ADVERTISEMENT

ആഢംബരവും ആധുനികതയും  ഒറ്റ നിറത്തിന്റെ പകിട്ടുമാണ് ഇൗ ഫ്ളാറ്റിനെ കെങ്കേമമാക്കുന്നത്. അടിമുടി വെൺചാരുതയിൽ പൊതിഞ്ഞ് നിൽക്കുന്ന ഇൗ ഫ്ളാറ്റ് പ്രവാസിയായ അമീർ അലിയുടേയും കുടുംബത്തിന്റേതുമാണ്്. കോഴിക്കോട് നഗരത്തിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഇൗ ഫ്ളാറ്റ്.  അടിമുടി വെള്ളനിറത്തിൽ  ഇന്റീരിയർ പൂർത്തിയാക്കണമെന്നതായിരുന്നു വീട്ടുടമസ്ഥനായ അമിറിന്റെയും കുടുംബത്തിന്റെയും മുഖ്യഡിമാന്റ്. അതിനനുസരിച്ചാണ് ഇന്റീരിയർ പ്ലാൻ ചെയ്തതും പൂർത്തികരിച്ചതും.

white-flat-calicut-kitchen-living

കുറഞ്ഞ സ്ഥലത്ത് ഇന്റീരിയർ ക്രമീകരിക്കുമ്പോൾ പാലിക്കേണ്ട എല്ലാ ഫോർമുലയും ഇൗ ഫ്ളാറ്റിലും പാലിച്ചിട്ടുണ്ട്. ഒാപ്പൺ ആശയത്തിലാണ് പൊതുവിടങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഭിത്തിയിലും സിലിങിലും തറയിലുമുള്ള ഒറ്റനിറത്തിന്റെ വിന്യാസം വീട്ടകം വിശാലമാക്കുന്നതിന് സഹായിക്കുന്നു. അകത്തളത്തിന്റെ അലങ്കാര രസതന്ത്രം മുറിയാതെയാണ് ഇടങ്ങൾ കൂട്ടിയിണക്കിയിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, 2 കിടപ്പുമുറി എന്നിവയാണ് അകത്തള സൗകര്യങ്ങൾ. 1200 ചതുരശ്രയടി വിസ്തീർണത്തിലാണ് അകത്തളം.

white-flat-calicut-hall

ഒറ്റ നിറത്തിൽ വീട്ടകം ക്രമീകരിക്കുന്നവർ ഭിത്തിയിലും സീലിങിലും ഒരേ നിറം മാത്രം ഉപയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ ആ പതിവിന് വിപരീതമായ് ഒരേ നിറത്തിലുള്ള സാമഗ്രികൾ കൊണ്ടാണ് അകത്തളം സജ്ജമാക്കിയിരിക്കുന്നത്. പാർക്കറ്റ് ഫിനിഷിലുള്ള വുഡൻ ഫ്ളോറിങാണ് ഇന്റീരിയറിൽ, ഒാഫ് വൈറ്റ് നിറമാണ് ഇതിന്. കിച്ചനിൽ മാത്രം ഫ്ളോറിങിന് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.

white-flat-interior

L ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന സോഫയാണ് ലിവിങിലെ ഇരിപ്പിടം. ജൂട്ട് കൊണ്ടാണ് ഇത് അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്നത്. ഭിത്തിയിൽ എം. ഡി. എഫ് കൊണ്ട് പാനലിങ് ചെയ്തിരിക്കുകയാണ്. പ്രത്യേക പാറ്റേണിലുള്ള ഇൗ പാനലിങ് തന്നെയാണ് ലിവിങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ച. ലിവിങ് ഫർണിച്ചർ പ്ലൈവുഡിലാണ്. വെനിർ ഫിനിഷാണ് ഇവയ്ക്ക്. ടി.വി. യുണിറ്റിന് പെയിന്റ് ഫിനിഷും  വെനിർ ഫിനിഷും ഇടകലർത്തിയാണ് നൽകിയിരിക്കുന്നത്.

സോളിഡ് വുഡിലാണ് ഡൈനിങ് ടേബിളും കസേരകളും. പെയിന്റ് ഫിനിഷാണ് ഇവയ്ക്ക്. ടേബിൾ ടോപ്പ് ഗ്ലാസിലാണ്. ആറുപേർക്ക് ഒരുമിച്ച് ആഹാരം കഴിക്കാവുന്ന ഡൈനിങ് ടേബിളാണ് സെറ്റ് ചെയ്തിരിക്കുന്നത്. വിശാലമായ ജാലകവും അതിന് അലങ്കാരമായി റോമൻ കർട്ടനുമാണ് ഇട്ടിരിക്കുന്നത്. ധാരാളം വെളിച്ചം ഇന്റീരിയറിലേക്ക് എത്തിക്കുന്നതിന് ഇൗ ജനൽ സഹായിക്കുന്നു.. സീലിങിൽ ജിപ്സമാണ് ഉപയോഗിച്ചിരിക്കുന്നത്.

white-flat-calicut-dine

ഇവിടെ ലിവിങും ഡൈനിങും തുറന്നു കിടക്കുന്നതിനാൽ കൂടുതൽ സന്ദർശകരെത്തിയാൽ അവരെ ഡൈനിങിലേക്ക്  ഇരുത്താവുന്നതാണ്.

കിച്ചൻ L ഷേപ്പിലാണ്. പൈ്ലലുഡിലാണ് കിച്ചൻ ക്യാബിനറ്റുകൾ.  പി യു പെയിന്റ് ഫിനിഷാണ് ഇവയ്ക്ക്. ഭിത്തിയിൽ  അക്രിലിക് പാനലിങാണ് നൽകിയിരിക്കുന്നത്. കിച്ചൻ വർക്ക് ടോപ്പ് കൊറിയൻ സ്റ്റോൺ കൊണ്ടാണ്. അപ്പർ-ലോവർ ക്യാബിനറ്റുകൾ സ്റ്റോറേജിന് ധാരാളം സ്ഥലമൊരുക്കുന്നു.. ഇന്റീരിയറിന്റെ കളർ തീം കിച്ചനിലും പിന്തുടർന്നിട്ടുണ്ട്.

white-flat-calicut-kitchen

രണ്ട് കിടപ്പുമുറിയാണ് ഫ്ളാറ്റിലുള്ളത്. പൗഡർ സ്പേസും റീഡിങ് സ്പേസും കിടപ്പുമുറിയുടെ ഭാഗമായിട്ടുണ്ട്. ഹെഡ്ബോർഡ് കുഷ്യൻ പാഡിങ് ചെയ്തിരിക്കുന്നു. ഭിത്തിയിൽ  പാനലിങും വാൾപേപ്പറുമാണ്  അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സീലിങ് ജിപ്സത്തിലാണ്. ബാത് അറ്റാച്ഡ് കിടപ്പുമുറികൾ രണ്ടും. പരമാവധി സ്റ്റോറേജ് സൗകര്യം കിട്ടത്തക്ക വിധത്തിലാണ്  കിടപ്പുമുറിയുടെ ക്രമീകരണം.

white-flat-calicut-bed

ഒറ്റ നിറത്തിന്റെ ചാരുതയിൽ ഇന്റീരിയർ പൂർത്തിയാക്കണമെന്ന  വീട്ടുടമസ്ഥന്റെ ആഗ്രഹം അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് ഇൗ ഫ്ളാറ്റകത്ത്.

 

Project Facts

Location: Calicut

Area : 1200 SQFT

Owner: Ameer Ali

Designers:  Abhijith & Mansoor Attiyat

Oggle interior, Calicut

Ph:9074770048

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Content Summary: White Themed Flat Calicut; Flat Design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com