ADVERTISEMENT

കേരളത്തിൽ ഇപ്പോൾ പിന്തുടർന്നുപോകുന്ന അനഭിലഷണീയമായ ഭവനനിർമാണ രീതികൾക്ക് സമൂലമായ മാറ്റം വരണം എന്ന ചിന്തയിൽ നിന്നാണ് ഈ വീടിന്റെ ജനനം. പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകരാണ് ആർക്കിടെക്ട് ദമ്പതികളായ അജയ് എബിയും താര പണ്ടാലയും. ചെലവ് കുറഞ്ഞ നിരവധി പച്ചത്തുരുത്തുകൾ ഇവർ ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്.

കുറേക്കാലമായി ഇരുവരും ഒരു പരീക്ഷണശാലയിൽ ആയിരുന്നു. അജയ്‌യുടെ മാതാപിതാക്കൾക്ക് നിർമിച്ചു നൽകുന്ന വീടാണ് ഇരുവരും പുതുപരീക്ഷണമാക്കി  മാറ്റിയത്. ഒടുവിൽ അത് വിജയം കണ്ടു. അടിത്തറ കെട്ടേണ്ട, ഭിത്തി തേക്കേണ്ട, മേൽക്കൂര വാർക്കേണ്ട, പെയിന്റ് അടിക്കേണ്ട..ഇതിനെല്ലാമുപരി ചെലവ് വളരെ കുറവ്..ഇതൊക്കെയാണ് പുതിയ വീടിന്റെ സവിശേഷതകൾ. ഇത്തരം നിർമാണരീതി കൂടുതൽ ജനകീയമായാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നല്ല വീടുകൾ സഫലമാക്കാനാകും.

17-lakh-rare-house

6 സെന്റിൽ സ്ഥലപരിമിതി അനുഭവപ്പെടാതെ , അധികം പരിപാലനം ആവശ്യപ്പെടാത്ത വിധത്തിൽ,  മാതാപിതാക്കൾക്ക് വിശ്രമജീവിതം സന്തോഷകരമാക്കാൻ വേണ്ടതെല്ലാം ഒരുക്കി നൽകി. വ്യാവസായിക മാലിന്യങ്ങൾ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഫ്ലൈ ആഷ് കൊണ്ടു നിർമിച്ച, AAC ബ്രിക്കുകൾ (Aerated Concrete Blocks) ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. ഭാരം കുറവ്, മണൽ ആവശ്യമില്ല, ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല, ചൂടിനെ പ്രതിരോധിക്കുന്നു തുടങ്ങിയവയാണ്  ഇതിന്റെ ഗുണങ്ങൾ. സിമന്റും പശയും ചേർത്ത മിശ്രിതം കൊണ്ടാണ് ഭിത്തികൾ പടുത്തുയർത്തിയത്. 

17-lakh-rare-house-sitout

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിൽ വിന്യസിച്ചു. മുകൾനിലയിൽ ഒരു അറ്റാച്ഡ് കിടപ്പുമുറി മാത്രമാണുള്ളത്. ബാക്കി ഓപ്പൺ ടെറസ് ആയി മാറ്റിയിട്ടു. 1600 ചതുരശ്രയടിയാണ് വിസ്തീർണം. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്- ഡൈനിങ്- കിച്ചൻ- സ്റ്റെയർ എന്നിവയെല്ലാം ഹാളിന്റെ ഭാഗമായി വിന്യസിച്ചു.  അതിനാൽ മികച്ച സ്ഥല ഉപയുക്തതയും ക്രോസ്  വെന്റിലേഷനും ലഭിക്കുന്നു. 

17-lakh-rare-house-hall

ഡൈനിങ് സ്‌പേസിലെ ഡബിൾ ഹൈറ്റ് ഉപയോഗപ്പെടുത്തി മെസനൈൻ ശൈലിയിലാണ് ഗോവണി. പ്രായമായ മാതാപിതാക്കൾക്കായി പരിപാലനം എളുപ്പമാകുംവിധം അകത്തളങ്ങൾ ചിട്ടപ്പെടുത്തി. കിച്ചൻ, കിടപ്പുമുറികൾ എന്നിവയിലെല്ലാം അതിന്റെ പ്രതിഫലനം കാണാം.

17-lakh-rare-house-living

ടൈലും ഗ്രാനൈറ്റും മാർബിളുമൊക്കെ അധിനിവേശം നടത്തുന്നതിന് തൊട്ടുമുൻപ് കേരളത്തിലെ മിക്ക വീടുകളിലും കാവി നിലമായിരുന്നു. ചൂടുകാലത്തു പോലും ഈ നിലത്തു തണുപ്പാസ്വദിച്ച് കിടന്നുറങ്ങിയവരാണ് പഴയ മലയാളികൾ. ആ കാലത്തിന്റെ  ഓർമയ്ക്ക് എന്നോണം ഓക്സൈഡാണ് നിലത്തുവിരിച്ചത്. റെഡിനു പകരം യെലോ ഓക്സൈഡ് ഉപയോഗിച്ചു എന്നുമാത്രം.

17-lakh-rare-dine-JPG

കേരളത്തിലെ പല വീടുകളും, അതിനു വേണ്ടതിനേക്കാൾ സ്ട്രക്ചറൽ സ്‌റ്റെബിലിറ്റിക്കായി പ്രകൃതിവിഭവങ്ങൾ പാഴാക്കുന്നു എന്ന് ആർക്കിടെക്ട് അജയ് അഭിപ്രായപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ ഉറപ്പ് അനുസരിച്ച് അടിത്തറയുടെ രീതി വ്യത്യാസപ്പെടുത്താം. ഇവിടെ അത്യാവശ്യം ഉറപ്പുള്ള മണ്ണായതിനാൽ തങ്ങൾ നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തിയ സവിശേഷ രീതിയിലാണ് അടിത്തറ കെട്ടിയത്. ബീമുകളാണ് ഈ വീടിന്റെ ഭാരം താങ്ങുന്നത്. ഈ ബീമുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് ബെൽറ്റ് വാർത്ത് ഒരു ചട്ടക്കൂട് സൃഷ്ടിച്ചു. ഭിത്തികളെ മെറ്റൽ പൈപ്പുകൊണ്ട് ബന്ധിപ്പിച്ച് അതിൽ വയർമെഷ് വിരിച്ച് വാർത്തു. 

17-lakh-rare-house-bed

മുകളിലെ നിലയിലെ ഭിത്തികളും AAC ബ്രിക്ക് കൊണ്ടു തന്നെയാണ് നിർമിച്ചത്. പുറംചുവരുകളിൽ പെയിന്റിനു പകരം കുമ്മായം പൂശി. സൺഷേഡ് വാർത്തിട്ടില്ല, പകരം മെറ്റൽ  ഷീറ്റ് സ്ക്രൂ ചെയ്തു പിടിപ്പിച്ചു. അങ്ങനെ കോൺക്രീറ്റിന്റെ അധിക ഉപയോഗം കുറച്ചു. AAC കട്ടകളിൽ ജനൽ/വാതിൽ കട്ടിളകളുടെ ആവശ്യമില്ല. തടിപ്പാളികൾ ഭിത്തിയിൽ നേരിട്ട്  സ്ക്രൂ ചെയ്തു പിടിപ്പിക്കാം. ഇതുവഴി തടിയുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞു.

step1
നിർമാണ ഘട്ടങ്ങൾ (initial stage)

മേൽക്കൂരയിലുമുണ്ട് പരീക്ഷണങ്ങൾ. ജിഐ ട്രസ് വർക് ചെയ്തു ഓടുവിരിച്ചു. ഓടിനു താഴെയായി തെർമോക്കോൾകൊണ്ടുള്ള ഇൻസുലേറ്റർ വിരിച്ചു, അതിനു താഴെ ജിഐ ഷീറ്റും. ഇങ്ങനെ മൂന്നു പാളികളുള്ള മേൽക്കൂര ചൂടിനെ ഫലപ്രദമായി  തടഞ്ഞു അകത്തളം സുഖകരമായി നിലനിർത്തുന്നു. ഭിത്തി കെട്ടിയശേഷം പറമ്പിലെ മണ്ണും പശയും ചേർന്ന മിശ്രിതമാണ് കോട്ടിങ് ആയി പൂശിയത്. 

step2
നിർമാണ ഘട്ടങ്ങൾ (final stage)

നിലവിൽ ഒരിടത്തരം വീടിനു ചതുരശ്രയടിക്ക് കുറഞ്ഞത് 1800 രൂപയെങ്കിലും ചെലവാകും. അവിടെയാണ് ട്വിസ്റ്റ്. ഇവിടെ മൊത്തം ചെലവ് 30 % കുറയ്ക്കാൻ സാധിച്ചു. മാതാപിതാക്കൾക്ക് വേണ്ടി, പണികളുടെ എല്ലാ ഘട്ടത്തിലും മകനായ ആർക്കിടെക്ട് നേരിട്ട് സൂപ്പർവിഷൻ നടത്തിയതും ചെലവ് കുറയ്ക്കാൻ സാധിച്ചു. ഏത് നട്ടുച്ചയ്ക്ക് വീട്ടിലേക്ക് പ്രവേശിച്ചാലും സുഖകരമായ ഒരു തണുപ്പാണ് സ്വാഗതം ചെയ്യുക. ഇപ്പോൾ ഈ വീട് കണ്ടു നിരവധി സാധാരണക്കാരാണ് ഇത്തരമൊരു വീട് നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ആർക്കിടെക്ടുകളെ സമീപിക്കുന്നത്.തങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കിയ ഈ പുതിയ സാങ്കേതികവിദ്യയുടെ പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് അജയും താരയും. ഇത് കൂടുതൽ ജനകീയമായാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നല്ല വീടുകൾ നിർമിക്കാൻ കഴിയും എന്ന് ആർക്കിടെക്ടുകൾ അവകാശപ്പെടുന്നു.

17-lakh-rare-house-gf

 

17-lakh-rare-house-ff

Project facts

Location- Pattimattom, Kakkanad

Plot- 6 cent

Area- 1600 SFT

Owner- Abraham & Jeysili

Architects- Ajay Abey, Tara Pandala

Centre for Sustainable Build& Environment, Kochi

Mob- 85930 61706

email- ajayabey@gmail.com

Y.C- 2020

English Summary- Low Cost Sustainable House nw Technology Kakkanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com