ADVERTISEMENT

'മലബാറിലെ ഊട്ടി' എന്നാണ് കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിപ്രദേശമായ കക്കാടംപൊയ്യിൽ അറിയപ്പെടുന്നത്. മലബാർ പ്രദേശത്ത് ഏറ്റവും തണുപ്പുള്ള പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നായതു കൊണ്ടാണ് ഈ വിശേഷണം. സമീപകാലത്താണ് ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പുറംലോകമറിഞ്ഞത്. 

കോടമഞ്ഞും മലകളും അരുവിയും പച്ചപ്പുമെല്ലാം നിറയുന്ന കക്കാടംപൊയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നിലമ്പൂർ എടക്കര സ്വദേശി, ബാവാ കാരാടൻ സ്വയം രൂപകൽപന ചെയ്തു നിർമിച്ചതാണ് ഈ വീട്. ഒരു വീക്കെൻഡ് ഹോം എന്ന നിലയ്ക്കാണ് ഇത് പണിതത്. ഒപ്പം ഇവിടെയെത്തുന്ന സഞ്ചാരികൾക്കും കുടുംബത്തിനും വാടകയ്ക്ക് താമസിക്കാൻ നൽകാനും പദ്ധതിയുണ്ട്. 

weekend-home-kakkadampoyil-yard

ഞാൻ, കോഴിക്കോട്  ലൂബ്രിക്കന്റ് ബിസിനസ് മേഖലയിലാണ്  പ്രവർത്തിക്കുന്നത്. പക്ഷേ എനിക്ക് വീട് ഇഷ്ടമുള്ള വിഷയമാണ്. മനോരമഓൺലൈൻ വീട് പതിവായി വായിക്കുകയും നല്ല വീടുകളും ആശയങ്ങളും സ്വരുക്കൂട്ടി വയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് സ്വയമായി ഈ വീട് രൂപകൽപന ചെയ്യാനുള്ള ആത്മവിശ്വാസമായത്. നേരത്തെ തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും സമാന ആശയത്തിൽ ഒരു വീട് നിർമിച്ചിരുന്നു. പക്ഷേ മൃഗങ്ങളുടെ ശല്യവും മോശം കാലാവസ്ഥയും പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു. ബാവാ പറയുന്നു.

weekend-home-kakkadampoyil-dine

കക്കാടംപൊയ്യിലിൽ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണിത്. അതിനാൽ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാം. ചുറ്റുപാടുമുള്ള പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെയാണ് നിർമാണം. നിരപ്പായും ചരിച്ചും വാർത്ത മേൽക്കൂരകളാണ് പുറംകാഴ്ചയിലെ സവിശേഷത. 

weekend-home-kakkadampoyil-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ,ബാൽക്കണി എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിനു ഇരുവശത്തും പുറത്തെ  കാഴ്ചകൾ കണ്ടിരിക്കാൻ പാകത്തിൽ നീളൻ സിറ്റൗട്ട് കൊടുത്തിട്ടുണ്ട്. വീടിന്റെ ബാൽക്കണിയിലെ റൂഫ്‌ടോപ്പിലും ഇൻഡസ്ട്രിയൽ വർക്ക് ചെയ്തു ബാൽക്കണി കൊടുത്തു. ഇവിടെ നിന്നാൽ കോടമഞ്ഞു നമ്മെ തഴുകിക്കടന്നുപോകും.

weekend-home-kakkadampoyil-balcony

മിക്കപ്പോഴും കോടമഞ്ഞിറങ്ങുന്ന ഈർപ്പമുള്ള പ്രദേശത്തിന്റെ സ്വഭാവം കൂടി പരിഗണിച്ചാണ് വീടിന്റെ രൂപവും സവിശേഷതകളും രൂപപ്പെടുത്തിയത്. അതിനാൽ തടി ഉരുപ്പടികൾ പരമാവധി ഒഴിവാക്കി. ജിഐ, അലുമിനിയം തുടങ്ങിയവയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ഈർപ്പത്തിന്റെ പ്രശ്ങ്ങൾ ഒഴിവാക്കാൻ അലുമിനിയം ഫാബ്രിക്കേഷനിൽ കിച്ചൻ ഒരുക്കി. വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്.

weekend-home-kakkadampoyil-kitchen

ലാൻഡ്സ്കേപ് ഒരുക്കാൻ ആദ്യം മറ്റൊരാളെ സമീപിച്ചെങ്കിലും ഉയർന്ന ബജറ്റ് കേട്ട് ഞങ്ങൾ പിന്മാറി. എന്നിട്ട് ഞങ്ങൾ തന്നെ ഉള്ള അറിവുകൾ വച്ചൊരെണ്ണം ഒരുക്കി. ചെലവ് 50000 രൂപയിൽ ഒതുങ്ങി. കുട്ടികൾക്ക് കളിക്കാനും കുടുംബങ്ങൾക്ക് ഒരുമിച്ചു സമയം ചെലവഴിക്കാനുമുള്ള ഇടങ്ങൾ ഇവിടെയുണ്ട്. 

weekend-home-kakkadampoyil-sitout

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 40 ലക്ഷം രൂപ ചെലവായി. ഉയർന്ന പ്രദേശത്തേക്ക് നിർമാണസാമഗ്രികൾ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ബജറ്റ് അൽപം അധികരിച്ചത്. എങ്കിലും സ്വയം ഒരു വീക്കെൻഡ് ഹോം ഒരുക്കിയതിന്റെ ത്രില്ലിലാണ് ബാവയും കുടുംബവും. ഇളയമകൻ മുന്നയുടെ പേരാണ് വീടിന് നൽകിയിരിക്കുന്നത്. അങ്ങനെ 'മുന്നാസ് ഗസ്റ്റ് ഹൗസ്' വാരാന്ത്യങ്ങളിൽ ഇവിടെയെത്തുന്ന കുടുംബത്തെയും സഞ്ചാരികളെയും കാത്ത് വീട് തണുപ്പിൽ മയങ്ങി നിലകൊള്ളുന്നു.

weekend-home-kakkadampoyil-bed

 

Project facts

Location- Kakkadampoyil, Calicut

Plot- 50 cent

Area- 1700 SFT

Owner & Design- Bava Karadan

Mob- 97476 10000

Y.C-2021

Budget- 40 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Munnas Guest House kakkadampoyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com