ADVERTISEMENT

ഒരു ലക്ഷണമൊത്ത ഗ്രീൻ ഹോമിന് ഉദാഹരണമാണ് കോഴിക്കോട് വിമാനത്താവളത്തിനുസമീപം സ്ഥിതിചെയ്യുന്ന മുസ്തഫ മൊയ്‌ദുവിന്റെ വീട്. പച്ചപ്പട്ടുടുത്ത വയലേലകളും തെങ്ങിൻതോപ്പുകളും അതിരിടുന്ന 50 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. വീട്ടിലേക്കാവശ്യമായ വൈദ്യുതി പൂർണമായും സോളർ പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്നു. പുരപ്പുറത്ത് വീഴുന്ന വെള്ളം മുഴുവൻ മഴവെള്ളസംഭരണിയിൽ ശേഖരിച്ച് കിണർ റീചാർജിങും ചെയ്യുന്നു. അടുക്കളയിൽ നിന്നുള്ള ജൈവ അവശിഷ്ടങ്ങൾ മുഴുവൻ ബയോഗ്യാസ് പ്ലാന്റിൽ പാചകവാതകമായും മാറുന്നു. വീടിനുള്ളിൽ പകൽ ലൈറ്റും ഫാനുമൊന്നും ഇടേണ്ട കാര്യമില്ല. സോളറിൽ പ്രവർത്തിക്കുന്നതുകൊണ്ട് കറണ്ട് ബില്ലിനെയും പേടിക്കേണ്ട.

green-home-exterior

പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി കെട്ടിയത്. ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. വെള്ള നിറത്തിനെ ഹൈലൈറ്റ് ചെയ്യാൻ ഫണ്ടർമാക്സ് പാനലുകളും ജാളി ബ്രിക്കും പുറംഭിത്തിയിൽ കൊടുത്തിട്ടുണ്ട്. പ്ലോട്ടിലുണ്ടായിരുന്ന തെങ്ങുകൾ പരമാവധി സംരക്ഷിച്ചാണ് വീടുപണിതത് എന്നത് കാഴ്ചയിൽ വ്യക്തമാണ്. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ് വീട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു ബാത്ത് അറ്റാച്ഡ് കിടപ്പുമുറികൾ, ഹോം തിയറ്റർ, അപ്പർ  ലിവിങ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. 

green-home-living

വുഡൻ- വൈറ്റ് തീമിലാണ് ഇന്റീരിയർ തീം. ഫർണിഷിങ്ങിനു കൂടുതലും തേക്കും പിൻകോടയുമാണ് ഉപയോഗിച്ചത്. ഇന്ത്യൻ വൈറ്റ് മാർബിൾ, ഗ്രാനൈറ്റ്, വുഡൻ ഫ്ലോർ എന്നിവയാണ് ഉപയോഗിച്ചത്. തേക്കിൽ മെനഞ്ഞ പടവുകളും എംഎസിൽ ടഫൻഡ് ഗ്ലാസ് വിരിച്ച കൈവരികളുമാണ് സ്‌റ്റെയറിന്റെ ഹൈലൈറ്റ്. 

green-home-stair

ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്‌റ്റെയർകേസ്  എന്നിവ ഡബിൾ ഹൈറ്റിലുള്ള ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഗസ്റ്റ് ലിവിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോറിലൂടെ പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്കിറങ്ങാം. സമാനമായി ഡൈനിങ് ഏരിയയിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴിയും പുറത്തെ കാഴ്ചകളിലേക്കിറങ്ങാം.

green-home-dine

സ്‌റ്റെയറിനു കീഴെ ഫ്ലോർ നിരപ്പിൽ നിന്നും താഴെയാണ് ഫാമിലി ലിവിങ്. ഡബിൾ ഹൈറ്റ് സ്‌റ്റെയർ ഏരിയയിലാണ് കോർട്യാർഡ് വരുന്നത്. മേൽക്കൂരയിൽ സ്‌കൈലൈറ്റ് കൊടുത്തിട്ടുണ്ട്. താഴെ ഇലഞ്ഞിമരവും മുളയും കൊടുത്തു പച്ചപ്പ് നിറച്ചു.

സ്‌പേഷ്യസ് തീമിലാണ് കിടപ്പുമുറികൾ. ഹെഡ്‌സൈഡ് പാനലിങ്ങോ, മറ്റു അലങ്കാരപ്പണികളോ ഇവിടെയില്ല. എല്ലാ മുറികളുടെയും ഒരു ജാലകം പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്നു.

green-home-bed

ബ്ലാക്ക്- വൈറ്റ് തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ് വിരിച്ചു.

ഗോവണിയുടെ മുകളിലെ ഭിത്തിയിൽ ജാളികൾ കൊടുത്തിട്ടുണ്ട്. വയലിൽ നിന്നുള്ള കാറ്റ് ഇതിലൂടെയെത്തി തണുത്ത അകത്തേക്ക് പ്രവേശിക്കുന്നു. 

green-home-upper

പ്ലോട്ടിൽ നൂറുവർഷത്തോളം പഴക്കമുള്ള ഒരു കുളമുണ്ട്. ഇത് പുനരുദ്ധരിച്ചാണ് പറമ്പിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇവിടെയും വെട്ടുകല്ലുകൊണ്ട് പടവുകൾ നിർമിച്ചു.

green-home-pond

വൈവിധ്യമാർന്നതാണ് ലാൻഡ്സ്കേപ്. വെട്ടുകല്ല്, താന്തൂർ സ്‌റ്റോൺ, ബഫലോ ഗ്രാസ് എന്നിവയെല്ലാം ലാൻഡ്സ്കേപ്പിൽ ഹാജരുണ്ട്. ചുരുക്കത്തിൽ പ്രകൃതിയെ നോവിക്കാതെ ചങ്ങാത്തം കൂടുന്ന വിധം ഭവനം ഒരുക്കി എന്നതാണ് ഈ വീടിനെ കാലോചിതമായ ഒരു മാതൃകയാക്കിമാറ്റുന്നത്.

 

മാതൃകകൾ...

പറമ്പിന്റെ സ്വാഭാവികത നിലനിർത്തി. തെങ്ങുകൾ വെട്ടാതെ വീടിനു സ്ഥാനം കണ്ടു.

പഴയ ജലസ്രോതസ് മൂടാതെ പുനരുദ്ധരിച്ചു.

സോളർ പ്ലാന്റ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്

കാറ്റിനും വെളിച്ചത്തിനും പച്ചപ്പിനും പ്രാധാന്യം  നൽകിയുള്ള രൂപകൽപന 

 

 

Project facts

Location- Near Calicut Airport, Malappuram

Area- 3000 SFT

Plot- 50 cent

Owner- Mustafa Moidu

Designers- Safder Machilakath, Mohammed Shabeed, Muhammed Siyad MC, Safwam PM

Uru Consulting, Calicut

Mob- 9995539398

Y.C- 2019

English Summary- Eco friendly house plan Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com