ADVERTISEMENT

തൃശൂർ ജില്ലയിലെ ചേലക്കരയിലുള്ള എല്ലിശ്ശേരി തറവാട് തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് വർഷം 100 കഴിഞ്ഞു. പഴമയുടെ പുതുമ എന്നത് പോലെ നാട്ടുകാർക്ക് ഇന്നും അത്ഭുതമാണ് ഈ തറവാട്. ഇടയ്ക്കൊന്നു മിനുക്ക് പണികൾ ചെയ്തു രണ്ടു മുറികളിൽ ടൈൽ വിരിച്ചു എന്നത് മാറ്റി നിർത്തിയാൽ അടിസ്ഥാന നിർമിതിയിൽ നിന്നും പറയത്തക്ക വ്യത്യാസമൊന്നും ഈ വീടിനുണ്ടായിട്ടില്ല.

ഓട് പാകിയ മേൽക്കൂരയുള്ള വീട് രണ്ടു നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. പശിമയുള്ള മണ്ണുകൊണ്ടാണ് വീടിന്റെ ഭിത്തികൾ പടുത്തുയർത്തിയത്. പഴമയുടെ പൊലിമ ഒട്ടും മായാത്ത രീതിയിൽ തന്നെ വീടിന്റെ സംരക്ഷണം ഇന്നും വീട്ടുടമസ്ഥൻ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. വിശാലമായ മുറ്റത്തിന്റെ സാന്നിധ്യം വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.

ellissery-tharavad-thrissur-old



''എന്റെ അച്ഛന്റെ  അമ്മയുടെ അച്ഛന്റെ കാലത്ത് പണി കഴിപ്പിച്ചതാണ് ഈ വീട് എന്നാണ് പറയപ്പെടുന്നത്. നാലോളം തലമുറ ജീവിച്ച വീടാണ്. നിരവധി പ്രകൃതി ക്ഷോഭങ്ങൾക്കും കാലാവസ്ഥ വ്യതിയാനങ്ങൾക്കും എല്ലിശ്ശേരി തറവാട് സാക്ഷിയായിട്ടുണ്ട്. കാലാകാലങ്ങളിൽ ഓട് മാറ്റുക, മെയിന്റനൻസ് ചെയ്യുക എന്നതൊഴിച്ചാൽ വീടിനു മുകളിൽ മറ്റ് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ബലക്ഷയം ഒന്നും ഇല്ലാതെയാണ് മണ്ണിൽ നിർമിച്ച ഭിത്തികളോടെയുള്ള വീടിന്റെ നിലനിൽപ്പ്'' വീട്ടുടമസ്ഥനായ രാജേഷ് ഇ ആർ പറയുന്നു.

ellissery-tharavad-thrissur-sitout



തടിയിൽ തീർത്ത മച്ചും ഗോവണിയുമാണ് വീടിനെ കൂടുതൽ ആകർഷകമാക്കുന്നത്. കയറി വരുമ്പോൾ ഉള്ള ഹോൾ കോലായ എന്ന് അറിയപ്പെടുന്നു. സിറ്റ്ഔട്ടിൽ ടൈൽ പതിപ്പിച്ചു പുതിക്കിയിട്ടുണ്ട്. അകത്തളങ്ങൾ, ഊണുമുറി,കിടപ്പുമുറി , മുകളിലത്തെ മുറി എന്നിവ പഴയ രീതിയിൽ തന്നെ സംരക്ഷിച്ചിരിക്കുന്നു.

ellissery-tharavad-thrissur-ceiling



നീളമുള്ള മുറികളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. വീടിനുള്ളിൽ ഏറ്റവും മനോഹരമായ സ്ഥലം ഏറെ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പൂമുഖം തന്നെയാണ് എന്ന് രാജേഷ് പറയുന്നു. പഴമയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീട്ടിൽ അറകളും ഉണ്ട്. മുകളിലത്തെ മുറിയിൽ നിന്നും അറയിലേക്ക് എത്തിച്ചേരാൻ പ്രത്യേക വഴിയുണ്ട്. എടുത്ത് മാറ്റാൻ കഴിയാത്ത സ്ഥിരമായി ഘടിപ്പിച്ച പത്തായമാണ് മറ്റൊരു പ്രത്യേകത.

ellissery-tharavad-thrissurr

English  Summary- 100 year old Traditional home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com