ADVERTISEMENT

പ്രവാസിയായ മനോജ് കുമാറും കുടുംബവും കോട്ടയം കഞ്ഞിക്കുഴിയിൽ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടിരുന്നു. അതിനെ കാലോചിതമായി അലങ്കരിച്ച കഥയാണിത്. കോട്ടയത്ത് ഹെവൻസ് ഇന്റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തുന്ന ഡിസൈനർ രാജേഷിനെയാണ് മനോജ് പണി ഏൽപിച്ചത്. അതിനുശേഷം ഒരു ഡിമാൻഡും വച്ചു: വിദേശത്ത് നല്ല തിരക്കുള്ള ജോലിയാണ്. അതുകൊണ്ട് പണിസംബന്ധമായി ബുദ്ധിമുട്ടിക്കരുത്. കാര്യങ്ങൾ എല്ലാം നോക്കിയും കണ്ടും ചെയ്തേക്കണം... 

തന്നിൽ അർപ്പിച്ച വിശ്വാസവും നൽകിയ സ്വാതന്ത്ര്യവും രാജേഷ് വിശ്വസ്തതയോടെ ഉപയോഗിച്ചു. അങ്ങനെ രണ്ടു മാസം കൊണ്ട് വീട്ടുകാർ മനസ്സിൽ കണ്ടതിലും മികച്ച രീതിയിൽ ഫ്ലാറ്റ് അണിഞ്ഞൊരുങ്ങി.

ഇന്റീരിയറിന്റെ കാര്യത്തിൽ രണ്ടാവശ്യങ്ങളും വീട്ടുകാർ വച്ചിരുന്നു. ഒന്ന്, കിച്ചൻ ബ്ലൂ തീമിലാകണം. രണ്ട്, മകളുടെ  കിടപ്പുമുറി പിങ്ക് തീമിൽ ഒരുക്കണം. ഇതുരണ്ടും ഡിസൈനർ പ്രവർത്തികമാക്കിയിട്ടുണ്ട്. ഭാവിയിൽ നിലവിലുള്ള ഡിസൈൻ മടുക്കുകയാണെങ്കിൽ അനായാസം തീം മാറ്റാൻ കഴിയുംവിധമാണ് ഇന്റീരിയർ ഒരുക്കിയത്. അതിനായി വോൾപേപ്പറുകളാണ് ഇടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിച്ചത്. ഭാവിയിൽ തീം മാറ്റണമെങ്കിൽ അനായാസം ഇളക്കിമാറ്റി മറ്റൊരു തീം കൊടുക്കാം എന്ന ഗുണവുമുണ്ട്.

kanjikuzhy-flat-interior

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ്  2500 ചതുരശ്രയടിയിൽ ഉള്ളത്. സെമി- ശൈലിയിൽ ഇടങ്ങൾ വേർതിരിച്ചത് പരമാവധി വിശാലത തോന്നിപ്പിക്കുന്നുണ്ട്. 

ഫർണിച്ചറുകളും ലൈറ്റുകളും ഇന്റീരിയർ തീമിനോട് ഇഴുകിചേരുംവിധം കസ്റ്റമൈസ് ചെയ്തതാണ്. വുഡൻ ഫിനിഷുള്ള ജിപ്സം ബോർഡാണ് സീലിങ്ങിൽ വിരിച്ചത്. ഇതിനിടയിൽ ലൈറ്റുകളും വിന്യസിച്ചു. ഇത് ഇന്റീരിയർ പ്രസന്നമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

kanjikuzhy-flat-hall

ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് മറൈൻ പ്ലൈവുഡിൽ തീർത്ത ഷെൽഫാണ്. ഇതിൽ ക്യൂരിയോസ് വച്ച് അലങ്കരിച്ചു. ഗസ്റ്റ് ലിവിങ്ങിൽ നിലത്ത് വുഡൻ ഫിനിഷ്ഡ് ടൈൽ വിരിച്ചു വേർതിരിവ് പ്രകടമാക്കിയിട്ടുണ്ട്. 

kanjikuzhy-flat-living-dine

സ്ഥലം പാഴാക്കാതെ ഒരു വശം ബെഞ്ച് സീറ്റിങ്ങുള്ള ഊണുമേശയാണ് സജ്ജീകരിച്ചത്. വുഡൻ ഫ്രയിമിൽ തീർത്ത മേശയ്ക്ക് ഗ്ലാസ് ടോപ് കൊടുത്തു.

വീട്ടുകാരിയുടെ ആവശ്യം പോലെ നീല നിറത്തിന്റെ പ്രസരിപ്പിൽ മോഡുലാർ കിച്ചൻ. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. അവ്ൻ, ഫ്രിഡ്ജ്, ഗ്രിൽ എന്നിവ ഇൻബിൽറ്റായി ഒരുക്കി എന്നതും സവിശേഷതയാണ്.

kanjikuzhy-flat-living-kitchen

സ്‌റ്റോറേജിന്‌ പ്രാധാന്യം കൊടുത്താണ് മൂന്നു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്.  മകളുടെ കിടപ്പുമുറി ആഗ്രഹം  പോലെ പിങ്ക് തീമിലാണ്. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞു മകൾ വലുതാകുമ്പോൾ അനായാസം തീം മാറ്റുകയും ചെയ്യാം. മാസ്റ്റർ ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം എന്നിവയിൽ ഫുൾ ലെങ്ത് വാഡ്രോബുകൾ കൊടുത്തു. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് വാഡ്രോബുകൾ. രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്‌റൂമുമുണ്ട്.

kanjikuzhy-flat-living-bed

വിദേശത്തിരുന്നു വാട്സാപ്പും ഇ-മെയിലും വഴിയായിരുന്നു വീട്ടുകാർ പണി വിലയിരുത്തിയത്. ഫർണിഷിങ് പൂർത്തിയായശേഷം നാട്ടിലെത്തി കുറച്ചു മാസങ്ങൾ താമസിക്കുകയും ചെയ്തു. ചുരുക്കത്തിൽ തങ്ങൾ ആഗ്രഹിച്ചതിലും ഒരുപടി മുന്നിൽ രാജേഷ്, ഫ്ലാറ്റ് ഒരുക്കിനൽകി എന്നാണ് വീട്ടുകാരുടെ സന്തോഷത്തോടെയുള്ള അഭിപ്രായം.

 

Project facts

Location- Kanjikuzhy, Kottayam

Area- 2500 SFT

Owner- Manoj Kumar

Designer- Rajesh. S

Heavens Interior Design, Kottayam

Mob- 9895929663

Y.C- 2020

English Summary- Flat Interior Design Kerala, Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com