ADVERTISEMENT

ഈ വീടിന്റെ കഥ തുടങ്ങുന്നത് അൽപം ഫ്ലാഷ്ബാക്കിൽ നിന്നാണ്. ദുബായ് പ്രവാസികളായ ജാഫറും ആബിദയും നിക്ഷേപമെന്ന നിലയിൽ കൊണ്ടോട്ടിയിൽ പ്രധാന പാതയ്ക്കരികിൽ കുറച്ചു സ്ഥലം വാങ്ങി ഒരു കമേഴ്‌സ്യൽ ബിൽഡിങ് പണിയാൻ തീരുമാനിച്ചു. രണ്ടു വർഷത്തിന് ശേഷം കടകളും റസ്‌റ്ററന്റുമെല്ലാമുള്ള ഷോപ്പിങ് മാളിന്റെ സ്ട്രക്ചർ പൂർത്തിയായപ്പോൾ ഇരുവരും കാണാനെത്തി. മുകൾനിലയിൽ നിന്നുള്ള ചുറ്റുപാടിന്റെ മനോഹരമായ കാഴ്ചകൾ കണ്ടപ്പോൾ വീട്ടുകാർക്ക് ഒരാഗ്രഹം മുളപൊട്ടി. ഇവിടെ ഒരു വീട് കൂടിയുണ്ടായിരുന്നെങ്കിൽ...!

house-on-terrace-kondotty-mall

അങ്ങനെ ആഗ്രഹം ഡിസൈനർ അസർ ജുമാന്റെ മുന്നിൽ അവതരിപ്പിച്ചു. ആയിടയ്ക്ക് ഇരുവരും ഒരു യൂറോപ്യൻ ട്രിപ്പ് പോയിരുന്നു. അവിടെ കണ്ട കൊളോണിയൽ വീടുകൾ ഇരുവരുടെയും മനസ്സ് കവർന്നിരുന്നു. അങ്ങനെ വീടിനു ഏത് ശൈലി വേണമെന്ന കാര്യത്തിലും തീരുമാനമായി.  ഏകദേശം ഒന്നര വർഷത്തിന് ശേഷം മൂന്നു നില കമേഴ്‌സ്യൽ കെട്ടിടത്തിന്റെ മുകളിൽ ഒരു വീട് പണിയാൻ സാങ്കേതികപരവും നിയമപരവുമായ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. എങ്കിലും അതെല്ലാം മറികടന്നു  ഗ്രേസ് വില്ല എന്ന മനോഹരമായ വീട് സഫലമായി.

house-on-terrace-kondotty-entrance

മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ വീട് പണിയുമ്പോൾ നിരവധി വെല്ലുവിളികളും ഉയർന്നു വന്നു. ഒന്നാമത് കെട്ടിടത്തിന് അധികഭാരം വരാതെ അടിത്തറയും ചുവരുകളും പണിയുക എന്നതായിരുന്നു.  നിലവിലുള്ള പില്ലറുകൾ കൂട്ടിച്ചേർത്ത് ബീം സ്ട്രക്ചർ ഉണ്ടാക്കിയശേഷം ഫ്‌ളൈ ആഷ് AAC ബ്ലോക്കുകൾ കൊണ്ടാണ് അടിത്തറ കെട്ടിയത്. അടിത്തറ ഫിൽ ചെയ്യാൻ മണ്ണിനു പകരം ഹുരുഡീസ് ഉപയോഗിച്ചു. വീട്ടിന്റെ ഭാരം ചുവരുകളിലേക്ക് പ്രസരിക്കുംവിധം ഡിസൈൻ ചെയ്തു. മേൽക്കൂര ഫ്ലാറ്റായി വാർത്ത ശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ട്രഫോൾഡ് ഷീറ്റ് വിരിച്ചാണ് കൊളോണിയൽ ശൈലിയിലുള്ള എലിവേഷൻ ഒരുക്കിയത്.

house-on-terrace-kondotty

രണ്ടാമത്തെ വെല്ലുവിളി ഇത്രയും ഉയരത്തിൽ പണിയുമ്പോൾ ഉണ്ടാകുന്ന ചൂടിനെ പ്രതിരോധിക്കുക എന്നതായിരുന്നു. സിമന്റ് പ്ലാസ്റ്ററിങ്ങിനു പകരം ജിപ്സം പ്ലാസ്റ്ററിങ് നൽകിയാണ് ചുവരുകൾ നിർമിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങിന് പകരം പ്ലാസ്റ്റർ ഓഫ് പാരീസ് സീലിങ് നൽകി. ഇതുരണ്ടും ചൂടിനെ പ്രതിരോധിച്ച് വീടിനകം തണുപ്പിക്കുന്നു.

house-on-terrace-kondotty-balcony

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2850 ചതുരശ്രയടിയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചത്.

house-on-terrace-kondotty-living

തുറസായ നയത്തിലാണ് അകത്തളങ്ങൾ. കൂടാതെ ഇളംനിറങ്ങളാണ് ചുവരുകളിൽ നൽകിയത്. ഇത് കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

house-on-terrace-kondotty-hall

കൊളോണിയൽ ശൈലിയോട് ചേരുന്ന ഡൈനിങ് ടേബിളും ഫർണിച്ചറുകളും ലൈറ്റ് ഫിനിറ്റിങ്ങുകളും  ഇമ്പോർട്ടഡ് ആയി വാങ്ങി.

house-on-terrace-kondotty-dine

മൂന്നു കിടപ്പുമുറികളിൽ നിന്നും പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണികളുണ്ട്. ഇവിടെ സിന്തറ്റിക് ടർഫ് ആണ് വിരിച്ചത്. മുറികളിൽ അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഒരുക്കി. 

house-on-terrace-kondotty-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

house-on-terrace-kondotty-kitchen

ചുരുക്കത്തിൽ  നഗരങ്ങളിൽ സ്ഥലപരിമിതികൾ ഉള്ള ഇടങ്ങളിൽ ഭാവിയിൽ ഏറെ പ്രായോഗിക സാധ്യതകൾ ഉള്ളതാണ് ഈ രീതി. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് മൂന്നാം നിലയിലെ കൗതുകം നിറയുന്ന ഈ  വീടുകാണാനും അറിയാനും എത്തുന്നത്.

house-on-terrace-kondotty-night

അധിക സൗകര്യങ്ങൾ..

മൂന്നാം നിലയിലുള്ള വീട്ടിലേക്കെത്താൻ ഗോവണിക്ക് പുറമെ ലിഫ്റ്റ് സൗകര്യവുമുണ്ട്. വീടിന്റെ മുന്നിലുള്ള ടെറസിലാണ് ഇത് എത്തുക. വെർട്ടിക്കൽ ഗാർഡൻ നൽകി ലിഫ്റ്റ് ഏരിയ ഹൈലൈറ്റ് ചെയ്‌തിട്ടുണ്ട്. മാലിന്യം കത്തിച്ചു കളയാൻ ഇൻസിനറേറ്ററും ടെറസിൽ ഒരുക്കി. പ്ലോട്ടിലുള്ള കിണറ്റിൽ നിന്നും മോട്ടർ അടിച്ചാണ് വാട്ടർ ടാങ്ക് നിറയ്ക്കുന്നത്. കൊച്ചുകുട്ടികൾ ഉള്ളതുകൊണ്ട് സുരക്ഷയ്ക്കായി മെറ്റൽ ഗ്രില്ലുകൾ വീടിനു ചുറ്റും ഉയർത്തിനാട്ടി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഫയർ എക്‌സിറ്റുകളും മുകൾനിലയിലുണ്ട്. 

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project facts

Location- Kondotty, Malappuram

Area- 2850 SFT

Plot- 35 cent

Owner- Jafar Ameen

Design – Asar Juman

AJ Designs

Mob – 9633945975

Completion year- 2019

English Summary- Colonial House on Three Storeyed Building

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com