ADVERTISEMENT

പഴമയുടെയും ,കേരളീയ മാതൃകയുടെയും ഉത്തമ ഉദാഹരണമാണ് തിരുവല്ലയിലെ കുമ്പനാട്ടുള്ള ഈ വീട്. മലയാളി മനസ്സിലെ നൊസ്റ്റാൽജിയയുടെ പ്രതിരൂപമായി ഈ ഇരുനില വീടിനെ കാണാം. ബിബി ജേക്കബ്, ബിനി ബിബി ദമ്പതികളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ഭവനം. ചുറ്റുവരാന്തയും, കടഞ്ഞെടുത്ത മരത്തൂണുകളും ചരിഞ്ഞ ഓടുമേഞ്ഞ മേൽക്കൂരയും കേരളീയ മാതൃകയിൽ മരത്തിൽ തീർത്ത ഹാൻഡ് റെയിലും വീടിനെ മനോഹരമായ ഒരു അനുഭവമാക്കുന്നു.

traditional-home-kumbanad-side

കൊച്ചിയിലെ ആർ പി ഡിസൈൻ സ്റ്റുഡിയോയിലെ രമേശൻ പൊതുവാൾ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. നമ്മുടെ വീട് എങ്ങനെ ആവണം എന്നതിനെക്കുറിച്ചു ബിബിക്കും ,ബിനിക്കും വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു. പഴയകാല ക്രിസ്ത്യൻ തറവാടുകളുടെ ഒരു പകർപ്പായിരിക്കണം അത് എന്നതായിരുന്നു ആദ്യത്തെ തീരുമാനം. വിശാലമായ ഒരേക്കർ പുരയിടത്തിനു മധ്യത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പഴയ രീതിയിലുള്ള പടിപ്പുരയും പുൽത്തകിടിയും തറകെട്ടിയ വൃക്ഷചുവടുകളും വരാന്തയിലേക്കു കയറുമ്പോഴുള്ള സോപാനവുമെല്ലാം വീടിനെ ഏറെ ആകർഷകമാക്കുന്നു.

traditional-home-kumbanad-varanda

മംഗലാപുരം മേച്ചിൽ ഓടുകളുടെ ഭംഗിയാണ് വീടിന്റെ മേൽക്കൂരയിൽ കാണുന്നത്. തൂണുകൾക്ക് റോസ് വുഡും മേൽക്കൂരയിലെ കഴുക്കോലുകൾക്ക് ആഞ്ഞിലിയുമാണ് ഉപയോഗിച്ചത്. കയറിച്ചെല്ലുമ്പോൾ ഉള്ള പൂമുഖവും മണിച്ചിത്രത്താഴ് പിടിപ്പിച്ച കിളിവാതിലോടുകൂടിയ പ്രധാന വാതിലും പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. വാസ്തുനിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഗൃഹം ഡിസൈൻ ചെയ്തിരിക്കുന്നത്. പടിഞ്ഞാറു ദർശനമായാണ് വീട്. പൂമുഖം മുതൽ  പിറകിൽ പുറത്തേക്കുള്ള വാതിൽവരെ ഒരു നേർരേഖയിലാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വീട്ടിൽ വായുസഞ്ചാരത്തിനു ഒരു പഞ്ഞവുമില്ല.

traditional-home-kumbanad-court

പൂമുഖത്തുനിന്നും ഫോർമൽ ലിവിങ്ങിലേക്കു നാം കടക്കുന്നു. അത് കഴിഞ്ഞു ഫാമിലി ലിവിങ്. പിന്നെ ഡൈനിങ്ങ് റൂമും അതിനോട് ചേർന്ന് അടുക്കളയും വർക്ക് ഏരിയയും. മുകളിലത്തെ നിലയിൽ ഒരു ഹോം തിയറ്ററും നീണ്ട ഒരു വരാന്തയും സജ്ജീകരിച്ചു.

traditional-home-kumbanad-interior

ഡൈനിങ്ങ് റൂമിനു ചുറ്റുമായി നാല് ബെഡ്റൂമുകൾ. എല്ലാം ബാത്ത് അറ്റാച്ഡ്. കിടപ്പുമുറികൾ എല്ലാം താഴത്തെ നിലയിൽ ഒരുക്കിയത്, അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാകാനും ഹൃദ്യമായ ബന്ധം നിലനിർത്താനും സഹായകരമാകുന്നു. കിടപ്പുമുറികളിൽ  ബിൽറ്റ്- ഇൻ വാർഡ്രോബിനു പകരം പഴയ മട്ടിലുള്ള മരഅലമാരകൾ സജ്ജീകരിച്ചു.

traditional-home-kumbanad-bed

കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരുന്ന രീതിയിലാണ് ജനാലകളുടെ ക്രമീകരണം. ജനാലകൾ പഴയ രീതിയിൽ പണിഞ്ഞിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള നടുമുറ്റത്തിൽ നിന്നും മാറി, ഒരുവശം ചേർന്നാണ് ഇവിടെ കോർട്യാർഡ്  ചെയ്തിട്ടുള്ളത്. ലിവിങ്ങിനും ഡൈനിങ്ങ് റൂമിനും ഇടയിലാണ് ഇതിന്റെ സ്ഥാനം.

traditional-home-kumbanad-hall

കോർട്യാർഡിൽ വച്ചിരിക്കുന്ന ചെടികൾ കാഴ്ചയിൽ കുളിർമ പ്രദാനം ചെയ്യുന്നു. സ്റ്റോൺ ക്ലാഡ് ചെയ്ത ചുമരും അതിൽ പിടിപ്പിച്ച പഴയ ഒരു വുഡ് വർക്കും കോർട്യാർഡിനെ മനോഹരമാക്കുന്നു. കോർട്യാർഡിനു എതിർവശത്തായി തേക്കു മരത്തിൽ പണിത സ്‌റ്റെയർകേസ് . 

traditional-home-kumbanad-courtyard

അകത്തളത്തിലേക്കു വരുമ്പോൾ പഴമയ്‌ക്കൊപ്പം അൽപം പുതുമയും കാണാം ഡിസൈനിങ്ങിൽ. കൊളോണിയൽ മാതൃകയിലുള്ള ഫർണിച്ചർ, തികച്ചും മോഡേൺ ആയ അടുക്കള എന്നിവയോടൊപ്പം പഴയ രീതിയിൽ മരത്തിന്റെ മച്ചുകൾ ഉള്ള കിടപ്പുമുറികൾ സുഖകരമായ വിശ്രമം പ്രദാനം ചെയ്യുന്നു.

traditional-home-kumbanad-kitchen

പഴമയുടെയും പുതുമയുടെയും  ഒരു കോംബിനേഷൻ ഈ വീടിന്റെ ഇന്റീരിയർ മനോഹരമാക്കിയിരിക്കുന്നു. 

BIPI PLANS FOR MANORAMA ONLINE-Model

ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പഴയൊരു കാലത്തിൽ നിന്നും ഇറങ്ങി വരുന്ന പോലുള്ള  ഒരു അനുഭവമാണ് നമുക്കുണ്ടാവുന്നത്. ഗൾഫിൽ ഹോട്ടൽ ബിസിനസ് ചെയ്യുന്ന ബിബിയുടെയും ബിനിയുടെയും സ്വപ്നവും അതുതന്നെ ആയിരുന്നിരിക്കണം.

BIPI PLANS FOR MANORAMA ONLINE-Model

Project facts

Location-Kumbanad, Tiruvalla

Plot- 1 Acre

Area- 4400 SFT

Owner- Biby Jacob

Design- Ramesh Pothuval

RP Design Studio, Kochi

Mob- 98460 32090

Y.C- 2020

English Summary- Traditional Kerala House Plan; Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com