ADVERTISEMENT

കുറഞ്ഞ ചെലവിൽ പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു.

ഞാനും ഭാര്യ ജ്യോതിയും എറണാകുളത്താണ് താമസിക്കുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഇടയ്ക്ക് ഓടിയൊളിക്കാൻ ഒരു സങ്കേതം വേണം എന്ന ആഗ്രഹമാണ് ഈ വീടിന്റെ പിറവിക്ക് പിന്നിൽ. കോട്ടയം ജില്ലയിലെ വൈക്കത്ത് പുഴയ്ക്ക് സമീപത്തായാണ് പ്ലോട്ട്. മിക്ക വർഷങ്ങളിലും ഇവിടെ വെള്ളം കയറാറുണ്ട്. അതുകൊണ്ട് വീടിനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ തൂണിൽ ഉയർത്തിപ്പണിയണം എന്ന് തീരുമാനിച്ചിരുന്നു. ആർക്കിടെക്ടും ബന്ധുവുമായ ശ്യാംകുമാറിനെയാണ് പണി ഏൽപ്പിച്ചത്. 

ഉറപ്പ് കുറഞ്ഞ മണ്ണായതിനാൽ പൈലിങ് ചെയ്ത്, കോളം– ബീം ശൈലിയിൽ പത്തടിയോളം ഉയരത്തിൽ തൂണുകൾ ഉറപ്പിച്ചു. ഇതിനു മുകളിലായാണ് വീട് ഒരുക്കിയത്. ട്രസ് റൂഫ് ചെയ്ത ശേഷം മേൽക്കൂരയിൽ ഓട് വിരിച്ചു. എക്സ്പോസ്ഡ് ബ്രിക്ക് ശൈലിയാണ് പുറംഭിത്തികളിൽ പിന്തുടർന്നത്. കാറ്റും വെളിച്ചവും കാഴ്ചകളും ലഭിക്കാൻ ഒരുവശത്തെ ഭിത്തി മുഴുവൻ ലൂവറുകൾ നൽകി. ഇതിനു സമീപം ഇൻബിൽറ്റ് ഇരിപ്പിടവും നൽകി. നമ്മുടെ തറവാടുകളിലെ വില്ലഴികളെ അനുസ്മരിപ്പിക്കുമിത്. 

12-lakh-stilt-house-kottayam

വീട്ടിലേക്ക് പ്രവേശിക്കാൻ ജി.ഐ കൊണ്ട് ഗോവണി നൽകി. ലിവിങ്, ഒരു ബെഡ്റൂം, ബാത്റൂം, കിച്ചൻ, രണ്ടു ബാൽക്കണി എന്നിവ മാത്രമാണ് ഏകദേശം 420 ചതുരശ്രയടിയിൽ ഒരുക്കിയത്. ബേസ്മെന്റ് ഫ്ളോറിലും ഇതേ ചതുരശ്രയടി ലഭിക്കുന്നുണ്ട്. ഇവിടെ രണ്ടു കാറുകളും പാർക്ക് ചെയ്യാം. 

12-lakh-stilt-house-living

മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വുഡൻ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ചെലവ് കുറയ്ക്കാൻ ബദൽ മാർഗങ്ങൾ ഉപയോഗിച്ചു. വാഡ്രോബ്, കബോർഡ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു പ്ലൈവുഡ് വിരിച്ചു. കിടപ്പുമുറിയിൽ നിന്നും പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ വിരുന്നെത്തും.

12-lakh-stilt-house-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 12 ലക്ഷം രൂപയാണ് ചെലവായത്. അടിത്തറയും തൂണുകളും നാട്ടാൻ കൂടുതൽ പണം ചെലവായി. ഉറപ്പുള്ള സ്ഥലങ്ങളിൽ പണിയുകയാണെങ്കിൽ ചെലവ് ഇനിയും കുറയ്ക്കാം. ഇത്തവണത്തെ പ്രളയത്തിൽ പ്ലോട്ടിൽ വെള്ളമെത്തിയെങ്കിലും വീട്ടിലേക്ക് കയറിയില്ല. അതുതന്നെയാണ് ഇത്തരം വീടുകളുടെ ഇനിയുള്ള പ്രസക്തിയും..

12-lakh-stilt-house-bedroom

 

Project facts

Location- Vaikom, Kottayam

Area- 420 SFT

Owners- Krishnakumar, Jyothi

Architect- Shyamkumar Puravankara

Forms and spaces

Mob- 9895404502

Completion year- 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com