ADVERTISEMENT

കൊളോണിയൽ സ്റ്റൈൽ വീട് എന്ന സ്വപ്നം കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വ്യക്തിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡിവിൻ പ്രിൻസ്. ഇന്റീറിയർ ഡിസൈനർ കൂടിയായ ഡിവിൻ വീടിനു ചേർന്ന ഇന്റീരിയർ വർക്കുകളും മനസ്സിൽ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അമ്മ മമത പ്രിൻസും പൂർണ പിന്തുണയായിരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴയിൽ ഏഴര സെന്റ് സ്ഥലത്ത് മൂന്നു മുറികളോട് കൂടിയ ഒരു കൊളോണിയൽ സ്റ്റൈൽ വീട് ഉയർന്നു...47  ലക്ഷം രൂപ ബജറ്റിൽ പൂർത്തിയായ ആ വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ....

 

colonial-house-side

കൃത്യമായ പ്ലാനിങ് , 1900  സ്‌ക്വയർഫീറ്റ്

'' പണ്ട് മുതലുള്ള ആഗ്രഹമായിരുന്നു കൊളോണിയൽ സ്റ്റൈൽ വീട് എന്നത്.  സ്‌കൂൾ പഠന കാലഘട്ടം മുതൽക്ക് തന്നെ പത്രത്തിലും മാസികയിലും ഒക്കെ  വരുന്ന നല്ല കൊളോണിയൽ  വീടുകളുടെ പ്ലാനുകൾ , ചിത്രങ്ങൾ ഒക്കെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. മാത്രമല്ല, ഫോർട്ട്കൊച്ചി ഭാഗത്തൊക്കെ പോകുമ്പോൾ അവിടെ കാണുന്ന ഫ്രഞ്ച് സ്റ്റൈൽ വീടുകളുടെ മാതൃകയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് കൊളോണിയൽ സ്റ്റൈലിൽ തന്നെ വീടെടുക്കാൻ തീരുമാനിച്ചത്'' ഡിവിൻ പ്രിൻസ് പറയുന്നു.

ഓരോ കാര്യവും ചെയ്യുന്നതിന് മുൻപായി രണ്ട് വട്ടം ആലോചിക്കും. അങ്ങനെയാണ് വീടിന്റെ നിർമാണത്തിനായി അഗരം ആർക്കിറ്റെക്റ്റ്സ് ഉടമയായ സുഹൃത്ത് ജോസ് കുര്യാക്കോസിന്റെ സഹായം തേടുന്നത്. വീട്ടിലെ ഓരോ അംഗങ്ങളുമായി നടത്തിയ  തുടർച്ചയായ ചർച്ചകൾ ഒടുവിലാണ് വീടിന്റെ പ്ലാൻ പൂർത്തിയായത്. 

പത്ത് സെന്റിൽ താഴെ സ്ഥലത്ത് കൊളോണിയൽ സ്റ്റൈൽ വീട് പണിയുക എന്നതായിരുന്നു ആദ്യ ടാസ്ക്. അതിനാൽ തന്നെ പരമാവധി സ്ഥലം കാർപെറ്റ് ഏരിയയിൽ ഉൾപ്പെടുത്തിയാണ് വീട് പണിതത്.  1900  സ്‌ക്വയർഫീറ്റാണ് വീടിന്റെ ആകെ വലുപ്പം. 1900  ചതുശ്രഅടിയിൽ വിശാലമായ ഒരു പോർച്ച്, സിറ്റൗട്ട്, ഡ്രോയിങ് റൂം, ഡ്രോയിങ് റൂമിനു വല്ലാത്ത വശത്തായി ഫാമിലി ലിവിംഗ് വിത്ത് ഡൈനിംഗ് ഏരിയ, ഇടത് വശത്തായി അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ മാസ്റ്റർ  ബെഡ്‌റൂം, മറ്റ് രണ്ട് ബെഡ്റൂമുകൾ , അടുക്കള, വർക്കേരിയ  എന്നിവ ഉൾപ്പെടെയാണ് വീട് നിർമിച്ചിരിക്കുന്നത്. 

colonial-house-dine

 

സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ

വീട് സിംപിൾ ആയിരിക്കണം എന്ന ആഗ്രഹത്തെ മുന്നിർത്തിയായിരുന്നു വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. എന്നാൽ ഒരു കുടുംബത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുമിരിക്കുന്നു. ആവശ്യത്തിലേറെ വാതിലുകളും ജനലുകളും ഉൾപ്പെടുത്തി ധാരാളം വെളിച്ചം അകത്തേക്ക് കടക്കുന്ന രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. പ്രധാന വാതിലും കട്ടിളയും തേക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ബാക്കി വാതിലുകളും ജനലുകളുമെല്ലാം ആഞ്ഞിലിയും പ്ലാവും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അകത്തെ വാതിലുകളെല്ലാം തന്നെ മാറ്റ് ഫിനിഷ്ഡ് പിയു സ്പ്രേ പെയിന്റ് ആണ് അടിച്ചിരിക്കുന്നത്.

സിറ്റൗട്ടിന്റെ ഫ്ലോറിംഗിനായി ഗ്രാനൈറ്റിന് പകരം മാറ്റ് ഫിനിഷ്ഡ്  ടൈലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തളത്തിൽ ഇതേ ടൈൽ വുഡ് ടെക്സ്റ്ററോട് കൂടിയത് നീളത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ലിവിംഗ് ഏരിയയിൽ ഇളം നിറത്തിലുള്ള ടൈലുകളാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഉൾഭാഗം കൂടുതൽ പ്രകാശഭരിതമാക്കാൻ ഇത് സഹായിക്കും. അടുക്കളയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ലൈഡിംഗ് രീതിയിൽ ഉള്ളതും അല്ലാത്തതുമായ മൾട്ടിവുഡ് കബോർഡുകൾ  ഉണ്ട്.

'' ഈ വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്ന് പറയുന്നത് ഡൈനിംഗ് ഏരിയ ആണ്. കിച്ചണിൽ ഉള്ള ആളെയും മുറികളിൽ ഉള്ള ആളുകളെയും ഒക്കെ ബന്ധിപ്പിക്കുന്ന, അവർക്ക് പരസ്പരം കാണാൻ കഴിയുന്ന ഒരിടമാണ് അത്. മരത്തിൽ തീർത്ത  ഡൈനിംഗ് ടേബിളിന്റെ ഒരു വശത്ത് കസേരകളും മറു വശത്ത് ബെഞ്ചുമാണ് സെറ്റ് ചെയ്തിരിക്കുന്നത്'' ഡിവിൻ പറയുന്നു. 

 

colonial-house-kitchen

സംഗീതം പഠിപ്പിക്കാൻ ഒരിടം

സംഗീതാധ്യാപികയായ അമ്മയ്ക്ക് വേണ്ടിയാണ്  കുട്ടികളെ സംഗീതം പഠിപ്പിക്കാൻ ഒരു പ്രത്യേക ഇടം ഒരുക്കിയത്. പുറത്ത് നിന്നും കയറാവുന്ന രീതിയിൽ  ജിഐ പൈപ്പുകൾ കൊണ്ട് സ്റ്റെയർകേസ് നിർമിച്ച് ട്രെസ്സ് വർക്ക് ചെയ്ത സ്ഥലത്ത് ഒമ്പതടി ഉയരത്തിലായി ഒരു മുറിയും അതിനോട് അനുബന്ധിച്ചൊരു ബാത്ത്റൂമും ആണ് ഈ ആവശ്യം മുൻനിർത്തി സജ്ജീകരിച്ചിരിക്കുന്നത്. 

 

സ്വന്തം സ്റ്റൈലിൽ ഇന്റീരിയർ 

തന്റെ വീടിന്റെ ഇന്റീരിയർ സ്വയം ചെയ്തു എന്നതാണ് ഡിവിനു സന്തോഷം നൽകുന്ന മറ്റൊരു കാര്യം. വീടിനുള്ളിൽ സ്കാൻഡിനേവിയൻ ഇന്റീരിയർ ആർട്ട് ആണ് ചെയ്തിരിക്കുന്നത്. ഇളം നിറങ്ങളോട് കൂടിയ അകത്തളങ്ങൾ ഇതിന്റെ പ്രത്യേകതയാണ്.

''വീടിനുള്ളിൽ പരമാവധി സാധനങ്ങൾ കുറച്ചുകൊണ്ട് യൂട്ടിലിറ്റി സ്‌പേസ് വർധിപ്പിക്കുക എന്നതാണ് സ്കാൻഡിനേവിയൻ ഇന്റീരിയർ ആർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഒരു രീതിയാണ് ഞാൻ ഇതിന്റെ ഇന്റീരിയറിൽ പിന്തുടർന്നത്.'' ഡിവിൻ പറയുന്നു 

ഇന്റീരിയറും എക്സ്റ്റീരിയറും പൂന്തോട്ടവും ചുറ്റുമതിലും കർട്ടനുകളും ഫർണീച്ചറുകളുമടക്കം 1900  സ്‌ക്വയർഫീറ്റിൽ വീട് പണിത് വന്നപ്പോൾ ചെലവായത് 47  ലക്ഷം രൂപയാണ്.

Engineer- Jose Kuriakose

Mob- 9809911813

English Summary- Colonial House Muvattupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com