ADVERTISEMENT

മുംബൈയിൽ ബിസിനസുകാരനായ രവീന്ദ്രൻ തന്റെ നാടായ ഗുരുവായൂരിനടുത്ത് തമ്പുരാൻപടിയിൽ വീട് പണിയാൻ തീരുമാനിച്ചപ്പോൾ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. കുടുംബമായി മുംബൈയിൽ താമസിക്കുന്നതിനാൽ വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമേ നാട്ടിൽ വരാറുള്ളൂ. അതിനാൽ പരിപാലനം എളുപ്പമാക്കുന്ന വീടാകണം എന്നതായിരുന്നു ആദ്യത്തെ ഡിമാൻഡ്. ഭാവിയിൽ വിശ്രമജീവിതം സ്വച്ഛസുന്ദരമാക്കാൻ അനുയോജ്യമായ ഒരു വീട്. പിന്നെ തമ്പുരാൻപടി ഒരു ഗ്രാമപ്രദേശമാണ്.അവിടുള്ള ചുറ്റുപാടുകളോട് ഇഴുകിച്ചേരുന്ന വീടാകണം എന്നതായിരുന്നു അടുത്ത ആവശ്യം. ഇത്തരം കാര്യങ്ങളെല്ലാം പ്രവർത്തികമാക്കിയാണ് ആർക്കിടെക്ട് റിയാസ് ഈ വീട് രൂപകൽപന ചെയ്തത്.

fusion-home-guruvayur-side

 

വിശാലമായ പ്ലോട്ടിൽ അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. പരമ്പരാഗത വീടുകളുടെയും സമകാലിക ശൈലിയുടെയും സങ്കലനമാണ് വീടിന്റെ പുറംകാഴ്ച. മേൽക്കൂര നിരപ്പായി വാർത്തശേഷം ശേഷം ട്രസ് ചെയ്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു. ഇടയ്ക്കുള്ള ക്യാവിറ്റി സ്‌പേസ് ചൂടിനെ അകത്തേക്ക് പ്രസരിക്കുന്നതിൽ നിന്നും തടയുന്നു.

fusion-home-guruvayur-hall

 

fusion-home-guruvayur-living

മുന്നിലേക്ക് തള്ളിനിൽക്കുന്ന പോർട്ടിക്കോയാണ് പുറംകാഴ്ചയിലെ ആകർഷണം. നാട്ടിലുള്ളപ്പോൾ വീട്ടുകാരുടെ ഇഷ്ട ഒത്തുചേരൽ ഇടം കൂടിയാണിത്. വിശാലമായ സിറ്റൗട്ടും വരാന്തയും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. സെമി ഓപ്പൺ ശൈലിയിലാണ് വിശാലമായ അകത്തളങ്ങൾ. ഇത് ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. 

fusion-home-guruvayur-dine

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 5000 ചതുരശ്രയടിയിൽ ഒരുക്കിയത്. വീടിന്റെ അകത്തളങ്ങളുടെ വിന്യാസം, അളവ് എന്നിവയിൽ വാസ്തുപ്രമാണങ്ങളും നോക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പൂജാമുറിയുടെ സ്ഥാനം, അടുക്കളയുടെ സ്ഥാനം എന്നിവ.

fusion-home-guruvayur-stair

ഡൈനിങ് ഹാളാണ് വീടിനുള്ളിലെ പ്രധാന ഇടം.  ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി കൗണ്ടർ നൽകി.

ഗോവണിയുടെ ഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിൽ നൽകിയത് വിശാലത നിറയ്ക്കുന്നു. ഇവിടെ പർഗോള സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. താഴെ ചെറിയ ഒരു ക്ളോസ്ഡ് കോർട്യാർഡും നൽകി.

ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. ഗ്രാനൈറ്റ്, മാർബിൾ, വിട്രിഫൈഡ് ടൈൽസ് എന്നിവ. ജിപ്സം, വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി. വാം ടോൺ ലൈറ്റുകൾ വൈകുന്നേരം അകത്തളം പ്രസന്നമാക്കുന്നു.

fusion-home-guruvayur-interiors

ഫർണിച്ചറുകൾ അകത്തളങ്ങളുടെ അളവെടുത്ത് പ്രത്യേകം പണിയിപ്പിച്ചെടുത്തു. ഫർണിഷിങ്ങിൽ തടിയുടെ സാന്നിധ്യം പ്രൗഢി നിറയ്ക്കുന്നുണ്ട്.

ഗോവണി കയറി എത്തുന്നത് ചെറിയ ലിവിങ് സ്‌പേസിലേക്കാണ്. മുകൾനിലയിലാണ് ഹോംതിയറ്റർ. മികച്ച ശബ്ദവിനിമയം നൽകുംവിധത്തിൽ ചുവരുകൾ സജ്ജീകരിച്ചു.

fusion-home-guruvayur-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകിയിട്ടുണ്ട്.

fusion-home-guruvayur-ff

മോഡുലാർ കിച്ചനാണ്.  മറൈൻ പ്ലൈവുഡ് കൊണ്ട് കബോർഡുകൾ ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്. 

fusion-home-guruvayur-gf

ചുരുക്കത്തിൽ വീട്ടുകാരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് ചുറ്റുപാടിനോട് നീതിപുലർത്തിയാണ് വീട് തലയുയർത്തി നിൽക്കുന്നത്. വീട്ടുകാരുടെ അടുത്ത വരവും കാത്തിരിക്കുകയാണ് ഇപ്പോൾ ഈ വീട്.

 

Project facts

Location- Thampuranpadi, Guruvayur

Area- 5000 SFT

Owner- Raveendran

Architect- Riyas

Indigo Arkitects, Thrissur

Mob- 9447154111

Content Summary: Traditional Looking House in Village; NRK house Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com