ADVERTISEMENT

മാറിചിന്തിക്കുന്നവരാണ് വെല്ലുവിളികളെ സാധ്യതയാക്കി മാറ്റുന്നത്. ഇതിനുദാഹരണമാണ് കോഴിക്കോട് മായനാടുള്ള ഡോ. പ്രസാദിന്റെ പുതിയ വീട്. റോഡ് നിരപ്പിൽ നിന്നും രണ്ടരമീറ്ററോളം ഉയർന്ന വെറും 5 സെന്റ് പ്ലോട്ടാണ് ഇവർക്കുണ്ടായിരുന്നത്‌. അതിനു ഒത്തനടുവിൽ ഒരു കിണറും. ഇവിടെ സാധാരണ വാർക്ക വീടുകൾ ബുദ്ധിമുട്ടാണ്. അങ്ങനെ ഡിസൈനർ വാജിദ്‌ റഹ്മാനെ സമീപിച്ചു. പ്രീഫാബ് ഊന്നുകാൽ വീടുകൾ ധാരാളം നിർമിച്ചിട്ടുള്ള വാജിദ് അങ്ങനെ വെല്ലുവിളിക്ക് പരിഹാരം കണ്ടു.

prefab-house-vajid-home

മൂന്നര അടി ഉയരത്തിൽ ജിഐ പില്ലറുകൾ നാട്ടി അതിന്മേലാണ് അടിത്തറ വിരിച്ചത്. ജിഐ, സ്റ്റീൽ എന്നിവ കൊണ്ട് വീടിന്റെ ചട്ടക്കൂട് ആദ്യം നിർമിച്ചു. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിച്ചാണ് ഈ വീട് നിർമിച്ചത്. ഭാരം കുറവ്, പരിപാലനം കുറവ്, വേണമെങ്കിൽ അഴിച്ചു മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാം തുടങ്ങിയ ഗുണങ്ങളുമുണ്ട് ഈ രീതിക്ക്.

prefab-house-vajid-close

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഒരു കിടപ്പുമുറി, കിച്ചൻ, വർക്കേരിയ, സെർവന്റ്സ് റൂം എന്നിവ താഴത്തെ നിലയിൽ ഒരുക്കി. മുകൾനിലയിൽ അപ്പർ ലിവിങ്, മൂന്നു കിടപ്പുമുറികൾ എന്നിവയും ഒരുക്കി.  

prefab-house-vajid-living

തടിയുടെ ഉപയോഗം കുറച്ച് റബ് വുഡാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ജിഐ ഫ്രെയിം, അലുമിനിയം എന്നിവ കൊണ്ടാണ് കട്ടിളകളും ജനലഴികളും നിർമ്മിച്ചത്. പരിചയക്കാരിൽ നിന്ന് ചതുരശ്രയടിക്ക് 90 രൂപ നിരക്കിൽ വുഡൻ ഫ്ളോറിങ് മെറ്റീരിയൽ ലഭിച്ചത് ഗുണകരമായി. സാധാരണ ഇത് ചതുരശ്രയടിക്ക്  150 രൂപയോളംവരും. 

prefab-house-vajid-dine

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് ഒരുക്കി. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ബാൽക്കണി നൽകി. മുറികളിലെല്ലാം ധാരാളം ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ഓപ്പണിങ്ങുകൾ നൽകി. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത മലബാറി കിച്ചനാണ് ഒരുക്കിയത്.

prefab-house-vajid-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.  ഇതുപോലെ ഒരു കോൺക്രീറ്റ് വീട് നിർമിക്കാൻ ഏകദേശം 45 ലക്ഷമെങ്കിലും വേണ്ടിവരും എന്നിടത്താണ് ഇത്രയും ചെലവ് ചുരുക്കിയത് എന്നോർക്കണം. ഒന്നര വർഷം മുൻപ് വർക്ക് തുടങ്ങിയെങ്കിലും ഇടയ്ക്കുണ്ടായ പ്രളയം കുറച്ചുമാസങ്ങൾ പണി തടസപ്പെടുത്തി. തുടർച്ചയായി ഏകദേശം 6 മാസത്തെ പണിയേ ആവശ്യം വന്നുള്ളൂ.

prefab-house-vajid-kitchen

ഫൈബർ സിമന്റ് ബോർഡ് അല്ലെങ്കിൽ V ബോർഡ് ഇപ്പോൾ കേരളത്തിൽ സുലഭമാണ്. ചതുരശ്രയടിക്ക് ഏകദേശം 32 രൂപ നിരക്കിൽ ഇത് ലഭ്യമാകും. കനത്തിനനുസരിച്ചാണ് വില വരുന്നത്. വളരെ വേഗം സ്റ്റീൽ സ്ട്രക്ചറിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കാം. ജിപ്സം ബോർഡ് പോലെ കോൺക്രീറ്റ് ഫിൽ ചെയ്യേണ്ട കാര്യമില്ല.. തുടങ്ങിയ ഗുണങ്ങളുണ്ട്. വാജിദ് പറയുന്നു.

prefab-house-vajid-library

 

prefab-house-vajid-plan

Project facts

Location- Mayanad, Calicut

Plot- 5 cent

Area- 2100 SFT

Owner-Prasad

Design- Vajid Rahman

Hierarchytects, Malappuram

Budget- 31 Lakh

Y.C- 2020 Jan

English Summary- Fibre Cement House in 5 cent Calicut Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com