ADVERTISEMENT

മലപ്പുറം വേങ്ങരയാണ് പ്രവാസിയായ രമേശ് ബാബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. രണ്ടു തട്ടായി കിടക്കുന്ന 15 സെന്റ് പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് ഇവിടെ വീടുപണിതത്. ഗൃഹനാഥൻ പ്രവാസിയായതിനാൽ വീടുപണി പൂർണമായും ഡിസൈനർക്ക് വിട്ടുകൊടുത്തു. ആ സ്വാതന്ത്ര്യത്തിന്റെ ഗുണം അകത്തളങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്. 

പ്ലോട്ടിന്റെ ആദ്യ തട്ടിൽ മണ്ണെടുത്ത് കാർ പോർച്ചാക്കി മാറ്റി. പ്രധാന ഗെയ്റ്റിൽ നിന്നും ഒരു ചെറിയ കയറ്റം കയറിവേണം സിറ്റൗട്ടിലെത്താൻ. റോഡിൽനിന്നും വീടിന്റെ ഭംഗി  തടസമില്ലാതെ ആസ്വദിക്കാൻ പാകത്തിൽ ഉയരം കുറഞ്ഞ ചുറ്റുമതിലാണ് നിർമിച്ചത്.

vengara-house-yard

പുറംകാഴ്ചയിൽ വളരെ ഒതുങ്ങിയ ഒരു കൊച്ചുവീട് എന്നേ തോന്നുകയുള്ളൂ. പക്ഷേ അകത്തേക്ക് കയറുമ്പോഴാണ് സർപ്രൈസ്. ഒട്ടും പ്രതീക്ഷിക്കാത്തവിധം വിശാലമാണ് അകത്തളങ്ങൾ. രണ്ടു ഫ്ലാറ്റ് ബോക്സുകളായിട്ടാണ് വീടിന്റെ എലിവേഷൻ. നടുക്കായി ഒരു ഷോവോളും കൊടുത്തു. ബ്രിക്ക് ക്ലാഡിങ്ങും വുഡൻ ക്ലാഡിങ്ങും പുറംഭിത്തികളിൽ പതിച്ചു ഭംഗിയാക്കി. ബാൽക്കണിയിൽ ജിഐ ലൂവറുകൾ കൊടുത്തു. ഇത് പുറംകാഴ്ചയിലെ ഭംഗിക്കൊപ്പം മുകൾനിലയിൽ കാറ്റുമെത്തിക്കുന്നു.

vengara-home-view

കാഴ്ച മറയ്ക്കാത്ത മെറ്റൽ ഗേറ്റാണ് സ്വാഗതമരുളുന്നത്. ഗെയ്റ്റിൽ നിന്നും സിറ്റൗട്ട് വരെയുള്ള ഡ്രൈവ്വേയിൽ താന്തൂർ സ്‌റ്റോൺ, കോബിൾ സ്‌റ്റോൺ എന്നിവ വിരിച്ചു. കുറച്ചിട ആർട്ടിഫിഷ്യൽ ഗ്രാസും നാച്ചുറൽ ഗ്രാസും ഇടകലർത്തിനൽകി.

vengara-house-living

പ്രധാനവാതിൽ തുറന്നു കയറിയാൽ ലിവിങ്- ഡൈനിങ്- കിച്ചൻ വിശാലമായ ഒറ്റ ഹാളായി ക്രമീകരിച്ചു.  മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. പ്ലൈ+ മൈക്ക ഫിനിഷിലാണ് ഫർണിഷിങ് കൂടുതലും. ഡൈനിങ്, അപ്പർ ലിവിങ് എന്നിവിടങ്ങളിൽ മാത്രമേ ഫോൾസ് സീലിങ്ങുള്ളൂ. ബാക്കിയിടത്തെല്ലാം പ്ലെയ്ൻ സ്ലാബ് സീലിങ് കൊടുത്തത് റസ്റ്റിക് ഭംഗി നിറയ്ക്കുന്നു.

vengara-home-dine

ഡൈനിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ തുറന്നാൽ ചെറിയ പൂൾ ഏരിയയിലേക്കാണ് പ്രവേശിക്കുക. ഇവിടെ പിന്നിലെ ഉയരംകൂട്ടിയ കോമ്പൗണ്ട് വാളാണ് സ്വകാര്യത തീർക്കുന്നത്. 

vengara-house-pool

ഗ്ലാസ് ഡോറിന്റെ വശത്തായി ടെറാക്കോട്ട ജാളി ഭിത്തിയുണ്ട്. ഇതുവഴി കുളിർകാറ്റെത്തി വീട്ടകം തണുപ്പിക്കുന്നു.

ഈ വീട്ടിലെ ഏറ്റവും മനോഹരമായ ഇടം, ഗോവണി കയറിയെത്തുന്ന ആദ്യ ലാൻഡിങ് ഏരിയയാണ്. ഇവിടെനിന്നും പൂളിലേക്ക് വ്യൂ കിട്ടുംവിധം മുഴുനീള ഗ്ലാസ് വിൻഡോ കൊടുത്തു. 

vengara-house-pool-view

നാച്ചുറൽ വുഡ് കൊണ്ടാണ് സ്‌റ്റെയർകേസ്. ഇതിനൊപ്പം മെറ്റൽ കൈവരികളും കൊടുത്തു. സ്‌റ്റെയറിന്റെ താഴെ പെബിൾ കോർട്യാർഡ് കൊടുത്തു. ഇതിലാണ് ജാളി ഭിത്തി വരുന്നത്. ഇവിടെ ഒരു ഇൻഡോർ പ്ലാന്റും കൊടുത്തു ഹരിതാഭ നിറച്ചു.

vengara-house-dine

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. സ്‌റ്റോറേജിന്‌ പ്രാധാന്യം കൊടുത്താണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇവിടെയുണ്ട്. ഇതിൽ കണ്ണാടി കൊടുത്തതോടെ മുറിക്ക് കൂടുതൽ വലുപ്പം തോന്നുന്നു. അറ്റാച്ഡ് ബാത്റൂമുകളും മുറികളിൽ ഒരുക്കി. ഹെഡ്‌സൈഡ് വോളിൽ മെറ്റൽ ഡിസൈനിൽ ആർട്ട്  വർക്കുകൾ കൊടുത്തത് ഭംഗിയായിട്ടുണ്ട്.

vengara-house-bed

പുതിയകാല സൗകര്യങ്ങൾ സമ്മേളിക്കുന്ന മോഡുലാർ കിച്ചൻ ഒരുക്കി. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. പാൻട്രി കൗണ്ടർ ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം. ഇവിടെ ഹൈ ചെയറുകളും കൊടുത്തു.

vengara-house-kitchen
vengara-home-counter

രണ്ടു വർഷം മുൻപാണ് പണി തുടങ്ങിയത്. ഇടയ്‌ക്കെത്തിയ കോവിഡ് കാലമാണ് പണി നീളാൻ ഇടയാക്കിയത്. വീടുപണിക്കിടയിൽ ഗൃഹനാഥൻ ഒരുതവണ മാത്രമേ നാട്ടിൽ വന്നിട്ടുള്ളൂ. ബാക്കി ഓരോ ഘട്ടങ്ങളും വാട്സ്ആപ് വഴിയാണ് കണ്ടു വിലയിരുത്തിയത്. പാലുകാച്ചലിന് നാട്ടിലെത്തിയപ്പോൾ, താൻ പ്രതീക്ഷിച്ചതിലും സുന്ദരമായ ഒരു വീട് ലഭിച്ചതിൽ ഗൃഹനാഥനും കുടുംബവും ഡബിൾഹാപ്പി.

 

Project facts

Location- Vengara, Malappuram

Plot- 15 cent

Area- 2500 SFT

Owner- Ramesh Babu, Sija

Designer- Riyas

Covo Design Studio

Mob- 9946607464

Y.C- Mar 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Best Designed House Plans Kerala; Veedu Malayalam Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com