sections
MORE

വെറും 4.5 മീറ്റർ വീതിയിൽ ഒരു വീട്; ഇത് കേരളത്തിൽ അപൂർവം; വിഡിയോ

SHARE

സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു നിൽക്കുന്ന വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

വർഷങ്ങളായി ഞങ്ങൾ ചങ്ങനാശേരിയിൽ വാങ്ങിയ 6.5 സെന്റ് പ്ലോട്ടിലെ പഴയ ഒരു ചെറിയ വീട്ടിലായിരുന്നു താമസം. സ്ഥലപരിമിതിയുടെയും കാലപ്പഴക്കത്തിന്റെയും ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ആദ്യം അത് പുതുക്കിപ്പണിയാനാണ് തീരുമാനിച്ചത്. അതിനായി ഡിസൈനർ ഷിന്റോയെ സമീപിച്ചു. എന്നാൽ പുതുക്കിപ്പണിയെക്കാൾ നല്ലത് പുതിയ വീട് പണിയുന്നതാണെന്ന വിദഗ്ദാഭിപ്രായത്തോട് ഞങ്ങൾ യോജിക്കുകയായിരുന്നു. ഏറ്റവും വലിയ വെല്ലുവിളി സ്ഥലത്തിന്റെ വീതിക്കുറവായിരുന്നു. വെറും 8 മീറ്റർ വീതിയാണ് പ്ലോട്ടിനുള്ളത്. വശത്തൂടെ റോഡ് പോകുന്നുണ്ട്. അവിടെ 3 മീറ്റർ നിയമപ്രകാരമുള്ള സെറ്റ്ബാക്ക് കൂടി ഇട്ടാൽ പിന്നെ വീടുപണി ദുഷ്കരം. എങ്കിലും ഷിന്റോ വെല്ലുവിളി ഏറ്റെടുത്തു. 

small-plot-house-changanacheri-elevation

നിർമാണസമയത്ത് ഞങ്ങൾ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പലതരം കളിയാക്കലുകൾ കേട്ടു. പലരും പുറംകാഴ്ച കണ്ടിട്ട്, ഇതെന്താ ലോഡ്ജ് ആണോ കടമുറിയാണോ എന്നൊക്കെ ചോദിച്ചു. അതെല്ലാം ഞങ്ങൾ അവഗണിച്ചു. വീട് പൂർത്തിയാകുമ്പോൾ എല്ലാത്തിനും ഉത്തരമാകുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഡിസംബറിൽ പാലുകാച്ചൽ കഴിഞ്ഞു. പുറമെ വീട് കണ്ടവരും അകത്തു കയറിയവരും അമ്പരക്കുന്ന ഒരു കാര്യമുണ്ട്. വെറും നാലര മീറ്ററിൽ എങ്ങനെ ഇത്തരം വീട് ഒരുക്കാൻ കഴിഞ്ഞു എന്നത്.. നമ്മുടെ നാട്ടിലെ ഒരു ശരാശരി ആഡംബരവീട്ടിലെ മാസ്റ്റർ ബെഡ്റൂമിന്റെ മാത്രം വീതിയെ ഈ മുഴുവൻ വീടിനുമുള്ളൂ എന്നുകൂടി ചേർത്തുവായിക്കണം!

small-plot-house-changanacheri-view

കന്റെംപ്രറി-മിനിമലിസ്റ്റിക് ശൈലിയിലാണ് രൂപകൽപന.  ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല. കൃത്രിമമായ അലങ്കാരങ്ങളൊന്നും അധികമായി പുറത്തും അകത്തും നൽകിയിട്ടില്ല. പുറംഭിത്തിയിലെ ബോക്സിൽ രണ്ടു ഗ്രൂവ് ഡിസൈൻ നൽകിയത് മാത്രമാണ് അധിക ആഡംബരം. അതിന്റെ കോർണറുകളിൽ ജിഐ ട്യൂബ് കൊണ്ട് വെർട്ടിക്കൽ പർഗോളയും നൽകിയിട്ടുണ്ട്.ബാക്കിയെല്ലാം പ്ലെയിൻ ഡിസൈൻ ആണ്. വൈറ്റ് പെയിന്റ് മാത്രമാണ് പുറംഭിത്തികളിൽ ശോഭ നിറയ്ക്കുന്നത്. ചെറിയ പ്ലോട്ടിൽ പണിയുമ്പോൾ ക്രോസ് വെന്റിലേഷൻ തടസപ്പെടാതെ ഇരിക്കാൻ ധാരാളം എയർവെന്റുകളും ജാലകങ്ങളും ഉറപ്പാക്കി.

small-plot-house-changanacheri-formal

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ 2300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചു. മിനിമലിസത്തിന്റെ ഭംഗിയാണ് അകത്തളത്തിലും നിറയുന്നത്. അനാവശ്യ പാർടീഷനുകൾ ഒന്നും നൽകാതെ തുറസായ നയത്തിൽ അകത്തളങ്ങൾ വിന്യസിച്ചു.

small-plot-house-changanacheri-dining

അമിതമായി ഫർണിച്ചറുകൾ കുത്തിനിറച്ചിട്ടില്ല. ഉള്ള ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തു. ഇത് അകത്തേക്ക് കയറിയാൽ കൂടുതൽ വിശാലമായ പ്രതീതി ജനിപ്പിക്കുന്നു. ഫോർമൽ ലിവിങ്ങിന്റെ ഒരു ഭിത്തി ടെക്സ്ചർ ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

small-plot-house-changanacheri-hall

ഡൈനിങ് ഹാൾ ആണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇവിടെ ആദ്യം നോട്ടമെത്തുന്ന ഭിത്തി വുഡൻ പാനലിങ് ചെയ്ത് പ്രെയർ സ്‌പേസ് വേർതിരിച്ചു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊണുമേശ ഗോവണിയുടെ സമീപത്തായി നൽകി. സാധാരണ വീടുകളിൽ ഡെഡ് സ്‌പേസ് സൃഷ്ടിക്കുന്നത് ഗോവണികളാണ്. ഇവിടെ കുറഞ്ഞ സ്ഥലം ഉപയോഗിക്കുന്ന മിനിമൽ ഗോവണിയാണ് നൽകിയത്.

small-plot-house-changanacheri-dine

മൾട്ടിവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

small-plot-house-changanacheri-kitchen

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു.

small-plot-house-changanacheri-bedroom

വീട്ടിലേക്ക് കയറുമ്പോൾ ഇത് വീതി കുറവുള്ള പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ നമ്മൾ മറക്കും. പിന്നീട് വീടിനു പുറത്തിറങ്ങുമ്പോഴാണ് അത് നമ്മൾ ആശ്ചര്യത്തോടെ തിരിച്ചറിയുക. ചുരുക്കത്തിൽ നല്ല രീതിയിൽ പ്ലാൻ ചെയ്താൽ കുറഞ്ഞ സ്പെസിലും സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കാം എന്നതിന് ഈ വീട് ഒരു പാഠപുസ്തകമാക്കി സൂക്ഷിക്കാം. 

small-plot-house-changanacheri-night

Project facts

Location- Changanassery

Plot -6.5 Cents

Area -2300 Sqft 

Owner-Shilpa James

Design- Shinto varghese 

Concepts design studio, Ernakulam 

Ph- +914844864633

Completion year - 2019 Dec

Total expense - 2950/Sqft [including interior and furnishing]

English Summary- Spacious House in Narrow Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA