sections
MORE

ഇത്തരമൊരു വീട് കേരളത്തിൽ അപൂർവം; എന്താണ് ഇതിന്റെ രഹസ്യം?

scandinavian-house-cherthala-view
SHARE

ചേർത്തല പതിനൊന്നാംമൈൽ എന്ന സ്ഥലത്തുള്ള 12 സെന്റിലാണ് ലെജിനും സെമിയും തങ്ങളുടെ സ്വപ്നഗൃഹം പണിയാൻ തിരഞ്ഞെടുത്തത്. ഇരുവരും ക്യാബിൻ ക്രൂ ആയി ജോലിചെയ്തവരാണ്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ കാഴ്ചകളുടെയെല്ലാം പ്രതിഫലനം നിറയുന്ന ഇരുനില വീട് എന്നതായിരുന്നു ഇരുവരുടെയും സങ്കൽപം. ഡിസൈനർ ഷിന്ടോയാണ് (കൺസെപ്റ്റ്സ്  ഡിസൈൻസ്)  വീടിന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചത്

scandinavian-house-cherthala-wall

മൂന്നുവശങ്ങളിൽ കൂടിയും റോഡ് പോകുന്ന ഒരു കോർണർ പ്ലോട്ടായിരുന്നു. അതിനാൽ മൂന്നു വശത്തുനിന്നും വ്യത്യസ്തമായ കാഴ്ച ലഭിക്കുംവിധമാണ് ഷിന്ടോ പുറംകാഴ്ച ഒരുക്കിയത്. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ലാൻഡ്സ്കേപ്പും വീടും തമ്മിൽ ഇഴചേരുംവിധം വേർതിരിവുകൾ ഒന്നുമില്ലാതെയാണ് രൂപകൽപന. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം ഭംഗിയാക്കി. ഇന്റർലോക്ക് ചെയ്യാതെ വീടിനുചുറ്റും പെബിൾസാണ് വിരിച്ചിരിക്കുന്നത്. അതിനാൽ മേൽക്കൂരയിലും വീട്ടുമുറ്റത്തും വീഴുന്ന വെള്ളം മുഴുവൻ ഭൂമിയിൽ തന്നെ കിനിഞ്ഞിറങ്ങും.

scandinavian-house-cherthala

സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, പാൻട്രി, വർക്കിങ് കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ, യൂട്ടിലിറ്റി ടെറസ്സ് എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്. 

കേരളത്തിൽ അത്ര പ്രചാരം നേടിയിട്ടില്ലാത്ത സ്കാൻഡിനേവിയൻ തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. ഇതിൽ ഒരുപാട് സാധനങ്ങൾ കുത്തിനിറയ്ക്കാതെ മിതമായ ഫർണിഷിങ് വഴിയാണ് ഭംഗി നിറയ്ക്കുന്നത്. സസ്പെൻസ് നിലനിർത്തുന്ന ഒരു ഡിസൈൻ രീതിയാണിത്. ഫർണിഷിങ് പണികൾ നടക്കുന്ന സമയത്ത് ഒന്നും ചെയ്തിട്ടില്ല എന്നുതോന്നും. അവസാനഘട്ടത്തിലാണ് ചിത്രം തെളിഞ്ഞു വരുന്നത്. അതിനാൽ ആദ്യമേ വീട്ടുകാരെ ഇതിനെക്കുറിച്ച് പറഞ്ഞു മനസിലാക്കിയിരുന്നു.

scandinavian-house-cherthala-interior

പ്രധാന സ്ട്രക്ച്ചറിൽ നിന്നും മാറ്റിയാണ് കാർ പോർച്ച്. ജിഐ ട്യൂബിൽ അലുമിനിയം കോംപസിറ്റ് പാനൽ റൂഫിങ് നൽകിയാണ് പോർച്ചിന്റെ നിർമാണം. സിറ്റൗട്ടിൽ ഒരു ഡബിൾ ഹിറ്റ് ഭിത്തിയുണ്ട്. ഇവിടെ സ്റ്റോൺ ക്ലാഡിങ്ങും ടെക്സ്ച്ചറും നൽകി അലങ്കരിച്ചിട്ടുണ്ട്.

വായുവിൽ തൂങ്ങിനിൽക്കുന്ന പ്രതീതി ജനിപ്പിക്കുംവിധമാണ് ബാൽക്കണിയുടെ ഡിസൈൻ. അതിനടിയിൽ പില്ലറുകൾ ഒന്നുമില്ലാതെ സിറ്റൗട്ട് ഒരുക്കി. ഇവിടെ ജിഐ ട്യൂബിൽ ഒരു വുഡൻ ഫീച്ചറും ഒരുക്കി. സിറ്റൗട്ടിൽ നിന്നും ഫോയറിലൂടെ അകത്തേക്കെത്താം.

സാധാരണ മോഡേൺ വീടുകളിൽ സ്വീകരണമുറി ഷോ കാണിക്കാനുള്ള ഇടമായിരിക്കും. ഭിത്തിയിൽ പാനലിങ്ങും, ലൈറ്റും, ക്ലാഡിങ്ങും, കടുംനിറങ്ങളുമെല്ലാം കാണും. എന്നാൽ ഇവിടെ അതെല്ലാം ഒഴിവാക്കി പ്‌ളെയിൻ ആയി ഇട്ടിരിക്കുന്നു. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വലിയ ജനാലകൾ നൽകിയിട്ടുണ്ട്.

scandinavian-house-cherthala-interior-view

തുറസായ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചത് ഇടങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയം സാധ്യമാക്കുന്നു. പ്രധാന ഹാളിൽ ഡൈനിങ്, ഫാമിലി ലിവിങ്, പ്രെയർ ഏരിയ, വാഷ് ഏരിയ, സ്റ്റെയർ എന്നിവ വരുന്നു. പ്ലൈവുഡ്, ലാമിനെറ്റ് ഫിനിഷിലാണ് ഉള്ള ചെറിയ ഫർണിഷിങ്. 

scandinavian-house-cherthala-prayer

ലിവിങ്ങിൽ നിന്നും ഒരു പാഷ്യോ ഏരിയയിലേക്ക് പ്രവേശിക്കാം. ഇതിനായി ഒരു സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി മോട്ടറൈസ്ഡ് ഷട്ടറുകളും നൽകിയിട്ടുണ്ട്.

scandinavian-house-cherthala-hall

മൾട്ടിവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് പാൻട്രി ഒരുക്കിയത്. വൈറ്റ് സ്റ്റെല്ലാർ സ്റ്റോൺ കൗണ്ടറിൽ വിരിച്ചു. മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിൽ വർക്കിങ് കിച്ചൻ ഒരുക്കി.

scandinavian-house-cherthala-kitchen

കിടപ്പുമുറികൾ ചെറിയ ചെപ്പടിവിദ്യകൾ കൊണ്ട് വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ലെതർ ഫിനിഷ്ഡ് ഹെഡ്‌ബോർഡാണ്‌ മുറികളെ വ്യത്യസ്തമാക്കുന്നത്. കുട്ടികളുടെ മുറിയിൽ ഡോർമെട്രി ശൈലിയിൽ ബങ്ക് ബെഡ് നൽകിയിട്ടുണ്ട്.

scandinavian-house-cherthala-kids-bed

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സിറ്റൗട്ടിലും ഗോവണിയുടെ പടികളിലും ഗ്രാനൈറ്റ് വിരിച്ചു. ജിഐ പൈപ്പിൽ വുഡ് പൊതിഞ്ഞാണ് ഗോവണിയുടെ കൈവരികൾ. അപ്പർ ലിവിങ് റി പാർട്ടി സ്‌പേസാക്കി മാറ്റാൻ പാകത്തിലാണ്. ഇവിടെയും സിറ്റിങ്, ടിവി യൂണിറ്റ് നൽകിയിട്ടുണ്ട്.  

scandinavian-house-cherthala-upper

ചുരുക്കത്തിൽ മിനിമലിസത്തിലൂടെ സ്വാഭാവിക സൗന്ദര്യം കൊണ്ടുവരാൻ ഇവിടെ സാധിച്ചിരിക്കുന്നു. വീട്ടിൽ എത്തുന്ന അതിഥികൾക്ക് ഇതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത ഒരു നവ്യാനുഭവമാണ് ഇപ്പോൾ ഈ വീട്.

scandinavian-house-cherthala-front

Project facts

Location - Cherthala, Alappuzha

Plot- 12.5 Cents

Area -3200 Sqft 

Owners- Lejin and Semi

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Completion Year- October 2019 

English Summary- Scandinavian Theme House Cherthala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA