ADVERTISEMENT

കേരളം തുടർച്ചയായ രണ്ടു പ്രളയങ്ങളെ നേരിട്ടുകഴിഞ്ഞു. മഴക്കാലമെത്തിയതോടെ മൂന്നാമതൊരു പ്രളയത്തിന്റെ ഭീതിമുനമ്പിലാണ് നമ്മൾ. ഈ സാഹചര്യത്തിലാണ് പാലക്കാട് പട്ടാമ്പിക്കടുത്ത് തൃത്താലയിലുള്ള ഈ വീട് പ്രസക്തമാകുന്നത്.

പ്രളയത്തെ പ്രതിരോധിക്കാനായി പ്രീഫാബ് ശൈലിയിലൊരുക്കിയ ഊന്നുകാൽ വീടാണിത്. വയൽ നികത്താതെ വീടുപണിയാനും ഈ രീതി മാതൃകയാക്കാം. ഗൃഹനാഥനായ അക്ബറിനും കുടുംബത്തിനും വേണ്ടി ഈ വീട് നിർമിച്ചു നൽകിയത് ഡിസൈനർ വാജിദ് റഹ്മാനാണ്.

flood-house-thrithala

തൃത്താലയിലെ മനോഹരമായ ഒരു വയൽപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.  എംഎസ് പില്ലറും ജിഐ പൈപ്പുകളുമാണ് വീടിനെ താങ്ങി നിർത്തുന്നത്. ജിഐ ഫ്രയിമിൽ ഒരുക്കിയ വീടിന്റെ ചട്ടക്കൂടിൽ ഹുരുഡീസ് നിരത്തിയാണ് ഫ്ലോർ ഒരുക്കിയത്. ഇതിനു മുകളിൽ ഭംഗിക്കായി  ടെറാക്കോട്ട ടൈലും വിരിച്ചു. ജിഐ ചട്ടക്കൂടിൽ ഹുരുഡീസും ഫൈബർ സിമന്റ് ബോർഡും ഘടിപ്പിച്ചാണ് ചുവരുകൾ ഒരുക്കിയത്. 

stilt-house-thrithala-sitout-JPG

പുറമെ ഒരുനില വീടെന്നു തോന്നുമെങ്കിലും രണ്ടുനിലയുടെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവ ഒന്നാം നിലയിൽ ഒരുക്കി. മെസനൈൻ ശൈലിയിൽ ഒരുക്കിയ മുകൾനില എന്റർടെയിൻമെന്റ് ഏരിയയാക്കി മാറ്റി. മൊത്തം 2400 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

stilt-house-thrithala-hall-JPG

റോഡിൽ നിന്നും സ്റ്റീൽ സ്റ്റെയർ വഴിയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ബേസ്മെന്റ് കാർ പാർക്കിങ്ങിനും മറ്റ് സ്റ്റോറേജ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നീളൻ സിറ്റൗട്ടും നൽകി.

അകത്തളങ്ങൾ തുറസായ നയത്തിൽ ഒരുക്കിയതിനാൽ അകത്തേക്ക് കയറുമ്പോൾത്തന്നെ നല്ല വിശാലത അനുഭവപ്പെടുന്നു. റബ്‌വുഡിൽ ഒരുക്കിയ കസ്റ്റംമെയ്ഡ് ഫർണിച്ചറാണ് വീട്ടിൽ നൽകിയത്. വില കൂടിയ തടിയുടെ ഉപയോഗം ഒഴിവാക്കി. ധാരാളം ജനലുകൾ വീട്ടിൽ നൽകിയിട്ടുണ്ട്. അതിനാൽ വയലിൽ നിന്നും കാറ്റും കാഴ്ചകളും വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. ജനലുകൾക്ക് എം.എസ് ഫ്രയിമിൽ അലുമിനിയം ഷട്ടറുകൾ നൽകി.

stilt-house-thrithala-inside-JPG

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. റബ്‌വുഡ് കൊണ്ടാണ് കാറ്റിലും വാഡ്രോബുകളും നിർമിച്ചത്.

stilt-house-thrithala-bed-JPG

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ഒരുക്കിയത്. കബോർഡുകൾക്ക് ഗ്ലാസ് ഫിനിഷ് നൽകി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചനും വർക്കേരിയയും ഓപ്പണായി നൽകിയത് വിശാലത ഒരുക്കുന്നു.

stilt-house-thrithala-dine-JPG

വുഡും ഗ്ലാസും കൊണ്ടാണ് ഗോവണി ഒരുക്കിയത്. മുകളിലെ ഓപ്പൺ ഹാളാണ് എന്റർടെയിൻമെന്റ് ഏരിയ. ഇവിടം മൾട്ടിപർപസ് ഏരിയയായും ഉപയോഗിക്കാം.

stilt-house-thrithala-upper-JPG

ഇനിയാണ് പ്രധാനസവിശേഷത. മഴക്കാലത്ത് വയലിൽ വെള്ളം നിറഞ്ഞാലും വീട്ടിലേക്ക് കയറില്ല. നിലത്തു നിന്നും ഏഴടിയോളം ഉയരത്തിലാണ് തൂണുകളിൽ ഒരുക്കിയ വീടിന്റെ അടിത്തറ. അതിനാൽ വെള്ളം താഴെക്കൂടി ഒഴുകിപ്പോകും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഈ വീട് നിർമിക്കാം.  ഇനി വേണമെങ്കിൽ ഈ വീട് അഴിച്ചുമാറ്റി മറ്റൊരിടത്ത് നിർമിക്കുകയും ചെയ്യാം. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷം രൂപയാണ് വീടിന് ചെലവായത്. നിലവിലെ നിരക്ക് വച്ച് ഇത് വളരെ ലാഭകരമാണ്. ചതുരശ്രയടി കുറച്ചാൽ ചെലവ് വീണ്ടും കുറയ്ക്കാം. വെറും 1375 രൂപയാണ് ചതുരശ്രയടിക്ക് ചെലവായത്. ധാരാളം ആളുകൾ ഈ വീട് കാണാൻ എത്തിയിരുന്നു. ചുരുക്കത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ പിന്തുടരാവുന്ന ഒരു മാതൃകയാണ് ഈ വീട് കാണിച്ചു തരുന്നത്.

 

Project facts

Location- Thrithala, Palakkad

Plot- 8.5 cent

Area- 2400 SFT

Owner- Akbar

Designer- Vajid Rahman

Hierarchytects, Mankada, Malappuram

Mob- 97468 75423

Completion year- 2017

ചിത്രങ്ങൾ- അജീബ് കൊമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com