ADVERTISEMENT

മാർച്ച് ഏപ്രിൽ  മാസങ്ങളിൽ വീടിനുള്ളിൽ ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ കഴിയാൻ പറ്റുമോ ഒരു ശരാശരി മലയാളിക്ക്? എന്നാൽ കഴിഞ്ഞ പത്തുവർഷമായി കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരി- ആശാ ദമ്പതിമാർ ജീവിക്കുന്നത് അങ്ങനെയാണ്. കാരണം, നനവ് എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വീട് സാധാരണ വീടുകളിൽ നിന്നും തീർത്തും വിഭിന്നമാണ്. 34 സെന്റ് സ്ഥലത്താണ് നനവ് പണിതിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങൾ വരെ ഇവരുടെ വീടിനെ കുറിച്ച് ഫീച്ചർ നൽകിയിരുന്നു. നനവിന്റെ പത്താം വാർഷികത്തിൽ ഇവരുടെ ജീവിതത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കാം...

 

nanavu-home-kannur

പ്രകൃതിക്ക് ഹാനികരമാകാതെ ഒരു പാർപ്പിടം പടുത്തുയർത്തി അതിൽ ജീവിക്കണം എന്ന ആഗ്രഹമാണ് കളിമണ്ണ് കൊണ്ട് വീട് നിർമിക്കുന്നതിലേക്ക് ഈ ദമ്പതികളെ എത്തിച്ചത്. വീടിനായി ഒരു മരം പോലും മുറിച്ചിട്ടുമില്ല. പൂർണമായും കളിമണ്ണിൽ നിർമിച്ച 960 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഈ വീട്, കേവലം മൂന്നു ലക്ഷം രൂപയ്ക്കാണ് നിർമിച്ചത്! വീടിനു ചുറ്റും ധാരാളം മരങ്ങളും സസ്യങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. അതിനാൽ തന്നെ ഏത് കൊടുംചൂടിലും ഈ വീടിനുള്ളിൽ തണുപ്പ് നിലനിൽക്കും. കാക്കയും കുരുവിയും മരംകൊത്തിയും കാടുമുഴക്കിയും പൂമ്പാറ്റകളുമെല്ലാം ദിനവും ഈ വീട്ടിലെ സന്ദർശകരാണ്.

 

 

A house with a fan
A house with a fan

കണ്ണൂരില്‍ പരിസ്ഥിതി സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകവെയാണ് ഹരിയും ആശയും പരിചയപ്പെടുന്നത്. 2007-ല്‍ തികച്ചും ലളിതമായ രീതിയില്‍  വിവാഹം. ജല അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഹരിയും അധ്യാപികയായിരുന്ന ആശയും ഏറെ നാളത്തെ സ്വപ്നത്തിനൊടുവിലാണ് നനവ് എന്ന് പേരിട്ടിരിക്കുന്ന, ഈ ശ്വസിക്കുന്ന വീട് നിർമിച്ചത്. പരിസ്ഥിതി സമരങ്ങളിൽ സ്ഥിരം സാന്നിധ്യമായ ദമ്പതിമാർക്ക് ഇത്തരത്തിൽ ഒരു വീട് നിർമിക്കുക എന്നത് അവരുടെ ചിന്തകളോട് കൂടി ചേർന്നിരിക്കുന്ന പ്രവൃത്തിയായിരുന്നു. 

 

കളിമൺ വീട് എന്ന സ്വപ്നത്തിനു കൂട്ട് നിന്നത് സുഹൃത്തായ ആർക്കിടെക്റ്റ് ടി. വിനോദ് ആയിരുന്നു. തിരുവനന്തപുരത്ത് നിന്നും പണിക്കാർ എത്തി 2010 ലാണ് വീട് നിർമാണം പൂർത്തിയാക്കിയത്. 960 സ്‌ക്വയര്‍ഫീറ്റിലുളള വീടിന് നാലു ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവായത്. അതില്‍ ഒരു ലക്ഷം കിണര്‍ നിര്‍മ്മാണത്തിനായിരുന്നു.

 

പറമ്പിൽ നിന്നുതന്നെ വീടുപണിക്കാവശ്യമായ മണ്ണും കണ്ടെത്തി. ഇതിനു ശേഷം, മണ്ണ് പത്ത് ദിവസത്തോളം ചവിട്ടിക്കൂട്ടുകയും കൂനയാക്കി പുളിക്കാനായി വയ്ക്കുകയും ചെയ്യും. ശേഷം മണ്ണ് കുഴച്ച് ഉരുട്ടിയെടുത്താണ് ചുമരിനായി ഉപയോഗിച്ചത്.അങ്ങനെ പൂർണമായും കളിമണ്ണിൽ തീർത്ത ഈ വീട്ടിൽ വേനൽക്കാലത്ത്  കഴിയുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. 

 

ചൂട് കാലത്തും തണുപ്പും, തണുപ്പ് കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന അന്തരീക്ഷമാണ് വീടിനുള്ളിൽ. അതിനാൽ ഫാൻ, എസി, ഫ്രിഡ്ജ് എന്നിവ ആവശ്യമില്ല.  വെറും നാല് യൂണിറ്റ് വൈദ്യുതിയാണ് ഒരു മാസം ഈ വീട്ടുകാർ ഉപയോഗിക്കുന്നത്. സൗരോർജ പാനലുകളും വീട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

 

ഫ്രിഡ്ജ് ഒഴിവാക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ആഹാര സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ മണ്ണ് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക സംവിധാനമുണ്ട്. പാചകത്തിന് ബയോഗ്യാസാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്യാസ് കണക്‌ഷനൊന്നും എടുത്തിട്ടില്ല.

 

 

തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, പേര, വാഴ, കുരുമുളക്, പൈനാപ്പിള്‍, പപ്പായ, സപ്പോട്ട, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി ഇവർക്കാവശ്യമുള്ളതെല്ലാം ഈ 34 സെന്‍റ് പുരയിടത്തിലുണ്ട്. വെണ്ട, പയര്‍, ചീര,  പച്ചമുളക് തുടങ്ങി വിവിധ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യപ്പെടുന്നു. വീടിനോട് ചേർന്നുള്ള 45  സെന്റിൽ നെല്ല്,  നിലക്കടല, ചോളം, എളള്, തിന എന്നിവയും കൃഷി ചെയ്യാറുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂട്ടായ്‍മകളും ഈ ദമ്പതിമാർ സംഘടിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com