കണ്ടാൽ കൊച്ചുവീട്; പക്ഷേ സംഭവം അതല്ല! ആകാംക്ഷ നിറയ്ക്കുന്ന വീട്!
Mail This Article
കട്ടപ്പനയ്ക്കടുത്ത് കൊച്ചുതോവാള എന്ന സ്ഥലത്താണ് മറീന ചെറിയാന്റെ പുതിയ വീട്. പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നിക്കുമെങ്കിലും മൂന്നുനില വീടാണിത്. വളരെ നിരപ്പുവ്യത്യാസമുള്ള 50 സെന്റ് പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയതാണ് ഈ വീടിന്റെ സവിശേഷത.
മൂന്നു ലെവലുകൾ ആയാണ് ഇടങ്ങൾ ക്രമീകരിച്ചത്. മൂന്ന് ലെവലും കൂടെ 2077 ചതുരശ്രയടിയിൽ ഒതുക്കി.
- ഫാമിലി ലിവിങ്, രണ്ട് കിടപ്പുമുറികൾ എന്നിവ ബേസ്മെന്റ് ഏരിയയിൽ വരുന്നു.
- ഗ്രൗണ്ട് ഫ്ലോറിൽ കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ് ഏരിയ, കോർട്ട്‍യാർഡ് എന്നിവ ഉൾപ്പെടുത്തി.
- ഫസ്റ്റ് ഫ്ലോറിൽ ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ വരുന്നു.
അടിത്തറ കെട്ടാനും ഇടങ്ങൾ വിന്യസിക്കാനും സാധാരണയിലും കൂടുതൽ പണം ചെലവായി. അതിനാൽ ഫർണിഷിങ് മിനിമൽ ശൈലിയിലാണ് ചെയ്തത്. പണം ലഭിക്കാനുള്ള അവസരങ്ങൾ എല്ലാം വിനിയോഗിച്ചിട്ടുണ്ട്.
സമകാലിക ശൈലിയിൽ കോഫി –വൈറ്റ് നിറങ്ങൾ ചേരുന്ന ലളിതമായ പുറംകാഴ്ചയാണ് ഒരുക്കിയത്. ലാൻഡ്സ്കേപ് ലളിതമായി മാത്രം ഒരുക്കി. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോൺ ഇന്റർലോക്ക് ചെയ്തു. പരിപാലനം കുറവ് ആവശ്യമുള്ള കുറച്ചു ചെടികളും നട്ടു. മതിലും ഗെയ്റ്റുമെല്ലാം സാധാരണയിലും ഉയരം കുറഞ്ഞതാണ്.
ചെലവ് കുറയ്ക്കാനായി ചെയ്ത കാര്യങ്ങൾ
- ഫോൾസ് സീലിങ്, പാനലിങ് വർക്കുകൾ ഒന്നും ഉള്ളിലില്ല. ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു. കട്ടിളകൾ കോൺക്രീറ്റ് കൊണ്ട് പണിതു.
- അകത്തെ വാതിലുകളും ജനലുകളും യുപിവിസി കൊണ്ട് പണിതു.
- ഇടത്തരം വിലയുള്ള ഫർണിച്ചർ റെഡിമെയ്ഡ് ആയി വാങ്ങി. ഫാമിലി ലിവിങ്ങിൽ പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു.
ഫോർമൽ ലിവിങ്ങിനോട് ചേർന്നുള്ള കോർട്ട്‍യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. മഴയും വെയിലും അകത്തേക്ക് ക്ഷണിക്കുന്ന ഓപ്പൺ റൂഫ് കോർട്യാർഡാണ് ഒരുക്കിയത്. നിലത്ത് പെബിൾ വിരിച്ചു. വശത്തെ ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡനും നൽകി. വീടിനുള്ളിലെ ചൂടുവായു പുറന്തള്ളുന്നതിലും വെന്റിലേഷൻ ക്രമീകരിക്കുന്നതിലും ഈ കോർട്യാർഡ് പ്രധാന പങ്കു വഹിക്കുന്നു.
വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. സിറ്റൗട്ടിലും സ്‌റ്റെയറിലും ഗ്രാനൈറ്റ് വിരിച്ചു.
മൾട്ടിവുഡിൽ ഓട്ടോപെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
ഇപ്പോൾ പുറംകാഴ്ച കണ്ടു വലുതായി ഒന്നും പ്രതീക്ഷിക്കാതെ എത്തുന്ന അതിഥികൾ ബോണസ് കാഴ്ചകൾ കണ്ടു ത്രില്ലടിച്ചാണ് മടങ്ങുന്നത്. ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ മറികടന്നു പരമാവധി സൗകര്യങ്ങൾ, അതും പോക്കറ്റ് കൂടി കണക്കിലെടുത്ത് ഒരുക്കി എന്നതാണ് ഈ വീടിനെ ഒരു പാഠപുസ്തകമാക്കി മാറ്റുന്നത്.
Project facts
Location- Kochuthovala, Kattappana
Plot – 50 cent
Area- 2077 sqft
Owner – Mareena Cherian
Architect – Deepak Thomas
Concreators Architecture, Kattapana
Mob- 9744253123
Year of Completion - 2018
English Summary- Three Storeyed House in Contour Plot; Plan