ADVERTISEMENT

മുള അടിസ്ഥാനമാക്കിയുള്ള ജീവിതശൈലിയും വികസനവും ഉയർത്തിപ്പിടിക്കുന്ന സ്ഥാപനമാണ് വയനാട്ടിലെ ഉറവ്. മുള കൊണ്ടുള്ള പ്രകൃതിസൗഹൃദവീടുകൾ, മുള ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, തദ്ദേശീയ ടൂറിസം, പരിശീലനപരിപാടികൾ എന്നിവയെല്ലാം ഇവർ പ്രചരിപ്പിക്കുന്നു. ഇതിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ബാബുരാജിന്റെ വയനാട്ടിലെ വീട് വ്യത്യസ്തമായ ഒരു അദ്ഭുതക്കാഴ്ചയാണ്. കുളത്തിനു മുകളിലാണ് മൂന്നുനിലയുള്ള ഈ വീട്. നിർമിച്ചത് മുളയുടെ  കെട്ടുറപ്പിലും!   അതിന്റെ വിശേഷങ്ങൾ ബാബുരാജ് പങ്കുവയ്ക്കുന്നു..

പ്രചോദനം...

ഞാനൊരു വയനാട്ടുകാരനാണ്. വർഷങ്ങളായി ഉറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. സുസ്ഥിരമായ പരിസ്ഥിതിസൗഹൃദ ജീവിതരീതി മുന്നോട്ടു വയ്ക്കുന്ന സ്ഥാപനമാണ് ഉറവ്. അശാസ്ത്രീയമായ കെട്ടിടനിർമാണം വയനാടിന്റെ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും ദോഷമായി ബാധിച്ചുകഴിഞ്ഞു. ഉരുൾപൊട്ടൽ പോലെയുള്ള കെടുതികൾ പതിവായി, വേനൽക്കാലത്ത് പൊള്ളുന്ന കാലാവസ്ഥ, ശുദ്ധജല ദൗർലഭ്യം, ശുദ്ധവായു കുറഞ്ഞു. ഇതെല്ലാം പ്രത്യാഘാതങ്ങളാണ്.   

പത്തു വർഷത്തോളം വാടകവീടുകളിലായിരുന്നു കുടുംബമായി താമസം. തീപ്പെട്ടിക്കൂട് പോലെയുള്ള ആ കോൺക്രീറ്റ് വീടുകളിൽ ഞാൻ ഒട്ടും സന്തോഷവാനായിരുന്നില്ല. ആ സമയത്താണ് കൊളംബിയൻ ആർക്കിടെക്ട് സൈമൺ വാലെസിന്റെ 'ഗ്രോ യുവർ ഓൺ ഹൗസ്' എന്ന പുസ്തകം വായിക്കുന്നത്. മുള കൊണ്ട് വീടുകൾ മാത്രമല്ല വൻകിട കെട്ടിടങ്ങൾ വരെ നിർമിച്ചു തെളിയിച്ച ആർക്കിടെക്ടാണ് അദ്ദേഹം. ആ പുസ്തകം എന്റെ മനസ്സിൽ സ്വന്തം വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങളുടെ വിത്തുമുളപ്പിച്ചു. ഭൂമിക്ക് ഭാരമാകാത്ത മുളവീട് പണിയണം എന്ന ആഗ്രഹം മനസ്സിൽ രൂഢമൂലമായി.

pond-bamboo-house-living

കുറച്ചു വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്ത് 15 സെന്റ് സ്ഥലം വാങ്ങി. അപ്പോൾ  ഒരു പ്രശ്നം തലപൊക്കി. നികത്തിയതാണെങ്കിലും സ്ഥലം നിലമാണ്. അവിടെ വീട് വച്ചാൽ ഞാൻ വിശ്വസിക്കുന്ന  ആശയങ്ങളെ ഞാൻ തന്നെ ലംഘിക്കുന്നത് പോലെയാകും. നിയമപരമായി പുരയിടമാക്കി മാറ്റാമെങ്കിലും അതിനു പോയില്ല. വയൽ നികത്താതെ എങ്ങനെ വീട് പണിയാം എന്ന് തലപുകച്ചപ്പോഴാണ് ഊന്നുകാൽ വീടിന്റെ ആശയം മനസ്സിൽ വന്നത്. നികത്തിയ വയലിനെ കുഴിച്ചു കുളമാക്കി മാറ്റി. എന്നിട്ട് അതിൽ പില്ലറുകൾ നാട്ടി അതിന്മേലാണ് വീട്  നിർമിച്ചത്. അങ്ങനെ വയൽ നികത്തിയുമില്ല, നഷ്‌ടമായ ഒരു ജലസ്രോതസിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു, വീടും പണിതു. ഒരു വെടിക്ക് മൂന്നുപക്ഷി!

പിരമിഡ് വീട്...

pond-bamboo-house-view

ഈജിപ്തിലെ പിരമിഡുകൾ ലോകപ്രസിദ്ധമാണല്ലോ. അവ പല നൂറ്റാണ്ടുകളിലെ പ്രളയവും ഭൂചലനവും യുദ്ധവുമെല്ലാം അതിജീവിച്ചു ഇപ്പോഴും നിലനിൽക്കുന്നത്,  നിർമാണത്തിലെ സവിശേഷമായ ത്രികോണാകൃതി കൊണ്ടുകൂടിയാണ് എന്ന് നിർമാണവിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായത് മേൽക്കൂര തന്നെ താഴേക്ക് ചരിഞ്ഞ ചുവരുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇതേ ശൈലി തന്നെയാണ് ഞാനും വീട്ടിൽ പിന്തുടർന്നത്. 

pond-bamboo-house-stair

വീടിനെക്കുറിച്ച് ഓരോ കുടുംബാംഗങ്ങൾക്കും ഓരോ കാഴ്ചപ്പാടുണ്ടാകുമല്ലോ. എന്റെ ചെറിയ മുളവീട് എന്ന സങ്കൽപത്തിനൊപ്പം വീട്ടുകാരുടെ ആധുനികവീട് എന്ന ആഗ്രഹങ്ങളും സമന്വയിപ്പിച്ചാണ് ഈ വീടൊരുക്കിയത്. ഉറവിലെ എൻജിനീയറും സുഹൃത്തുമായ അനീഷാണ് പ്ലാൻ  വരച്ചത്. അനീഷിനെ ആ സമയത്തു മുള കൊണ്ട് വീട് നിർമിക്കുന്ന ഒരു നാഷണൽ വർക് ഷോപ്പിൽ അയച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച ആശയങ്ങളും രൂപകൽപനയിൽ ആത്മവിശ്വാസം നൽകി. ബാക്കി നിർമാണത്തിലും മേൽനോട്ടത്തിലുമെല്ലാം ഞാനും ഒപ്പമുണ്ടായിരുന്നു. കമ്പിക്ക് പകരം ട്രീറ്റ് ചെയ്ത മുള വച്ച് വാർക്കുന്ന Bamboo Reinforcement Technology ആണ് ഈ വീടിന്റെ അടിസ്ഥാനം. അതിനാൽ സാധാരണ വാർക്ക വീടുകളെ അപേക്ഷിച്ചു 25 % മാത്രമാണ് കമ്പി ഉപയോഗിച്ചത്. ബാക്കി 75 % മുളക്കമ്പികളാണ് വീടിനു കരുത്തുപകരുന്നത്.  ട്രീറ്റ് ചെയ്ത മുള കൊണ്ടുള്ള നിർമിതികൾ ഭൂകമ്പത്തെപ്പോലും അതിജീവിക്കും എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

മുളവീടിന്റെ ആശയം  മനസ്സിൽ പൊട്ടിമുളച്ചപ്പോൾ തന്നെ വയനാട്ടിലെ സ്വന്തം തോട്ടത്തിൽ അരയേക്കർ മുള നട്ടുപിടിപ്പിച്ചിരുന്നു. വീടിനാവശ്യമുള്ള 90 % മുളയും ലഭിച്ചത് ഇവിടെനിന്നുതന്നെ. നാലു വർഷത്തിനുള്ളിൽ മുള വെട്ടിയെടുക്കാൻ പാകമാകും എന്നതാണ് മറ്റൊരു ഗുണം. ആകെയുള്ള 15 സെന്റിൽ 8 സെന്റും കുളമായിരുന്നു. ഇവിടെ വീട് പണിതശേഷം ബാക്കി 7 സെന്റിൽ ധാരാളം മുളകളും മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

pond-bamboo-house-plot

സ്വീകരണമുറി, ഊണുമുറി, അടുക്കള, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് മൂന്നുനിലകളിലായി 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. മൂന്നു നിലകളിൽ നിന്നും താഴത്തെ കുളത്തിന്റെ കാഴ്ച ദൃശ്യമാകും. ചൂട് കാലത്ത് കുളത്തിൽ നിന്നുള്ള തണുത്ത വായു മുകളിലേക്കുയർന്നു വീടിനുള്ളിൽ തണുപ്പ് നിറയ്ക്കും. അതിനാൽ വേനൽക്കാലത്തു പോലും വീട്ടിനുള്ളിൽ എസിയോ ഫാനോ ആവശ്യമില്ല.

pond-bamboo-house-dine

അകത്തളങ്ങൾ ലളിതമായി ഒരുക്കി. ടെറാക്കോട്ട മൺടൈലുകളാണ് നിലത്തുവിരിച്ചത്.  എന്റെ വീട് മൂലം നാട്ടിലുള്ള കലാകാരന്മാർക്ക് ഒരു വരുമാനത്തിനുള്ള അവസരം കൊടുക്കണം എന്നുണ്ടായിരുന്നു. അങ്ങനെ വീടിനകം അവർക്ക് ക്യാൻവാസായി നൽകി. ലോക്കൽ ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളും ക്യൂരിയോസുമാണ് വീടിനകം അലങ്കരിക്കുന്നത്.  

pond-bamboo-house-upper

യഥാർഥത്തിൽ എന്റെ വീടുപണി അതിന്റെ പണിക്കാർക്ക് ഒരു പരിശീലനക്കളരി കൂടിയായിരുന്നു. ആ സമയത്ത് ഇത്തരം വീടുകൾ പണിയാൻ വൈദഗ്ധ്യമുള്ള പണിക്കാരെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഉറവിന്റെ കീഴിലുള്ള പണിക്കാരെയും പ്രാദേശികത്തൊഴിലാളികളെയും  പരിശീലിപ്പിച്ചാണ് പണിക്ക് സജ്ജരാക്കിയത്. ഇതിന്റെ മറ്റൊരു ഗുണം, വീടുപണി കഴിഞ്ഞതോടെ ഇവർ ഇത്തരം വീടുകൾ പണിയാൻ നൈപുണ്യമുള്ളവരായി. ഈ കാലയളവിൽ ധാരാളം മുളവീടുകൾ അവർ നിർമിക്കുകയും ചെയ്തു.

 

വരുമാനം നൽകുന്ന വീട്...

pond-bamboo-house-bed

ഇടത്തരം മലയാളികൾ വരെ ലക്ഷങ്ങളും കോടികളുമാണ് ലോൺ എടുത്ത് വീടിനായി പൊടിക്കുന്നത്. താമസിക്കാനുള്ള ഇടം എന്നതൊഴിച്ചാൽ ഇതൊരു ഡെഡ് ഇൻവെസ്റ്റ്മെന്റാണ്. ഈ പശ്ചാത്തലത്തിലാണ് വീട് ഒരു വരുമാനമാർഗം കൂടിയാകണം എന്ന ആശയം ജനിച്ചത്. തൃക്കൈപ്പറ്റ ഒരു ടൂറിസം വില്ലേജാണ്. ധാരാളം വിദേശികൾ വയനാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഉറവിന്റെ പ്രവർത്തങ്ങൾ കണ്ടറിയാനും എത്താറുണ്ട്. വിദ്യാർഥികൾ ഇന്റേണർഷിപ്പിനും മറ്റുമായി എത്താറുണ്ട്. ഇവർക്ക് താമസിക്കാൻ മുകൾനിലയിൽ രണ്ടു മുറി വേർതിരിച്ചു. അങ്ങനെ കുളത്തിനു മുകളിലെ വീട് ഒരു ഹോംസ്റ്റേ കൂടിയാക്കി മാറ്റി. വീട് നിർമിച്ചിട്ട് ഇപ്പോൾ പത്തുവർഷമായി. ഈ കാലയളവിൽ വീടിനായി ചെലവഴിച്ച തുകയുടെ പകുതിയോളം ഹോംസ്റ്റേ വരുമാനം വഴി തിരിച്ചുപിടിക്കാൻ കഴിഞ്ഞു.

കുളത്തിൽ മൽസ്യം വളർത്തലുമുണ്ട്. വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ഇവയ്ക്ക് ഭക്ഷണമായി നൽകുന്നു. അപൂർവയിനം മൽസ്യങ്ങൾ ഇവിടെയുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറില്ല എങ്കിലും  വീട്ടാവശ്യങ്ങളിലായി ഉപയോഗിക്കാറുണ്ട്. ചുരുക്കത്തിൽ വീട്ടിലിരുന്നു ചൂണ്ടയിട്ട് മീൻപിടിച്ച് നല്ല ഫ്രഷ് മീൻകറി ഉണ്ടാക്കി കഴിക്കാം.

ചെലവ്..

നിലം കുളമാക്കി മാറ്റുന്നതായിരുന്നു ശ്രമകരമായ ആദ്യ ഘട്ടം. ഇതിന് 4 ലക്ഷത്തോളം രൂപ ചെലവായി. മൂന്നു വീടിനു 25 ലക്ഷവും ചെലവായി. അങ്ങനെ മൊത്തം 29 ലക്ഷം രൂപയ്ക്ക് 3000 ചതുരശ്രയടിയുള്ള മൂന്നുനില വീട് സഫലമായി. നിലവിൽ ഇത്രയും ചതുരശ്രയടിയുള്ള ഒരു കോൺക്രീറ്റ് വീട് പണിയാൻ കുറഞ്ഞത് 65 ലക്ഷം രൂപയെങ്കിലുമാകും എന്നിടത്താണ് ഇതിന്റെ പ്രസക്തി.

pond-bamboo-house-baburaj-family

കുടുംബം...

ഭാര്യ ശ്രീജ. ഉറവിന്റെ മുള ബാഗുകളുടെ വിഭാഗത്തിൽ ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളാണ് ഞങ്ങൾക്ക്. മേതിയും  ദ്യുതിയും. ഇരുവരും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നു. ധാരാളം ആളുകൾ ദൂരജില്ലകളിൽ നിന്നുപോലും വീട് സന്ദർശിക്കാൻ എത്താറുണ്ട്. പലരും ഇതുപോലെ മുള വീടുകൾ പിന്നീട് വച്ചിട്ടുമുണ്ട്. സ്വന്തം വീട് ഒരു മാതൃകയായി ഉയർത്തിക്കാട്ടാൻ കഴിയുന്നു, പലർക്കും പ്രചോദനമാകുന്നു എന്നതാണ് ഈ കാലയളവിലെ സന്തോഷം.

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Bamboo House built above Pond Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com