന്നു, ഇത് വീടോ പള്ളിക്കൂടമോ ??. ഒടുവിൽ ഗൃഹപ്രവേശത്തിന്റെ തലേദിവസം വീടിന്റെ പൂമുഖ വാതിലിനു നേരെ കൈപിടിച്ചു നിർത്തി സുമേഷ് പറഞ്ഞ വാക്കുകളിതാണ് ‘‘ ഗംഭീരമായിരിക്കുന്നു, ഇത് നിങ്ങളുടെ മിടുക്കാണ് ’’.

ബാൽക്കണി വേണമെന്ന് ഞങ്ങളാഗ്രഹിച്ചിരുന്നെങ്കിലും അത് ‘ബാൽക്കെണിയാവും’ എന്ന് പറഞ്ഞ് ജയൻ നിരുത്സാഹപ്പെടുത്തി. അത് ഒഴിവാക്കേണ്ടായിരുന്നു എന്നിപ്പോൾ തോന്നുന്നുണ്ട്.  

ഒരിക്കൽ കോഴിക്കോട്ട് നിന്നു എറണാകുളത്തേക്കുള്ള ട്രയിൻ മിസ്സായി. ബസിൽ സഹയാത്രികനായ സെൽഷർ വാട്ടർ ടാങ്ക് കമ്പനിയുടെ പ്രതിനിധിയിൽ നിന്നും അറിഞ്ഞാണ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിക്കുന്ന പൊട്ടാത്ത തരം വാട്ടർ ടാങ്കുകളും മഴവെളള സംഭരണിയും വാങ്ങിയത്. അവർ സാധനം വീട്ടുപടിക്കൽ എത്തിച്ചു തന്നു.

പുനരുപയോഗവും അതിജീവനവും

shalimar-guest-living

വീടിനായി പുതിയ മരങ്ങളൊന്നും മുറിക്കേണ്ട എന്ന തീരുമാനം പൂർണ്ണമായി നടപ്പാക്കാനായതിൽ  അഭിമാനമുണ്ട്. അത്യാവശ്യം വേണ്ട തേക്കും ആഞ്ഞിലിയും വീട്ടുവളപ്പിൽ തന്നെയുണ്ട്. തറവാട്ടിൽ നിന്ന് വലിയൊരു തേക്ക് മരം വെട്ടിയെടുത്തു കൊള്ളാൻ അപ്പായുടെ സഹോദരിയും പറഞ്ഞു. എന്നിട്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള കടുപ്പവും കാതലുമുള്ള മരങ്ങൾ മാത്രമാണ് തേടിപ്പോയത്. 

എല്ലാ മരപ്പണികളും പീസ് വർക്കായി കരാർ കൊടുക്കുകയായിരുന്നു. തലശേരി, വടകര, കോഴിക്കോട്, കുമരകം, കോട്ടയം, എസ്എൽ പുരം, ആലപ്പുഴ, പിന്നെ സ്വന്തം നാടായ പൂച്ചാക്കൽ. ഇവിടയൊക്കെയുള്ള പണിശാലകളിലേക്ക് പലവട്ടം യാത്ര ചെയ്താണ് മര ഉരുപ്പടികളൊക്കെ തീരുമാനിച്ചതും പണിയിച്ചതും. 

ഈട്ടിയിലും തേക്കിലുമുള്ള 8  ഇരട്ടപ്പാളി വാതിലുകൾ വയലാറിൽ നിന്നൊരു വീട് പൊളിച്ചപ്പോൾ എഴുപതിനായിരം രൂപയ്ക്ക് വാങ്ങി. വെന്റിലേഷനോടു കൂടി രണ്ടര മീറ്റർ ഉയരമുള്ള വാതിലുകൾ അതേപടി കൊണ്ടു വന്ന് ടച്ച് വുഡ് അടിച്ച് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ സക്കറിയാ ബസാറിൽ നിന്നാണ് പ്രധാന വാതിലും കട്ടിളയും പണിയിച്ചത്. പഴയ മരത്തിൽ പണിയിക്കുന്നത് വളരെ സൂക്ഷിച്ചു വേണം, കൂട്ടത്തിൽ കേടുള്ള മരവും കയറ്റുന്ന വിരുതന്മാരുണ്ട്. വാതിലിലെ കൊത്തുപണികൾ 2500 രുപയ്ക്ക് തുറവൂരിൽ സിഎൻസി കട്ടിങ് ചെയ്തെടുത്തു. 

തലയെടുപ്പുള്ള വലിയൊരു പുരാതന മുൻ വാതിലിനായി ഒരുപാട് കാത്തിരുന്നെങ്കിലും ഒടുവിൽ ഫർണിച്ചർ  നോക്കാൻ വടകരയിൽ പോയപ്പോളാണ് കട്ടിളയോടു കൂടിയ അര ഡസനോളം വലിയ വാതിലുകൾ കണ്ട് അമ്പരന്നത്. അപ്പോഴേക്കും സക്കറിയാ ബസാറിലെ വാതിൽ ഫിറ്റു ചെയ്തിരുന്നു. 

അടർന്നു വീണ ഓടുകൾ

വളരെ സങ്കീർണ്ണമായിരുന്നു റൂഫ് ജോലി. രണ്ടാം നിലയുടെ കോൺക്രീറ്റ് തട്ടിൽ നിന്ന് 16 അടി ഉയരമാണ് മേൽക്കൂരയ്ക്ക്. ഉയരം കുറയ്ക്കാനാവുമോ എന്ന് പണിക്കാർ ചോദിച്ചു. അക്കാര്യത്തിൽ കോംപ്രമൈസിന് തയ്യാറല്ലായിരുന്നു. ഉയരമായിരുന്നു വീടിന്റെ ഹൈലൈറ്റുകളിലൊന്ന്. ജിഐ പൈപ്പിൽ സ്ട്രക്ച്ചർ ചെയ്യാൻ പൂച്ചാക്കലുള്ള റിഫാജിനായിരുന്നു കരാർ നൽകിയത്. 

പാഴായി പോകുന്ന കളിമൺ ഓടുകൾ തേടിയപ്പോൾ നാട്ടിൽ തന്നെ മൂന്നുരൂപ നിരക്കിൽ പഴയ ഓടുകൾ കിട്ടി , അതുകൊണ്ടുവന്നയാൾ തന്നെ മേഞ്ഞ് തരാനും ധാരണയായി. കഴുകി പെയിന്റടിച്ചെടുക്കൽ ശ്രമകരമായിരുന്നു. എന്നാൽ ഒരു നിര ഓടുമേയൽ പൂർത്തിയാകും മുന്നേ അതേപടി താഴേക്ക് വീണുടഞ്ഞു. ‘‘ ഞങ്ങൾ ചായ കുടിക്കാൻ പോയപ്പോൾ കാക്ക വന്നിരുന്നതാണ് ഓടു വീണതിനു കാരണമെന്ന് പറഞ്ഞ് അയാൾ സ്ഥലം വിട്ടു. 

2500 ഓടെടുത്ത് വൃത്തിയാക്കി പെയിന്റടിച്ച് വച്ചിരിക്കുകയാണ്. അകെയൊന്നു പകച്ചു. ഓട് മാറ്റി ഷീറ്റാക്കാൻ പലരും നിർദ്ദേശിച്ചു. ഉയരം കുറയ്ക്കാനും. അതിനും റിഫാജ് തന്നെ പരിഹാരം കണ്ടെത്തി കാക്കത്തുരുത്തിൽ നിന്നൊരു വിദഗ്ധനെ കൊണ്ടു വന്നു-സജു, ആദ്യം തന്നെ ഓടുകൾ തരം തിരിച്ചു. വിവിധ അളവുകളും ലോക്കിങ് സംവിധാനവുമുള്ള 6 കമ്പനികളുടെ ഓടുകളാണ് ഇടകലർത്തി മേഞ്ഞത്. അതാണ് ഓടുകൾ പിടിച്ചിരിക്കാതിരുന്നതും ഉതിർന്ന് പോയതും. ഒരേ ബ്രാൻഡ് ഓടുകളൊക്കെ ഒരു നിരയിൽ വിരിച്ചു. എല്ലാ ഓടുകളും ഡ്രിൽ ചെയ്ത് ഒന്നര ഇഞ്ചിന്റെ രണ്ട് കോൺക്രീറ്റ് ആണികൾ വീതമിട്ടാണ് ഓടുപാകൽ പൂർത്തിയാക്കിയത്. അതൊരു ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.  കോഴിക്കോട്ട് നിന്ന് വരുത്തിയ മെറ്റാലിക് ബ്രൗൺ ടൈൽ ഗാർഡ് പെയിന്റാണ് ഓടുകൾക്ക് അടിച്ചത്.  നാലായിരം ഓടുകൾ മേൽക്കൂരയ്ക്കും ആയിരം ഓടുകൾ സിറ്റൗട്ടിനും ജനലുകളുടെ മഴ മറയ്ക്കും ആയി. 

3 രൂപയ്ക്ക് പഴയ ഓട് കിട്ടിയെങ്കിലും സ്ഥലത്തെത്തിച്ച് കഴുകി പെയിന്റടിച്ച് വന്നപ്പോൾ ഓടൊന്നിന് 22 രൂപയായി.  2500 പുതിയ ഓടുകൾ 28 രൂപയ്ക്കാണ് രണ്ടാമതെടുത്തത്.  ജോലിത്തിരക്ക് കാരണം ഓടും സീലീങ്ഓടും എടുക്കുവാൻ നേരിട്ട് പോകാനായില്ല . ചാലക്കുടിയിലുള്ള സുഹൃത്ത് ഷിമ്മി ജോർജിന് ഡിസൈനും അളവുകളും വാട്ട്സാപ്പ് ചെയ്താണ് സീലിങ് ഓടുകൾ എടുത്തത്. എന്തിനും ഒപ്പമുണ്ടായിരുന്ന അച്ചമ്മയാണ് കാലടിയിൽ നിന്ന് ബാക്കി ഓടുകൾ വാങ്ങി വന്നത്. യാത്രകളിലെ സഹചാരി അച്ചമ്മ എന്നു നാട്ടിലെല്ലാരും വിളിക്കുന്ന അഷ്റഫ് മച്ചാൻ. വീടിനു വേണ്ട ആണി വരെ വാങ്ങാൻ ഒപ്പമുണ്ടായിരുന്ന ആളാണ്. ആലപ്പുഴയ്ക്കും കൊച്ചിക്കും കോട്ടയത്തേക്കും തലയോലപ്പറമ്പിലേക്കും ഞങ്ങൾ നടത്തിയ യാത്രകളിലാണ് വിടിന്റെ തടിപ്പണികളും ടൈലുകളും എങ്ങനെ വേണമെന്ന അന്തിമ തീരുമാനമായത്. 

ഫെറോ സിമന്റ് നൽകിയ മാറ്റ്

വീടിന്റെ പുറംഭാഗത്തെ ഫെറോ സിമന്റ് അലങ്കാരങ്ങൾ  കോഴിക്കോട്ട് ജേ ബീസ് ആർട്ട് ഗാലറിയിൽ ജയൻ ബിലാത്തിക്കുളം നിർമ്മിച്ചതാണ്. ഇന്റീറിയറിലെ മുന്തിരിവള്ളിയും മഞ്ചാടി ക്രാസിയും ചേർത്തല പട്ടണക്കാട് മാതാ സിമന്റ് വർകസിൽ നിന്നുമാണ്. വാഴത്തറവെളിക്കാരനായ ബിജു ഫോറോ സിമന്റ് ജോലികൾ വളരെ മനോഹരമാക്കി. ഡൈനിങ് കോർട്ട്യാർഡിലെ സോപാനം ഇത്തരത്തിൽ ചെയ്തെടുത്തതാണ്. 

തടിപ്പണികളിൽ നടപ്പിലാക്കിയ ചെലവു ചുരുക്കൽ

തടിയുടെ പുനരുപയോഗം ഒന്നു കൊണ്ട് മാത്രമാണ് വീടിന്റെ ചെലവ് പിടിച്ചു നിർത്താനായത്. 15 ലക്ഷം കടക്കേണ്ട തടിപ്പണിക്ക് അതിന്റെ നാലിലൊന്ന് പണമേ വന്നുള്ളു. കോട്ടയം ഇല്ലിക്കൽ നിന്നെത്തിയ സലീലും സംഘവുമാണ് ജനൽ പാളികളും സ്്റ്റെയർകേസും പണിത് ഫിറ്റു ചെയ്യുന്ന കരാറെടുത്തത്. മരത്തിൽ പണിത സ്്റ്റെയർ കേസിന് വാർക്കൽ കമ്പി കൊണ്ട് ഡിസൈൻ ചെയ്ത് കൈവരികൾ നൽകിയത്. 

പ്രൗഡിയുള്ള ഫർണീച്ചറുകൾ തേടി 

shalimar-dine

പണിതീരാറായപ്പോൾ കഴിഞ്ഞ ഡിസംബറിലാണ് വടകര താഴയങ്ങാടിയിലെ ആന്റിക് ഫർണിച്ചർ ഷോറൂമുകളിലേക്ക് ഷിജിയുമായിയിരുന്നു യാത്ര പോയത്. ജോലിയുടെ ഭാഗമായി നേരത്തെ പലപ്പോഴും സന്ദർശിച്ചിട്ടുള്ള കടകളാണ് അതിൽ പലതും. പുരാതന ശൈലിയിലുള്ള വിവിധയിനം ഫർണിച്ചറുകൾ, ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനം കവരും. പക്ഷേ, വിലയും അതുപോലെ മോഹനമാണ്! . വടകരയിൽ മുപ്പത്തയ്യായിരം പറഞ്ഞ ക്രോക്കറി യൂണിറ്റ് കോട്ടയത്തു നിന്ന് വാങ്ങിയത് പതിനേഴായിരത്തിനാണ്. പ്ലാസ്റ്റിക് പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്ന അത് മട്ടാഞ്ചേരിയിലെത്തിയാൽ വില എഴുപതിനായിരമാകും എന്നു പറഞ്ഞത് വടകരയിലെ കടയുടമ തന്നെ ! 

ഒടുവിൽ യാത്രാന്വേഷണം എത്തിയത് കോട്ടയം ഇല്ലിക്കലുള്ള ആന്റിക് ഫർണിച്ചർ ഷോപ്പിലും. തേക്കിലാണ് എല്ലാ ഫർണിച്ചറുകളും പണിയിച്ച് വാങ്ങിയത്. നാല് ലക്ഷത്തിന് മൊത്തം ഫർണിച്ചറുകൾ വാങ്ങി. ഡിസൈൻ നൽകിയപ്പോൾ പൂച്ചാക്കലെ ആശാരി ബിജുവാണ് കട്ടിലുകൾ പണിതത്.

ജാളികൾ ഒരുക്കിയ മായിക ലോകം

shalimar-living

പുലർവെളിച്ചം സിറ്റൗട്ടിലെ ജാളിയിലൂടെ വരയ്ക്കുന്ന നിഴൽചിത്രം കാണണമെങ്കിൽ ഏഴ് മണിക്ക് മുന്നേ ഉണരണം. ജനാലയ്ക്കും വാതിലിനും മേലുള്ള നീലയും മഞ്ഞയും തൂവെള്ളയുമായ ഫ്ലോറാ ഗ്ലാസുകളിലുടെ കടന്നുവരുന്ന മായാപ്രകാശമാണ് നമ്മളെ  സ്വാഗതം ചെയ്യുന്നത്. അതൊരു സ്വപ്നസമാനമായ കാഴ്ചയാണ്. ജാളികളിൽ തീർത്ത മൾട്ടിവുഡിലാണ് പ്രാർഥനാമുറി ഡിസൈൻ ചെയ്ത്. മുഗൾ ശൈലിയാണ് ജാളി വർക്കുകൾക്ക് പിന്തുടർന്നത്. ഒരുപാട് സമയമെടുത്ത് ആലോചിച്ചാണ് ജാളിയുടെ പാറ്റേണും പണിക്കാരെയും തീരുമാനിച്ചത്. ഉയർന്ന നിലവാരമുള്ള മൾട്ടി വുഡാണ് ജാളി വർക്ക് ചെയ്യാൻ ഉപയോഗിച്ചത്. 

ഇരുവശത്തു നിന്നും കയറാവുന്ന സിറ്റൗട്ടാണ് പുറം കാഴ്ചയിൽ ആദ്യം. ലിവിങ് കടന്ന് ളള്ളിലെത്തിയാൽ പ്രാർഥനാ മുറിയിൽ തുടങ്ങി ഫാമിലി ലിവിങും കടന്ന് ഡൈനിങിൽ അവസാനിക്കുന്ന നീളൻ മുറി. പുറത്തേക്ക് തുറക്കുന്നത് ഫാമിലി ലിവിങ് സ്പേസ്. വിരുന്നെത്തുന്ന കുട്ടികളുടെയും സ്ത്രികളുടെയും ഇഷ്ടപ്പെട്ട ഇടമാണിത്. അവിടിരുന്നാൽ കാണുന്നത് വയർ മെഷിലേക്ക് പടർന്ന വള്ളിച്ചെടികളാണ്.  ശംഖുപുഷ്പവും പാഷൻ ഫ്രൂട്ടും കുമ്പളവുമൊക്കെ പടർത്തിയൊരു ഹരിത വേലി. തൊട്ടപ്പുറത്ത് ഞാനും അനുജൻ റഫിയും പഠിച്ച , അപ്പായും അമ്മച്ചിയും പ്രധാന അധ്യാപകരായി വിരമിച്ച ഓടമ്പള്ളി ഗവ.യുപി സ്കൂൾ. ജോലി നാട്ടിൽ നിന്നും അകലെയാണെങ്കിലും വീട് ഹരിത വേലി നിവർത്തി വിരുന്നുകാരായ ഞങ്ങളെ മാടി വിളിക്കുകയാണ്. വീടുപണി കാണാനെത്തിയ അപ്പായുടെ പ്രിയ മിത്രം അർജ്ജുനൻ മാസ്റ്റർ പറഞ്ഞതു പോലെ ഷാലിമാറിൽ സംഗീതം ഒഴുകുകയാണ്. 

വീടിന്റെ മറ്റ് വിശേഷങ്ങൾ

shalimar

∙വീടിനിണങ്ങിയ ലൈറ്റുകൾ തേടിയുള്ള അന്വേഷണം ഒടുവിലെത്തിയത് ബെംഗളൂരു ചിക്പേട്ടിൽ. നാൽപതോളം അലങ്കാര ദീപങ്ങളാണ് വലിയ മുന്ന് പെട്ടികളിലാക്കി കെഎസ്ആർടിസി സ്കാനിയ ബസിൽ കൊണ്ടു വന്നത്. വയ്ക്കോൽ കൊണ്ട് ഒരുക്കിയ കനത്ത സംരക്ഷണ കവചത്തിൽ പൊതിഞ്ഞ്. ഒരു പോറൽ പോലുമില്ലാതെ എല്ലാം വീട്ടിലെത്തിച്ചു. ഡൽഹിയിലും മൊറാദാബാദിലും നിർമ്മിക്കുന്ന വർണ്ണ വിളക്കുകൾ തെളിയുമ്പോൾ പൂരത്തിന് പൂത്തിരി കത്തിച്ച പ്രതീതിയാണ്. തെക്കേ വീട്ടിലെ രാജനാണ് ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയത്. 

∙ എസ്.എൽ പുരത്തും ആലപ്പുഴ ഇരുമ്പ് പാലത്തിടുത്തുള്ള കടയിലുമാണ് ജനൽ കട്ടിളകൾ പണിയിച്ചത്. 16 എംഎം കമ്പിയാണ് ജനലുകൾക്ക്. വാതിലിനും ജനലിനും മുകളിലെ വെന്റിലേഷനിൽ നീലയും മഞ്ഞയും വെള്ളയും ഫ്ലോറാ ഗ്ലാസുകൾ നൽകി. എറണാകുളം , ചേർത്തല, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് കളർ ഗ്ലാസുകൾ വാങ്ങിയത്.

∙ ഡൈനിങിൽ നിന്നും പുറത്തേക്കുള്ള ഫാമിലി കോർട്ട്യാർഡിലേക്ക് രണ്ട് വാതിലുകളാണ് ഒരു കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്നത്. അകത്തേക്ക് തുറക്കുന്ന തടിയും പുറത്തേക്ക് തുറക്കുന്ന ബീവെലിങ് ചെയ്ത ചില്ലു വാതിലും. 

∙ ബേ വിൻഡോയിൽ ഗ്രാനൈറ്റ് ഒഴിവാക്കി മച്ചുപലക വിരിച്ചത് ചെലവ് വളരെയേറെ കുറച്ചു. നാല് കിടപ്പുമുറികളിലും ഫാമിലി ലിവിങിലും ബേ വിൻഡോ നൽകി. സുഹൃത്ത് കൃഷ്ണദാസിന്റെ വീട് കാണാൻ പോയപ്പോഴാണ് ബേ വിൻഡോ കണ്ടതും അളവെടുത്തു പോന്നതും. മച്ച് പലക പാകി പോളിഷ് ചെയ്തെടുത്തപ്പോൾ വലിയ തോതിൽ ചെലവ് കുറയ്ക്കാനായി. 

∙ചാരിയിരിക്കാവുന്ന ബഞ്ച് ഇട്ടിരിക്കുന്ന ഡൈനിങ് കോർട്ട്യാർഡ് വിരുന്നെത്തുന്നവരുടെ ഇഷ്ട ഇടം. അവിടെയും മുകളിലെ ഷീറ്റിട്ടെടുത്ത ഓപ്പൺ പാർട്ടി ഏരിയായിലും ഓരോ വാഷ് ബേസിൻ കൊടുത്തിട്ടുണ്ട്. 

∙ മറൈൻ പ്ലൈയാണ് അടുക്കളയിൽ കബോർഡുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ടോൾ യുണിറ്റാണ് അടുക്കളയുടെ മുഖ്യ ആകർഷണം. 

∙തലയോലപ്പറമ്പിൽ നിന്നുമാണ് ടൈലുകൾ എടുത്തത്. കോഴിക്കോട്ടും കൊച്ചിയിയുമുള്ള സ്റ്റുഡിയോകൾ കണ്ട് ധാരണയുമായാണ് പോയതെങ്കിലും വുഡൺ പാറ്റേണുകൾ ആണ് ലിവിങ്ങിലേക്കും താഴത്തെ ബെഡ് റൂമിലേക്കും എടുത്തത്. നാട്ടുകാരനായ ജിമ്മിച്ചനാണ് ടൈൽ വിരിച്ചത്. 

∙ മനസിൽ കണ്ട വാൽനട്ട് ഫിനിഷ് മരത്തിലേക്ക് പകർന്ന പെയിന്റർ അജയനും നാട്ടുകാരൻ. ഉപയോഗിച്ച മരമായതു കൊണ്ട് നന്നായി പുട്ടി ഇട്ടെടുക്കേണ്ടി വന്നു. സ്വപ്നം കണ്ട പോൽ തടികളൊക്കെ ഗംഭീരമാക്കി. പെയിന്റ് ചെയ്ത് വന്നപ്പോൾ ചെലവ് വിചാരിച്ചതിലും അധികമായെങ്കിലും ഫിനിഷിങ് അതിന്റെ ഗാംഭീര്യം എടുത്തറിയിക്കുന്നുണ്ട്. നാട്ടിൽ സുലഭമായ വെള്ള മണൽ ചേർത്ത് ഭിത്തി തേച്ചതിനാൽ പുട്ടി ഇടാതെയാണ്  എമൽഷൻ അടിച്ചത്. 

∙പറമ്പിൽ‌ താഴ്ത്തിയ ബോർവെല്ലും പൈപ്പിലൂടെത്തുന്ന ജപ്പാൻ വെള്ളവുമാണ് പ്രധാന ജല ശ്രോതസുകൾ. 750 ലീറ്ററിന്റെ രണ്ട് ടാങ്കുകളാണ് ടെറസിൽ ഓടുകൾക്കടിയിലായി ഉറപ്പിച്ചിരിക്കുന്നത്. ടാങ്ക് ഉയരത്തിൽ സ്ഥാപിച്ചതു കൊണ്ട് പ്രഷർ പമ്പ് വെയ്ക്കേണ്ടി വന്നില്ല.  മഴവെള്ള സംഭരണിയിൽ നിന്നും ടാങ്കിലേക്ക് നേരിട്ട് വെള്ളമെത്തും. രണ്ട് മോട്ടോറിനും ഓട്ടോമാറ്റിക് ലെവൽ കൺട്രോൾ സംവിധാനം ഉള്ളതിനാൽ ജലവിതാനം കുറയുന്നതനുസരിച്ച് വെള്ളം മുകളിലെത്തും. 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA