ADVERTISEMENT

ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു കൃഷ്ണേന്ദുവിനും കൃഷ്ണപ്രിയയ്ക്കും ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് കൊല്ലമാണ് ഇവരുടെ സ്വദേശം. അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. അമ്മ രാധികയാണ് ഇരുവരെയും വളർത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ആകെയുണ്ടായിരുന്ന വീടും ബാങ്ക് ജപ്തി ചെയ്തു. പിന്നീട് രണ്ടു പെൺമക്കളെയും കൊണ്ട് രാധിക തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. പ്രായത്തിന്റെ അവശതകൾ ഏറെയുള്ള ഒരു കൊച്ചു വീടായിരുന്നു അത്.

സഹതാപത്തോടെ തങ്ങളെ നോക്കിയിരുന്നവരുടെ മുന്നിൽ അഭിമാനത്തോടെ ജീവിച്ചു കാണിക്കണമെന്ന വാശി ചെറുപ്പത്തിലേ ആ പെൺകുട്ടികളിൽ നിറഞ്ഞു. അവർ നന്നായി പഠിച്ചു. ഇന്ന് കൃഷ്‌ണേന്ദു തിരൂർ പിഡബ്ള്യുഡിയിൽ ക്ലർക്കാണ്. കൃഷ്ണപ്രിയ ഒമാനിൽ ആയുർവേദ ഡോക്ടറും. 

old-house-photo
പഴയ വീട്

ജപ്തി ചെയ്തുപോയ വീടിന്റെ വേദന ഇരുവരുടെയും മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്വരുക്കൂട്ടി വച്ച സമ്പാദ്യം കൊണ്ട് ഇരുവരും പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചു. അന്വേഷണങ്ങൾക്കൊടുവിൽ മനോരമഓൺലൈനിൽ കണ്ട ഒരു വീടിന്റെ പുതുക്കിപ്പണി അവരെ ആകർഷിച്ചു.  അങ്ങനെ ഡിസൈനറായ ഷഫീഖ് വീടിന്റെ രൂപമാറ്റത്തിന്റെ ചുക്കാൻ പിടിച്ചു.

penvveedu-family

കഴുക്കോലുകൾ ദ്രവിച്ചു പോയിരുന്നു. മേൽക്കൂര പൂർണമായി മാറ്റി കോൺക്രീറ്റ് വാർത്തു. മുകളിൽ ട്രസ് വർക് ചെയ്ത് ഓടുവിരിച്ചു. അങ്ങനെ പരമ്പരാഗത തനിമ നിലനിർത്തി. ഇടുക്കമുള്ള അകത്തളങ്ങളായിരുന്നു പഴയ വീട്ടിൽ. അനാവശ്യ ചുവരുകൾ പൊളിച്ചു അകത്തളം ഓപൺ ശൈലിയിലേക്ക്  മാറ്റിയെടുത്തു. പഴയ പൊളിഞ്ഞ നിലത്ത് വുഡൻ ടൈൽ വിരിച്ചു ഭംഗിയാക്കി.

penveedu-before-after

ഫെറോസിമന്റ് കൊണ്ട് സോപാനം മാതൃകയിൽ പൂമുഖം ഒരുക്കി. ഇതിൽ വുഡൻ ഫിനിഷ് പെയിന്റ് നൽകിയതോടെ തടിയുടെ പ്രൗഢി ലഭിച്ചു. പഴയ  ഉയരം കുറഞ്ഞ ജനാലകളും ഫെറോസിമന്റ പാളികൾ നൽകി വലുതാക്കി. അതോടെ കാറ്റും വെളിച്ചവും വീട്ടിലേക്ക് കൂടുതലായി എത്തിത്തുടങ്ങി. അകത്തളത്തിലെ ഒരു കൗതുകം മൺചട്ടി  കൊണ്ടുണ്ടാക്കിയ സ്പോട് ലൈറ്റുകളാണ്.

16-lakh-home-interior-JPG

കൃഷ്‌ണേന്ദു ഒരു കലാകാരി കൂടിയാണ്. അത്യാവശ്യം പാട്ടും നൃത്തവുമൊക്ക വഴങ്ങും. ഭാവിയിൽ ഒരു ഡാൻസ് സ്‌കൂളായി മാറ്റിയെടുക്കാൻ പാകത്തിൽ ഓപ്പൺ ഹാളായാണ് മുകൾനില ഒരുക്കിയത്. 16 ലക്ഷം രൂപ മാത്രമാണ് 'പുതിയ' വീട് ഒരുക്കാൻ ചെലവായത്. ചുരുക്കത്തിൽ കഷ്ടപ്പാടുകളിലൂടെ വളർന്നു, ചെറുപ്രായത്തിൽ തന്നെ സ്വന്തം അധ്വാനം കൊണ്ട് സുന്ദരമായ വീട് ഒരുക്കിയ ഇരുവരും ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. കൃഷ്ണപ്രിയ അടുത്തില്ലാത്തതു മാത്രമാണ് ഇവരുടെ വിഷമം. അമ്മമാരെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും മാതൃകയാണ് ഈ പെൺവീട്...

16-lakh-home-lights-JPG

 

16-lakh-home-exterior

Project facts

Location- Kollam, Koylandi

Plot- 8 cent

Area- 1100 SFT

Owner- Krishnendu, Krishnapriya, Radhika

Designer- Shafique.M.K

Cob Archstudio

Mob:9745220422

English Summary- Daughters Rebuilt Old House; inspirational Story

Budget- 16 Lakhs

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com