ADVERTISEMENT

വെറും 15 ലക്ഷം രൂപയ്ക്ക് ആരും മോഹിക്കുന്ന സുന്ദരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ വീട്ടുകാരൻ നന്ദു പങ്കുവയ്ക്കുന്നു.

കോട്ടയം ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ ഓരത്തുള്ള 9 സെന്റിലാണ് ഞങ്ങൾ വർഷങ്ങളായി താമസിക്കുന്നത്. സൗകര്യങ്ങൾ പരിമിതമായ ഒരു ചെറുവീടായിരുന്നു. എല്ലാ മഴക്കാലത്തും വീട്ടിൽ വെള്ളം കയറിയിറങ്ങും. അന്ന് കുട്ടികളായിരുന്ന എനിക്കും പെങ്ങൾക്കും അത് രസമുള്ള പരിപാടിയായിരുന്നു. പക്ഷേ വർഷം കഴിയുംതോറും വെള്ളം കയറുന്നത് കൂടിക്കൂടിവന്നു. ഞാൻ പഠനം കഴിഞ്ഞു ഉപജീവനാർഥം അബുദാബിയിലേക്ക് പോയി. ഞാൻ നാട്ടിൽ ഇല്ലാഞ്ഞ കഴിഞ്ഞ  രണ്ടു പ്രളയത്തിലും വീട് ഏതാണ്ട് മുങ്ങി. അതോടെ അച്ഛൻ വീട് പൊളിച്ചു ഉയർത്തി നിർമിക്കാൻ തീരുമാനിച്ചു. എനിക്ക് പ്രവാസജീവിതം മടുത്തു തുടങ്ങിയിരുന്നു. അങ്ങനെ ഒരു ദിവസം രണ്ടും കൽപിച്ചു ജോലി രാജിവച്ചു നാട്ടിൽ വിളിച്ചറിയിച്ചു. അപ്പോൾ മറുതലയ്ക്കൽ അച്ഛനെ മറുപടി. തിരിച്ചു വന്നാൽ എവിടെ താമസിക്കും. വീട് ഞാൻ പൊളിച്ചു. ഇനി പുതിയത് വെള്ളം  കയറാതെ ഉയർത്തിപ്പണിയണം. ആകെ സീനായി. പക്ഷേ ഉള്ള തുച്ഛമായ സമ്പാദ്യവുംകൊണ്ട് നാട്ടിലേക്ക് മടങ്ങി.

nandu-house-kottayam-exterior

പിന്നീട് പുതിയ വീട് പരമാവധി ചെലവ് കുറച്ച് നിർമിക്കാനുള്ള നെട്ടോട്ടമായിരുന്നു. കോൺട്രാക്റ്റ് ഒന്നും കൊടുക്കാതെ വീടിന്റെ A to Z കാര്യങ്ങൾ ഞാനും വീട്ടുകാരും മേൽനോട്ടം നിർവഹിച്ചു. ഇനിയൊരു പ്രളയം വീട്ടിൽ എത്താതെ മൂന്നു മീറ്ററോളം മണ്ണും പാറയും ഇട്ടുയർത്തിയാണ് വീടുപണി തുടങ്ങിയത്. ഇതിന് ഏകദേശം 3.5 ലക്ഷം രൂപയായി. ശരിക്കും വീടിനുമാത്രം 11.5 രൂപയെ ആയുള്ളൂ. 

nandu-house-kottayam

ആദ്യം വാർക്ക വീടായിരുന്നു പ്ലാനിൽ. പിന്നെ ബജറ്റ് കുറയ്ക്കാൻ ജിഐ ട്രസ് വർക്ക് ചെയ്തു ഓടുമേഞ്ഞ വീടാക്കി. അതിനടിയിൽ മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും നൽകിയിട്ടുണ്ട്. നിർമാണസാമഗ്രികളുടെ ഗുണനിലവാരത്തിൽ വലിയ വിട്ടുവീഴ്ചകൾ വരുത്തിയിട്ടില്ല. പകരം ചെലവ് കുറഞ്ഞ ബദൽസാമഗ്രികൾ ഉപയോഗിച്ചു. വീടിന് മുൻപിൽ നിന്നും പിന്നിൽനിന്നും പ്രവേശനവാതിലുണ്ട്. രണ്ടിടത്തുനിന്നും വ്യത്യസ്തമായ കാഴ്ചയാണ് ലഭിക്കുക. പുഴയുടെ ഭാഗത്ത് നിന്നുള്ള ദൂരക്കാഴ്ചയിൽ ഉള്ളതിലും വലിയ വീടായി തോന്നാം.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 900 ചതുരശ്രയടിയിൽ ഒരുക്കിയത്. മൊത്തം ഏരിയ കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകിയതാണ് ചെലവ് കുറച്ച പ്രധാന ഘടകം.

nandu-house-kottayam-living

ആദ്യം പുറംഭാഗം മാത്രം പുട്ടിയടിക്കാം എന്ന് കരുതിയെങ്കിലും അകത്തളവും പുട്ടിയടിച്ചു ഭംഗിയാക്കി. അക്കേഷ്യ, ഇരൂൾ തുടങ്ങിയ ചെലവ് കുറഞ്ഞ മരങ്ങളുടെ ഫർണിച്ചറാണ് ഒരുക്കിയത്. മാർബോനൈറ്റാണ് നിലത്തുവിരിച്ചത്.

ഊണുമുറിയിൽ നിന്നാണ് പുഴയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന രണ്ടാമത്തെ സിറ്റൗട്ട്. ഈ വാതിൽ തുറന്നിട്ടാൽ മീനച്ചിലാറിന്റെ ഭംഗിയും അതുവഴി വീശുന്ന കുളിർകാറ്റും വീടിനുള്ളിലൂടെ ഒഴുകിനടക്കും.

nandu-house-kottayam-dine

ലളിതമാണ് കിടപ്പുമുറികൾ. ഒരു കിടപ്പുമുറിക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും ഒരുക്കി. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

എന്റെ സുഹൃത്തുകൾക്ക് എന്റെ പഴയ വീടിനോട് മാനസികമായ അടുപ്പമുണ്ട്. അതുകൊണ്ട് അവരും സാമ്പത്തികമായും മാനസിക പിന്തുണ നൽകിയും കൂടെനിന്നു. അങ്ങനെ പല നല്ല മനസുകളുടെയും കൂട്ടായ്മയിലൂടെയാണ് ഞങ്ങളുടെ പുതിയ ഭവനം യാഥാർഥ്യമായത്. എനിക്ക് ഒരു വീട് പണിയാൻ സാധാരണക്കാർ പെടുന്ന പാട് നല്ലതുപോലെ അറിയാം. അതിനാൽ വീടിന്റെ പ്ലാനും ഇതോടൊപ്പം കൊടുക്കുന്നു. ആവശ്യമുള്ളവർക്ക് ഉപകരിക്കട്ടെ...

nandu-house-kottayam-plan

 

ചെലവ് കുറച്ച മറ്റ് ഘടകങ്ങൾ..

മൊത്തം ഏരിയ കുറച്ചു. ഡെഡ് സ്‌പേസ് കുറച്ചു. 

മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടു വിരിച്ചു.

കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

വിലയുള്ള തടി ഒഴിവാക്കി. അക്കേഷ്യ കൊണ്ടാണ് ഫർണിച്ചർ.

 

Project facts

Location- Arpookara, Kottayam

Ploot- 9 cent

Area- 900 SFT

Owner- Nandu

Mob- 7736493383

Y.C- 2020 Sep

Budget- 15 Lakhs

English Summary- 15 Lakh Riverside Home Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com