ADVERTISEMENT

അത്യാവശ്യം സ്ഥലവും ബജറ്റുമുണ്ടെങ്കിൽ ഒരുനിലയിൽ തന്നെ ഇരുനിലയെക്കാൾ മികച്ച സൗകര്യങ്ങൾ ചിട്ടപ്പെടുത്താം എന്ന് തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരൻ പ്രവാസി കോശി ജോർജിന്റെ പുതിയ ഭവനം. പ്രായമുള്ള അംഗങ്ങളുള്ള കുടുംബങ്ങളിൽ ഇരുനില വീടുകൾ കുറേക്കഴിയുമ്പോൾ ബാധ്യതയായി മാറാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഈ ഒരുനില വീടിന്റെ പിറവി. 

കേരളത്തനിമയുടെ നന്മകളും പുതിയകാലത്തിന്റെ സൗകര്യങ്ങളും സമ്മേളിക്കുകയാണ് ഇവിടെ. ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയാണ് മുൻഭാഗത്ത് കേരളത്തനിമ നിറയ്ക്കുന്നത്. പിന്നിലായി ഫ്ലാറ്റ് റൂഫും ഒരുക്കിയിട്ടുണ്ട്.അത്യാവശ്യം സ്ഥലം ഉള്ളതുകൊണ്ട് ലാൻഡ്സ്കേപ്പിനും വീടുപോലെ  പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രധാന റോഡിൽ നിന്നും ഗെയ്റ്റ് തുറന്നു  ഡ്രൈവ് വേയിലൂടെ അൽപം സഞ്ചരിച്ചു വേണം പോർച്ചിലേക്കെത്താൻ. പേവിങ് സ്റ്റോൺ വിരിച്ച ഡ്രൈവ് വേയും പുൽത്തകിടിയും രാത്രി കൺതുറക്കുന്ന ലൈറ്റുകളും വീടിന്റെ ചുറ്റുപാടുകൾ ഹൃദ്യമാക്കുന്നു.

fusion-home-kanjirappally-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്. കാഴ്ചകൾ  വീട്ടുകാർ തമ്മിൽ സുഗമമായ ആശയവിനിമയം സാധ്യമാക്കാൻ തുറസായ നയത്തിലാണ് അകത്തളങ്ങൾ.  കൂടാതെ നല്ല വിശാലതയും അകത്തേക്ക് കയറിയാൽ അനുഭവപ്പെടും. വീടിന്റെ നാച്ചുറൽ തീമിനോട് ഇഴുകിച്ചേരുന്ന ഫർണീച്ചറുകളാണ് ഓരോ ഇടങ്ങളിലും വിന്യസിച്ചത്. നാച്ചുറൽ കോട്ട സ്റ്റോണിൻറെ തനിമയാണ് നിലം അലങ്കരിക്കുന്നത്.

fusion-home-kanjirappally-dine

നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് ഓരോ ഇടങ്ങളും വിന്യസിച്ചത്. 350 ചതുരശ്രയടിയോളം നടുമുറ്റത്തിനായി മാറ്റിവച്ചു. പുറത്തുള്ള പ്രകൃതിയുടെ ഒരു പരിഛേദം ഉള്ളിൽ നിറച്ചിരിക്കുകയാണ്. സ്‌കൈലൈറ്റ് സീലിങ്ങിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

fusion-home-kanjirappally-court

ഇൻഡോർ പ്ലാന്റുകളും പെബിൾസും നടുമുറ്റം അലങ്കരിക്കുന്നു. നടുമുറ്റത്തിന്റെ മേൽക്കൂരയിലൂടെയും ഗ്ലാസ് ജാലകങ്ങളിലൂടെയും ധാരാളം സ്വാഭാവിക പ്രകാശവും കാറ്റും ഉള്ളിലേക്കെത്തുന്നു. അതിനാൽ പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട ആവശ്യമില്ല.

fusion-home-kanjirappally-courtyard

വിശാലതയാണ് കിടപ്പുമുറികളുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം മുറികളിൽ സജീകരിച്ചു.

fusion-home-kanjirappally-bed

തേക്ക്+ സ്‌റ്റെയിൻലെസ്സ് സ്റ്റീൽ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. സമീപം നല്ല ഫങ്ഷനാലിറ്റി പ്രദാനം ചെയ്ത് വർക്കേരിയയുമുണ്ട്.

fusion-home-kanjirappally-kitchen

പരിസ്ഥിതി സൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. വീട്ടിലെ ഊർജ ആവശ്യങ്ങളുടെ ഭൂരിഭാഗവും പുരപുരത്തെ സോളർ പ്ലാന്റിലൂടെ ലഭിക്കുന്നു. പുരപ്പുറത്ത് വീഴുന്ന വെള്ളം പാത്തികളിലൂടെ മഴവെള്ള സംഭരണിയിൽ എത്തിച്ച് കിണർ റീചാർജും ചെയ്യുന്നുണ്ട്. കൂടാതെ മാലിന്യസംസ്കരണത്തിനു ഓട്ടമേറ്റഡ് സംവിധാനവുമുണ്ട്.

fusion-home-kanjirappally

ആർക്കിടെക്ട് എം.എം ജോസ് ഇവരുടെ ബന്ധുകൂടിയാണ്. അതിനാൽ ആശയവിനിമയങ്ങൾ കൂടുതൽ ഫലപ്രദമായി എന്ന് വീട്ടുകാർ പറയുന്നു. നാട്ടിൽ തങ്ങൾ ആഗ്രഹിച്ച പോലെയൊരു സ്വപ്നക്കൂട് സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

 

Project facts

Location- Kanjirappally

Area- 3200 SFT

Owner- Koshy George, Jasmin

Architect- MM Jose

Mindscape Architects, Pala

Ph- 04822 213 970

Y.C-2020

ചിത്രങ്ങൾ- മനു ജോസ് ഫോട്ടോഗ്രഫി 

English Summary- Traditional Modern Home Kanjirappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com