ADVERTISEMENT

വെല്ലുവിളി ഉയർത്തുന്ന ചെറിയ പ്ലോട്ടിനെ അപ്രസക്തമാക്കി പണിത വീടിന്റെ കഥയാണിത്. മലപ്പുറം സ്വദേശി സഫീർ വെറും 6 സെന്റ് പ്ലോട്ടിലാണ് വീട് വയ്ക്കാൻ പ്ലാനിട്ടത്. അതും വാലുപോലെ കിടക്കുന്ന ആകൃതിയില്ലാത്ത പ്ലോട്ട്. ചെലവും പോക്കറ്റിൽ ഒതുങ്ങണം. വ്യത്യസ്തമായ നിർമിതികൾ കൊണ്ട് ശ്രദ്ധ നേടിയ ഡിസൈനർ വാജിദ്  റഹ്മാനാണ് സഫീറിന്റെ ഭവനസ്വപ്നങ്ങൾ സഫലമാക്കിയത്.

പല തട്ടുകളായുള്ള സ്ലോപ് റൂഫാണ് വീടിന്റെ പുറംകാഴ്ചയിൽ എടുത്തുനിൽക്കുന്നത്. മുകൾനില ട്രസ് റൂഫ് ചെയ്ത് ഓട് വിരിച്ചു. അതിനടിയിൽ ഭംഗിക്കായി പൂവോട് വിരിച്ചിട്ടുണ്ട്. വെട്ടുകല്ല് എക്സ്പോസ്ഡ് ആയി നിലനിർത്തിയ ഭിത്തികളാണ് മുൻവശത്ത് ഭംഗി പകരുന്നത്. ഇതോടൊപ്പം മറ്റു ഭിത്തികളിൽ മിലിട്ടറി ഗ്രീൻ നിറം നൽകി ഹൈലൈറ്റ് ചെയ്തു.

27-lakh-home-malappuram-exterior

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ് ചതുരശ്രയടിയിൽ ഒരുക്കിയത്. അനാവശ്യ സിമന്റ് പാർടീഷനുകൾ ഒഴിവാക്കി, സെമി ഓപ്പൺ  ശൈലിയിലാണ് അകത്തളം ഒരുക്കിയത്. ഇത് അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത തോന്നിപ്പിക്കുന്നു.

27-lakh-home-malappuram-living

പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. സമീപമുള്ള സ്റ്റെയർ ഏരിയയും ഡബിൾ ഹൈറ്റിലാണ്. ഇരുനിലകളും തമ്മിൽ ഒരു കണക്‌ഷൻ ലഭിക്കുന്നതിന് ഇത് സഹായകരമാകുന്നു. ഡബിൾ ഹൈറ്റ് ഭിത്തിയിൽ ധാരാളം സ്ലിറ്റുകൾ നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

27-lakh-home-malappuram-upper

ടൈലുകളിൽ നിന്നും വ്യത്യസ്തമായി ജയ്സാൽമീർ സാൻഡ് സ്റ്റോണാണ് വീടിന്റെ നിലം അലങ്കരിക്കുന്നത്. ഇത് അകത്തളം കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. സ്‌പേസ് അപഹരിക്കാത്ത കുഞ്ഞൻ സ്റ്റെയറാണ് മറ്റൊരാകർഷണം. റബ് വുഡ് കൊണ്ടാണ് സ്റ്റെയർ ഒരുക്കിയത്. കൈവരികൾ മെറ്റൽ കൊണ്ടുനിർമിച്ചു.

27-lakh-home-malappuram-stair

പ്രധാന ഡൈനിങ് കൂടാതെ അടുക്കളയിലേക്ക്  നയിക്കുന്ന ഇടനാഴിയിലും ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിൾ നൽകിയിട്ടുണ്ട്. ബെഞ്ച് കൺസെപ്റ്റിലാണ് ഇതൊരുക്കിയത്. ഇതിനെതിർവശത്ത് ഗ്രില്ലുകൾ നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. 

27-lakh-home-malappuram-dine

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. കാറ്റ്, വെളിച്ചം, പുറത്തെ കാഴ്ചകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ഒരുക്കി. മുകളിലെ മുറിയോട് ചേർന്ന് ബാൽക്കണി നൽകിയിട്ടുണ്ട്. ഇവിടേക്ക് ഫോൾഡിങ് ഗ്ലാസ് ഡോറുകൾ നൽകി.

27-lakh-home-malappuram-bed

സ്റ്റോറേജിന്‌ പ്രാധാന്യം  നൽകിയാണ് കിച്ചൻ. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ  ഒരുക്കിയത്. 

ഇത്രയും പറഞ്ഞുവന്നത് വെറും ആറു സെന്റിൽ നിർമിച്ച വീടിനെക്കുറിച്ചാണെന്നു വീണ്ടും ഓർത്തെടുക്കുമ്പോഴാണ് സ്ഥലഉപയുക്തതയുടെ വൈഭവം മനസിലാവുക. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 27 ലക്ഷം രൂപയ്ക്ക് വീട്  പൂർത്തിയാക്കാൻ  കഴിഞ്ഞു എന്നതാണ് ക്ലൈമാക്സിലെ ട്വിസ്റ്റ്.

ചെലവ് കുറച്ച ഘടകങ്ങൾ

  • തടിക്ക് പകരം മെറ്റലിന്റെ ഉപയോഗം. 
  • ജനൽപ്പാളികൾ, കൈവരികൾ, കിച്ചൻ എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • റബ് വുഡാണ് ഫർണിഷിങ്ങിൽ കൂടുതലും ഉപയോഗിച്ചത്.
  • ഫോൾസ് സീലിങ് ഒഴിവാക്കി.

 

27-lakh-home-malappuram-gf

Project facts

27-lakh-home-malappuram-ff

Location- Malappuram

Plot- 6 cent

Area- 1976 SFT

Owner- Safeer

Design- Vajid Rahman

Hierarchytects, Malappuram

Budget- 27 Lakhs

Y.C- March 2020

ചിത്രങ്ങൾ- അഖിൻ കോമാച്ചി

English Summary- 27 Lakh House in 6 cent Malappuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com