ADVERTISEMENT

കൊച്ചി കാക്കനാട് 5 സെന്റ് പ്ലോട്ടാണ് രഞ്ജിത്തിനും നമിതയ്ക്കും ഉണ്ടായിരുന്നത്. പ്ലോട്ടിന് ഇരുവശത്തും കൂടിയും വഴി പോകുന്നുണ്ട്. അതിനാൽ രണ്ടു വശത്തും നിയമപ്രകാരമുള്ള സെറ്റ് ബാക്ക് ഇട്ടുകഴിഞ്ഞാൽ വീട് പണിയാൻ സ്ഥലം തീരെ കുറവ്. ഇവിടെ കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന വിശാലമായ ഒരു വീടായിരുന്നു ഇരുവരുടെയും സ്വപ്നം. നിരവധി വെല്ലുവിളികൾ മറികടന്നു ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുകയാണ്.

പുറംകാഴ്ചയിലെ ഭംഗിക്ക് വലിയ പ്രാധാന്യം നൽകാതെയാണ് വീട് രൂപകൽപന ചെയ്തത്. രണ്ടു വശത്തും നിന്നും വ്യത്യസ്ത കാഴ്ചകളാണ് ലഭിക്കുക. എടുത്തുപറയേണ്ടത് ഒരു ഡിസൈൻ എലമെന്റ് എന്ന രീതിയിൽ ഇഷ്ടികയുടെ ഉപയോഗമാണ്. എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങും ഗ്ലാസും പുറംഭിത്തിൽ ധാരാളം സാന്നിധ്യമറിയിക്കുന്നു.

5-cent-house-exterior

ലിവിങ്, ഡൈനിങ്, അടുക്കള, നാല് കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇരട്ടി ഉയരമുള്ള മേൽക്കൂരയ്ക്കുള്ളിൽ സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ നല്ല വിശാലത തോന്നിക്കുന്നു. കാറ്റും വെളിച്ചവും സുഗമമാക്കാനും സഹായിക്കുന്നു. ഗ്രാനൈറ്റും ജയ്സാൽമീർ സ്റ്റോണുമാണ് നിലത്ത് വിരിച്ചത്.

5-cent-house-living

വീടിനുള്ളിൽ സ്വകാര്യത നൽകാൻ വശത്തെ ചുറ്റുമതിൽ ഉയർത്തി നൽകി. അപ്പോഴും കാറ്റും വെളിച്ചവും മുടങ്ങാതിരിക്കാൻ ഇഷ്ടിക കൊണ്ട് ജാളികൾ നൽകിയാണ് മതിൽ നിർമിച്ചത്. അതുപോലെ റോഡിനോട് ചേർന്ന അടുത്ത വശത്ത് സൈഡ് കോർട്യാർഡ് ഒരുക്കി. ഈ ഭാഗത്തോട് ചേർന്ന് വീടിനുള്ളിൽ മുഴുനീള ഗ്ലാസ് ജാലകങ്ങൾ നൽകി. ഇവിടെ ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കി. 

5-cent-house-inside

സ്വീകരണമുറിയെയും ഊണുമുറിയെയും വേർതിരിക്കുന്നത് സ്റ്റെയർകേസാണ്. വീടിനുള്ളിലെ ഒരു ഹൈലൈറ്റും ഇതുതന്നെ. ലിവിങ്ങിനോട് ചേർന്നുള്ള ഭിത്തിയിൽ തേക്കാത്ത ഇഷ്ടിക കൊണ്ട് വോൾ ക്ലാഡിങ് നൽകി. ഗോവണിപ്പടികളിൽ ജയ്സാൽമീർ സ്റ്റോണും ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകളും പതിച്ചു. സ്റ്റെയർകെയ്സിനു താഴെ സ്റ്റോറേജും നൽകി. 

5-cent-house-upper

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി. ധാരാളം ജനാലകൾ നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തി. ലളിതവും ഉപയുക്തത ഉറപ്പുവരുത്തുന്നതുമാണ് അടുക്കള. സമീപം വർക്കേരിയയുമുണ്ട്.

5-cent-house-side-yard

ചുരുക്കത്തിൽ വീടിനുള്ളിലേക്ക് കയറി കാഴ്ചകൾ കണ്ടാൽ ഇത് വെറും 5 സെന്റിന്റെ പരിമിതികൾക്കകത്ത് പണിത വീടാണോ എന്ന് അദ്ഭുതം തോന്നും. കാറ്റിനും വെളിച്ചത്തിനും ആഗ്രഹിച്ച പോലെ പ്രാധാന്യം നൽകിയതിനാൽ പകൽ സമയങ്ങളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യം വരാറുമില്ല.

Project Facts

Location : Kakkanad, Kochi

Plot- 5 cent

Area – 1800 sqft

Owner- Ranjith Joseph

Architect-Neenu Treesa

Studio 74051 Kochi

Mob- 94964 63501

Completion year- 2019 

English Summary- Spacious Green House in 5 cent Plot 

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com