ചെറിയ പ്ലോട്ടുകളിൽ ഒരു ശരാശരി വീടുപണിയുക എന്നതുതന്നെ തലവേദന പിടിച്ച കാര്യമാണ്. അപ്പോൾ വെറും 5 സെന്റിൽ കൊളോണിയൽ മാതൃകയിൽ ഒരു സൂപ്പർ വീടുപണിത കഥ കേട്ടാലോ!
തൃശൂർ മൂന്നുപീടികയിലാണ് പ്രവാസി നിസാറിന്റെയും കുടുംബത്തിന്റെയും 'മൊഹബത്ത്' എന്ന ഈ പുത്തൻ വീട്. സാധാരണ ചെറിയ പ്ലോട്ടുകളിൽ ഫ്ലാറ്റ്- ബോക്സ് വീടുകളാണ് പണിയാനെളുപ്പം. എന്നാൽ ഇവിടെ ഫ്ലാറ്റ്- സ്ലോപ് മേൽക്കൂരകൾ ഇടകലർന്ന കൊളോണിയൽ മാതൃക തന്നെ പിന്തുടർന്നു. വൈറ്റ്+ ഗ്രേ തീമിലാണ് പുറത്തെ നിറക്കാഴ്ച. പുറംഭിത്തി പ്ലാസ്റ്ററിങ് ചെയ്ത ഗ്രൂവുകൾ കൊടുത്ത ശേഷം ടെക്സ്ചർ പെയിന്റ് അടിക്കുകയായിരുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവ താഴത്തെ നിലയിൽ ഒരുക്കി. മുകളിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, മൾട്ടി യൂട്ടിലിറ്റി സ്പേസ്, ബാൽക്കണി എന്നിവയും ക്രമീകരിച്ചു. 1850 ചതുരശ്രയടിയാണ് വിസ്തീർണം.

സ്ഥലം ഒട്ടും പാഴാക്കാതെ മെറ്റൽ ഫ്രയിമിൽ പോളികാർബണേറ്റ് ഗ്ലാസ് വിരിച്ചാണ് ഒതുങ്ങിയ പോർച്ച് നിർമിച്ചത്.
ഫർണിച്ചറുകൾ അകത്തളവുമായി ഇഴുകിചേരുംവിധം മനോഹരമായി കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സിറ്റൗട്ട്, സ്റ്റെയർ എന്നിവിടങ്ങളിൽ ഗ്രാനൈറ്റ് വിരിച്ചു.

സ്റ്റെയറിനടിയിൽ വാഷ് ബേസിൻ കൊടുത്ത് സ്ഥലം ഉപയുക്തമാക്കി. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. ഇടയിലുള്ള സെർവിങ് കൗണ്ടർ, ബ്രേക്ക് ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം. അടുക്കളക്കാര്യങ്ങൾ ചെയ്തുകൊണ്ടുതന്നെ കുട്ടികളുടെ പഠനവും മറ്റും മേൽനോട്ടം നടത്തം എന്ന ഗുണവുമുണ്ട്.

മെറൂൺ കളർ തീമിലാണ് മോഡേൺ കിച്ചൻ. ഗ്ലോസി ഫിനിഷ് മൈക്ക ലാമിനേറ്റാണ് ക്യാബിനറ്റുകൾക്ക് ഉപയോഗിച്ചത്. കൗണ്ടറിൽ ഐബിസ് എന്ന വൈറ്റ് ഗ്രാനൈറ്റ് ടൈൽ വിരിച്ചു.കറ പിടിക്കില്ല, ഈടുനിൽക്കും തുടങ്ങിയ ഗുണങ്ങളുണ്ടിതിന്.

വീട്ടുകാരിക്ക് ക്രാഫ്റ്റ് വർക്കുകൾ ഹോബിയാണ്. ഇതിനുവേണ്ടി ഒരു സ്ഥലം തനിക്ക് മാറ്റിനൽകണമെന്നു അവർ പറഞ്ഞിരുന്നു. അങ്ങനെ മുകൾനിലയിൽ മൾട്ടി യൂട്ടിലിറ്റി സ്പേസായി ഈ ഇടം ക്രമീകരിച്ചു.

കുട്ടികളുടെ കിടപ്പുമുറി അവർക്കിഷ്ടമുള്ള വർണങ്ങൾ ചാലിച്ചാണ് ഒരുക്കിയത്. മാസ്റ്റർ ബെഡ്റൂം ബ്ലൂയിഷ് ഗ്രീൻ ടെക്സ്ചർ തീമിലാണ്. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

നിയമാനുസൃതമുള്ള സെറ്റ് ബാക്ക് എല്ലാം വിട്ടിട്ടും, വീട്ടുകാരുടെ ആവശ്യങ്ങൾക്കുള്ള സ്ഥലം ഇവിടെ ബാക്കിയാകുന്നു എന്നതാണ് രൂപകൽപനയിലെ മാജിക്.
വെറും 9 മാസം കൊണ്ട് പണിതീർത്തു താക്കോൽ കയ്യിൽ കൊടുത്തു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 48 ലക്ഷം രൂപയാണ് ചെലവായത്. രണ്ടു മാസം മുൻപ് ഡിസംബറിലായിരുന്നു പാലുകാച്ചൽ. പ്രവാസി ഗൃഹനാഥനും പുതിയ വീടിന്റെ സന്തോഷത്തിലേക്ക് ചേക്കേറാൻ എത്തിയിരുന്നു.

Project facts

Location- Moonupeedika, Thrissur
Plot- 5 cent
Area- 1850 SFT
Owner- Nizar Kareem
Design- DelArch Architects & Interiors
Mob- 9072848244
Y.C- Dec 2020
English Summary- Kerala House Plans, Cost Effective Home Plan Malayalam