ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുടയാണ് ആർട്ടിസ്റ്റും മേക്കപ്പ്മാനുമായ ബാബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഇരിങ്ങാലക്കുടയിൽ തറവാടുവീട് ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാത്തതിനാൽ വർഷങ്ങളായി ബാബുവും കുടുംബവും വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വന്തം നാട്ടിൽ തന്നെ വാടകക്കാരനായി കഴിയേണ്ടി വരുന്നതിന്റെ അസ്വസ്ഥതയും മടുപ്പുമായിട്ടാണ് അവർ കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലിനെ സമീപിക്കുന്നത്.

ചെറിയ ബജറ്റിൽ കയറിക്കിടക്കാൻ സുഖമുള്ള ഒരു ചെറുവീട് എന്ന ആവശ്യമാണ് അവർ മുന്നോട്ടുവച്ചത്. നിരവധി ബജറ്റ് വീടുകൾ നിർമിച്ചു പരിചയമുള്ള ശാന്തിലാൽ അവരുടെ ആഗ്രഹം സഫലമാക്കി നൽകി. ലളിതമായ ജീവിത രീതി പിന്തുടരുന്നവരാണ് വീട്ടുകാർ. ആ ലാളിത്യം വീടിനും ലഭിച്ചിട്ടുണ്ട്. 

budget-home-thrissur

പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചു ഭിത്തി കെട്ടി. പുറംഭിത്തികൾ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി. മേൽക്കൂര ഫില്ലർ സ്ലാബ് ശൈലിയിൽ ഓടു വച്ചുവാർത്തു. കാർ പോർച്ച്, വീടുപണിതശേഷം, വശത്തായി ജിഐ ഷീറ്റിട്ടു നിർമിച്ചു. സിറ്റൗട്ടിൽ ഇൻബിൽറ്റ് ചാരുപടികൾ നിർമിച്ചു. മുറ്റം സ്വാഭാവികമായി നിലനിർത്തി. മതിൽ അടച്ചുകെട്ടിയില്ല. പകരം ഉയരം കുറച്ചു പണിതു. മതിലിൽ മുളങ്കമ്പുകൾ നിരത്തിവച്ച പോലെ തോന്നുന്നത് യഥാർഥത്തിൽ കോൺക്രീറ്റ് കൊണ്ടുള്ള വീട്ടുകാരന്റെ കലാസൃഷ്ടിയാണ്.

budget-home-thrissur-view

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ക്രിയേറ്റീവ് സ്‌പേസ് എന്നിവയാണ് 1100 ചതുരശ്രയടിയിൽ വിന്യസിച്ചത്. തുറന്ന നയത്തിൽ അകത്തളങ്ങൾ വിന്യസിച്ചു. ഇതുവഴി പരമാവധി സ്ഥലഉപയുക്തത നിലനിർത്തി. പ്രധാനവാതിൽ തുറന്നാൽ വശത്തായി സ്വീകരണമുറി ഒരുക്കി. ഇവിടെനിന്നും പ്രധാന ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെയാണ് ഊണുമുറിയും കോർട്യാർഡും. 

budget-home-thrissur-sitout

ബാബു ഒരു സകലകലാവല്ലഭനാണ്. നന്നായി വരയ്ക്കും, പെയിന്റ് ചെയ്യും, ക്രാഫ്റ്റുകൾ ഉണ്ടാക്കും. അതുകൊണ്ടുതന്നെ ബാബുവിന്റെ കലാചാരുതയിൽ വിരിഞ്ഞ കലാസൃഷ്ടികളാണ് വീടിനകം അലങ്കരിക്കുന്നത്. ഭാര്യ ബ്യൂട്ടിഷ്യനാണ്. ഇരുവർക്കും തങ്ങളുടെ ജോലികൾ വീട്ടിൽ ഇരുന്നു നിർവഹിക്കാനായി ഒരിടം പ്രത്യേകം വേർതിരിച്ചിട്ടുണ്ട് . 

budget-home-thrissur-living

കോർട്യാർഡാണ് ഉള്ളിലെ ശ്രദ്ധാകേന്ദ്രം. മഴയും വെയിലും ഉള്ളിലെത്തുംവിധം തുറന്ന മേൽക്കൂരയാണിവിടെ. വെള്ളം സംഭരിക്കാനും ഡ്രെയിൻ ഔട്ട് ചെയ്യാനും സൗകര്യമുള്ള ഒരു വാട്ടർബോഡിയും കോർട്യാർഡിലുണ്ട്. ഇവിടെ ഗണപതിയുടെ മനോഹരമായ ഒരു മ്യൂറൽ പെയിന്റിങ് കാണാം. ഒപ്പം ചുവരിൽ കഥകളിയുടെ ക്യൂരിയോയും. ഇതുരണ്ടും വീട്ടുകാരന്റെ കലാസൃഷ്ടിയാണ്. ഇവിടെ ഒരു ആട്ടുകട്ടിൽ കൊടുത്തു. ഇവിടെയുള്ള രണ്ടു തൂണുകളിലും കയർ വരിഞ്ഞിട്ടുണ്ട്. ഇതുവഴി തൂണുകൾ പ്ലാസ്റ്റർ ചെയ്യാനുള്ള അധികച്ചെലവും ലഭിച്ചു.

budget-home-thrissur-court

അതീവ ലളിതമാണ് കിടപ്പുമുറികൾ. ഒരു കിടപ്പുമുറിക്ക് അറ്റാച്ഡ് ബാത്റൂം കൊടുത്തു. ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു. അടുക്കളയും സമാനമായി കയ്യൊതുക്കത്തിലാണ് രൂപകൽപന ചെയ്തത്. 

budget-home-thrissur-bed

വീടിന്റെ ഏറ്റവും വലിയ സവിശേഷത നട്ടുച്ചയ്ക്ക് പോലും ഉള്ളിൽ നിറയുന്ന സുഖകരമായ തണുപ്പാണ്. പകൽസമയത്ത് ലൈറ്റോ ഫാനോ സാധാരണഗതിയിൽ ഇവിടെ ആവശ്യമില്ല. അതിനാൽ കറണ്ട് ബില്ലിലും നല്ലൊരു തുക ലാഭം.

budget-home-thrissur-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ചെലവായത് വെറും 14 ലക്ഷം രൂപ മാത്രമാണ്. അനാവശ്യ ഷോ ഓഫിനായി അധ്വാനിച്ചു സമ്പാദിച്ച ലക്ഷങ്ങൾ ധൂർത്തടിക്കുന്ന മലയാളികൾ, ഇങ്ങനെയും അനുകരണീയ ഭവന മാതൃകകൾ കേരളത്തിലുണ്ട് എന്ന് മനസ്സിലാക്കണം. നിർമാണച്ചെലവുകൾ കുത്തനെ വർധിക്കുന്ന ഇന്നത്തെക്കാലത്തും പ്രകൃതിസൗഹൃദമായി വീടുപണിയെ സമീപിച്ചാൽ ചെലവ് കുറയ്ക്കാമെന്നു ഈ സുന്ദരഭവനം തെളിയിക്കുന്നു.

 

ചെലവ് കുറച്ചത്...

  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഭിത്തി കെട്ടാനുപയോഗിച്ചു. 
  • മേൽക്കൂര ഓടു വച്ചു വാർത്തു. പഴയ ഓട് പുനരുപയോഗിച്ചു.
  • പുറംഭിത്തി തേക്കാതെ നിലനിർത്തി. അകംഭിത്തികൾ മഡ് പ്ലാസ്റ്ററിങ് ചെയ്തു.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പഴയ തടിയുരുപ്പടികൾ പുനരുപയോഗിച്ചു.
14-lakh-home-plan

 

Project facts

Location- Iringalakuda, Thrissur

Plot- 10 cent

Area- 1100 SFT

Owner- Babu

Design- ShanthiLal

Cosftord, Thriprayar

Mob- 9747538500

Y. C- 2020

Budget- 14 Lakhs

English  Summary- Kerala Home, Low Cost House Malayalam; Home Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com