ADVERTISEMENT

കോഴിക്കോട് ഫറൂഖ് കോളജിന് സമീപം ഒരു ഫൊട്ടോഗ്രഫർ കുടുംബമുണ്ട്. പ്രശസ്ത ഫൊട്ടോഗ്രഫർ അജീബ് കോമാച്ചിയുടെ  വീട് ഇവിടെയാണ്. അജീബിനെ കൂടാതെ മക്കൾ അഖിൽ, അഖിൻ, അഖിയ എന്നിവയും ഫൊട്ടോഗ്രഫിയിൽ ഇതിനോടകം തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചവരാണ്.  വീട് ചാനലിലൂടെ പ്രേക്ഷകർ കണ്ട പല വീടുകളും 'കോമാച്ചി' കുടുംബത്തിന്റെ ക്യാമറയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ വീടുതന്നെ കണ്ടാലോ.

komachi-house-outside

12 വർഷം മുൻപ് വെറും നാലു ലക്ഷം രൂപയ്ക്ക് പണിത വീടിനെ മകൻ അഖിലിന്റെ വിവാഹത്തോട് അനുബന്ധിച്ച് മിനുക്കിയെടുത്ത കഥയാണിത്. പണ്ട് വെട്ടുകല്ല് കൊണ്ട് പടുത്തുയർത്തി ചുവരുകൾ തേക്കാതെ നിലനിർത്തിയ വീടായിരുന്നു ഇത്. ഇപ്പോൾ കണ്ണിനു കുളിർമ നൽകുന്ന വെള്ള നിറത്തിൽ മുങ്ങി നിൽക്കുകയാണ് മുഖം മിനുക്കിയ വീട്.

before-after

സവിശേഷതകൾ നിരവധിയുണ്ട്. കാറ്റും വെളിച്ചവും ലഭിക്കാൻ 15 അടി ഉയരത്തിലാണ് ചുവരുകൾ ഉയർത്തിയത്. ഓരോ ചുവരിലും ഓരോ കിളിവാതിലുകളും നൽകി. അടിമുടി വെള്ള പെയിന്റ് മാത്രമേ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ. അതിനാൽ അകത്തളങ്ങളിൽ നല്ല വിശാലത അനുഭവപ്പെടും. വെള്ള നിറത്തിനു പിന്നിൽ മറ്റൊരു കാരണവുമുണ്ട്. വീട് തന്നെ ഒരു സ്റ്റുഡിയോ ഫ്ലോർ പോലെയാണ്. നല്ല ചിത്രങ്ങൾ എടുക്കാൻ തെളിമയുള്ള പശ്‌ചാത്തലം കൂടി വെള്ള ചുവരുകൾ നൽകുന്നു.

komachi-house-sitout

ഓരോ ഘട്ടമായി വളർന്നു വന്ന വീടാണിത്. പണിത ശേഷം ഒരു കൂട്ടിച്ചേർക്കൽ മുൻപ് നടത്തിയിരുന്നു. ഇത് രണ്ടാമത്തെ കൂട്ടിച്ചേർക്കലാണ്. ഇത്തവണ രണ്ടു കിടപ്പുമുറികളും മോഡേൺ കിച്ചനും പുതുതായി ഉൾപ്പെടുത്തി. ഉയരമുള്ള മേൽക്കൂരയുടെ ആനുകൂല്യം ഉള്ളിൽ പ്രയോജനപ്പെടുത്തി. മെസനൈൻ ശൈലിയിൽ ഇടത്തട്ട് നൽകി. ഇവിടം സീറ്റിങ് നൽകി ടിവി യൂണിറ്റിന്റെ മുകളിലെ ഭിത്തി സ്‌ക്രീൻ ആക്കി മാറ്റി. അങ്ങനെ ഇതൊരു ഹോംതിയറ്റർ കം മൾട്ടിപർപസ് ഏരിയയാക്കി മാറ്റി.

komachi-house-upper

വീട്ടിലെ ഫർണിച്ചർ മുഴുവനും മെറ്റൽ വർക്കിൽ ഗൃഹനാഥൻ തന്നെ പണ്ട് നിർമിച്ചതാണ്. ഇതിനെ ഇത്തവണ ഒന്ന് പോളിഷ് ചെയ്ത് മിനുക്കിയെടുത്തു. 'സിറ്റൗട്ടിലെ ബെഞ്ചുകൾ, ലിവിങ്ങിലെ ഫർണിച്ചർ, കട്ടിൽ, വാഡ്രോബ്, കബോർഡ്, സ്റ്റെയർ എന്നിവയെല്ലാം മെറ്റലിൽ നിർമിച്ചു വുഡൻ ഫിനിഷ് പെയിന്റ് നൽകിയതാണ്. ഇതിലൂടെ ഫർണിഷിങ്ങിൽ  തടിയുടെ ഉപയോഗം കുറച്ച് പണം ലാഭിക്കാം. ഭംഗിക്ക് കുറവില്ല, ഈർപ്പം, ചിതൽ, പൊടി തുടങ്ങിയ പ്രശ്നങ്ങളുമില്ല.. അജീബ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.

komachi-house-living

മഴവെള്ളം ഭൂമിയിലേക്കിറങ്ങുംവിധം കടപ്പ സ്റ്റോൺ വിരിച്ചാണ് മുറ്റം ഉറപ്പിച്ചത്. സ്ഥലം നഷ്ടപ്പെടുത്താതെ ഒരു മെറ്റൽ പില്ലറിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചാണ് പോർച്ച് ഒരുക്കിയത്. ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയ പോർച്ചിൽ സൈക്കിളിന്റെ ഇൻസ്റ്റലേഷനും നൽകി.

komachi-house-dine

വീട്ടിലെ നാലു ഫൊട്ടോഗ്രഫർമാർക്കും അവരുടെ പണിയായുധങ്ങളും സൂക്ഷിക്കാൻ ഒരു പ്രത്യേക മുറി തന്നെ വേർതിരിച്ചിട്ടുണ്ട്.  വാപ്പയും മക്കളും നിരവധി ഫോട്ടോ എക്സിബിഷനുകളും നടത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീടിന്റെ മുറികളിൽ ഹാജരുണ്ട്.

komachi-house-kitchen

വീടിനു സമീപം ഒരു കാവുണ്ട്. ഇവിടെ നിരവധി കിളികളും. ഇവർക്ക് ചേക്കേറാനുള്ള ഇടങ്ങളും ബോധപൂർവം വീടിന്റെ മേൽക്കൂരയിൽ ഒരുക്കിയിട്ടുണ്ട്. ടെറസിൽ ഗാർഡനും പച്ചക്കറിത്തോട്ടവുമുണ്ട്. മുറ്റത്തൊരു മീൻകുളമുണ്ട്. അങ്ങനെ ചെറിയ പ്ലോട്ടിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്നു നിലകൊള്ളുകയാണ് കൊമാച്ചീസ് ഹോം.  12 ലക്ഷം രൂപയാണ് ഇത്തവണ വീട് മിനുക്കാൻ ചെലവായത്. ഒരാഴ്ച മുൻപായിരുന്നു അഖിലിന്റെ കല്യാണം. ഇപ്പോൾ പുതിയ ഒരു അതിഥി കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് വീടും കുടുംബവും.

 

komachees

കോമാച്ചീസ്..

നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഫോട്ടോഗ്രഫറാണ് അജീബ് കോമാച്ചി. തന്റെ ക്യാമറ കൊണ്ട് കവിത രചിക്കുന്ന ഇദ്ദേഹം കല, സാഹിത്യം, വൈൽഡ് ലൈഫ്, ആർക്കിടെക്ചറൽ ഫൊട്ടോഗ്രഫി അടക്കം നിരവധി മേഖലകളിൽ മികച്ച ചിത്രങ്ങൾ സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു. അച്ഛന്റെ വഴി പിന്തുടർന്ന് മക്കൾ അഖിൽ, അഖിൻ, അകിയ എന്നിവരും ചെറുപ്പത്തിൽ തന്നെ ഫൊട്ടോഗ്രഫിയിൽ തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. വീട്ടിലെ ഇളമുറക്കാരിയും ഫൊട്ടോഗ്രഫറുമായ അകിയ കോമാച്ചിക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. കോമാച്ചീസ് ഹോമിന്റെ വിശേഷങ്ങൾ ഇവിടെ കാണാം.

 

Project facts

Location- Farook College, Calicut

Area- 1800 SFT

Plot- 8.5 cent

Owner- Ajeeb Komachi

Supervision- Mirshad

Mirsha Associates

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Ajeeb Komachi House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com