sections
MORE

വെറും 2 മാസം, 13 ലക്ഷം! ഇത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന വീട്

13-lakh-house-harippad-elevation
SHARE

ജോലി ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തു താമസമാക്കിയവരാണ് ഉമ്മൻ പി. മാത്യു, മീര ജോൺ ദമ്പതികളുടെ കുടുംബം. ഹരിപ്പാടുള്ള തറവാട്ടുവീടു പൊളിച്ച് ആ സ്ഥാനത്താണ് ഫൈബർ സിമന്റ് ബോർഡ് കൊണ്ട് വീടു പണിതിരിക്കുന്നത്. ഇടയ്ക്കു നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഒരു വീട്. അതായിരുന്നു ആഗ്രഹം. അധികച്ചെലവില്ലാതെ ഒരു വീടു വേണം, അത്തരത്തിലുള്ള അന്വേഷണമാണ് ഈ വീടു നിർമാണത്തിലേക്കെത്തിച്ചത്. 

13-lakh-house-harippad-exterior

ഭാര്യ മീരയ്ക്ക് അട്ടപ്പാടിയിലേക്കു ട്രാൻസ്ഫർ ആയതാണ് ഇതിനു നിമിത്തമായത്. അവിടെ പോകുന്ന വഴിക്കാണ് ഒരാഴ്ച വ്യത്യാസത്തിൽ ആ പരിസരത്ത് വീടുകൾ നിർമിക്കപ്പെട്ടു കാണുന്നത്. ആദിവാസികൾക്കായി ഒരു സംഘടന നിർമിച്ചു കൊടുക്കുന്ന വീടുകളായിരുന്നു അത്.  തുടരന്വേഷണങ്ങളാണ് ഫൈബർ സിമന്റ് ബോർഡ് കൊണ്ടു വീട് എന്ന ആശയത്തിലേക്ക് ഇവരെ എത്തിക്കുന്നത്. കാർപോർച്ചടക്കം 1275 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീർണം. മൂന്നു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള വീടിന്റെ ഡിസൈനിലും ഇന്റീരിയറിലും മിതത്വം പുലർത്തിയിരിക്കുന്നു.

13-lakh-house-harippad-hall

മെറ്റീരിയൽ എടുത്തു കൊടുത്ത് ജോലിക്കാരെ വച്ചു പണിയിപ്പിക്കുകയാണു ചെയ്തത്. 3 x 3 സ്ക്വയർ പൈപ്പിൽ സ്ട്രക്ചറിൽ ബോർഡുകൾ നിരത്തി ഫ്രെയിമുകൾ ഉണ്ടാക്കി. പുണെയിൽനിന്നും വരുത്തിയ18 എംഎം ഘനമുളള ഫൈബർ സിമന്റ് ബോർഡുകളാണു നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. 18 എംഎം ബോർഡുകൾ ആദ്യം ഉറപ്പിച്ചു. അതിനുശേഷം പ്ലംബിങ്, ഇലക്ട്രിക്കൽ വർക്കുകൾ നടത്തി ഒരു ബോർഡ് കൂടി വച്ച് പണി പൂർത്തിയാക്കി. 10 എംഎം ഘനത്തിലുള്ള ബോർഡുകൾ ഉപയോഗിച്ചും വീടുപണിയാം. അപ്പോൾ ചെലവു വീണ്ടു കുറയും. 

13-lakh-house-harippad

വീടിന്റെ അടിത്തറയ്ക്കും ഫില്ലിങ്ങിനുമായി പഴയ വീടു പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഒരു വീടു പണിയുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ ആശങ്കകൾ തങ്ങൾക്കുമുണ്ടായിരുന്നെന്നു വീട്ടുടമ പറയുന്നു. എന്നാൽ മഴയെയും വെയിലിനെയും ഫൈബർ ബോർഡ് ആത്മവിശ്വാസത്തോടെ നേരിട്ടു. 

13-lakh-house-harippad-kitchen

എക്കോ പ്രോ എന്ന കമ്പനിയാണ് നിർമാണത്തിനുള്ള വസ്തുക്കൾ കണ്ടെത്തിക്കൊടുക്കാൻ സഹായിച്ചത്. വീടിന്റെ സ്ട്രക്ചർമാത്രം 10 ലക്ഷത്തിനു പൂർത്തിയായിരുന്നു. ഇന്റീരിയറിനാണ് ബാക്കി 3 ലക്ഷം ചെലവായത്. അകത്തെ ടൈലുകളിലും ഇലക്ട്രിക് ബാത്റൂം ഫിറ്റിങ്ങുകളിലും ബ്രാൻഡഡ് ഉൽപന്നങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റീരിയറിൽ ബ്രാൻഡിങ് പ്രധാനമല്ലെങ്കിൽ ഇനിയും ചെലവു കുറയ്ക്കാം.

13-lakh-house-harippad-bed

ഒരു മുറിക്ക് അറ്റാച്ഡ് ബാത്റൂമും മറ്റൊന്നു കോമൺ ബാത്റൂമുമാണ്. മൂന്നാമത്തെ മുറി ഓഫിസ് റൂമായിട്ടാണ് ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ ബെഡ്റൂമായിട്ടാണ് ഉപയോഗിക്കുന്നത്. ജനലഴികളെല്ലാം ജിഐ പൈപ്പ് ആണ്. പരിചയസമ്പന്നരായ ജോലിക്കാർ ഉണ്ടെങ്കിൽ എളുപ്പമായിരിക്കും. വീടുപണിയിൽ മരം തീരെ ഉപയോഗിച്ചിട്ടില്ല. മക്കൾ ഫെറിൻ അന്ന ഉമ്മൻ, മാത്യു പി. ഉമ്മൻ. ആഗ്രഹിച്ചതുപോലെ വീടുപണി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഉമ്മനും മീരയും.   

Project facts

സ്ഥലം-കാർത്തികപ്പള്ളി, ഹരിപ്പാട്

വിസ്തീർണം-1275 സ്കയർ ഫീറ്റ്

ഉടമ-ഉമ്മൻ 

പണി പൂർത്തീകരിച്ച വർഷം 2019

ചിത്രങ്ങൾ -അജയ് ഷാജി

English Summary- 13 Lakh Fibre Cement House Kerala Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA